2,000 കുടുംബങ്ങൾക്ക് ഭവന പദ്ധതിയുൾപ്പെടെ ജനകീയ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ഭരണസമിതിയുടെ ആദ്യ ബജറ്റ്. അടിസ്ഥാന സൗകര്യ വികസനവും നഗരവാസികളുടെ സുരക്ഷയും ഉറപ്പ് നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഇടംപിടിച്ചത്.
18 വയസ് കഴിഞ്ഞ മുഴുവൻ പേർക്കും തൊഴിൽ ഉറപ്പ് നൽകുന്ന അനന്തപുരി തൊഴിൽ കേന്ദ്രം, നഗരസഭാ പരിധിയിലെ സ്കൂളുകളിൽ ടെലിവിഷനും റഫ്രിജറേറ്ററും മൈക്ക് സെറ്റ്. സ്കൂളുകളിൽ ഭിന്നശേഷി സൗഹൃദ റാംപുകൾ. മെൻസ്ട്രുവൽ കപ്പ് വെൻഡിംഗ് മെഷീൻ തുടങ്ങി ഭാവി തലമുറയെക്കൂടി കരുതുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ മുന്നോട്ടുവയ്‌ക്കുന്നത്.
കോർപ്പറേഷന്റെ ബജറ്റ് കേവലം ഒരു വർഷത്തേക്കുള്ള സാമ്പത്തിക കണക്ക് അല്ലെന്ന് മേയർ അഡ്വ. വി. വി രാജേഷ് പറഞ്ഞു. നാടിന്റെ വികസന സ്വപ്നമാണിത്. നിരവധി മേഖലകളിൽ ജനങ്ങൾക്ക് പ്രതീക്ഷ നൽകാൻ ബജറ്റിലൂടെ സാധിച്ചു. ഏറ്റവും കൂടുതൽ നമ്മളെ തേടി വന്നത് വീടില്ലാത്തവരാണ്.കുറേ അധികം പേർക്ക് ഭൂമിയും വീടുമില്ല. 2,000 പേർക്ക് ഭൂമി ലഭിച്ചെങ്കിലും വീടുവെക്കാനുള്ള സാഹചര്യമില്ല. പിഎംഎവൈ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിടാത്തതിനാൽ അർഹരായവർക്ക് വീട് കിട്ടുന്നില്ല. സർക്കാരിന്റെ രാഷ്‌ട്രീയ പിടിവാശി കാരണം ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഭൂമി ലഭിച്ച 2,000 പേർക്ക് വീട് കൊടുക്കും. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ലഭ്യമായില്ലെങ്കിൽ കോർപ്പറേഷൻ ഫണ്ടിൽ നിന്നും പിഎം ഭവന യോജന എന്ന പേരിൽ പദ്ധതി നടപ്പാക്കും. ഇതിനായി 20 കോടി നീക്കിവെച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.
ആരോഗ്യമേഖലും നിരവധി പദ്ധതികളാണ് കോർപ്പറേഷൻ മുന്നോട്ട് വെക്കുന്നത്. 101 വാർഡുകളിൽ 40 to 50 ശതമാനം മരുന്നുകൾ വില കുറിച്ച് ലഭിക്കുന്ന അമൃത് ഫാർമസികൾ സ്ഥാപിക്കും. രണ്ടു വാർഡുകൾ ചേർന്ന് 50 കേന്ദ്രങ്ങളിൽ പ്രൈം ഹെൽത്ത് ലാബുകൾ തുടങ്ങും. മിതമായ വിലയിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനായി അടൽ സൂപ്പർ മാർക്കറ്റ്, 20 രൂപയ്‌ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി അടൽ ക്യാൻറീൻ എന്നിവ തുടങ്ങും.
കോർപ്പറേഷൻ ഓഫീസ് കെട്ടിടം ചോർന്ന് ഒലിക്കുന്നുവെന്നും പുതിയ കെട്ടിടം നിർമിക്കാൻ ബജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. നഗരവികസന വിദഗ്‌ദരുടെ നിർദേശം തേടിയാകും കോർപ്പറേഷൻ കെട്ടിടത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക.
നഗരത്തിൽ 200 ഇടങ്ങളിൽ ശുചിമുറികൾ നിർമിക്കും. നിലവിലുള്ള മാലിന്യ സംസ്കരണ പദ്ധതികൾ നിലനിർത്തികൊണ്ടായിരിക്കും പുതിയവ ആരംഭിക്കുക. തെരുവ് നായകളെ സംരക്ഷിക്കാനായി ഒരു എൻജിഒയുമായി ചേർന്ന് രണ്ട് ഏക്കർ ഭൂമി ലീസിന് എടുക്കാൻ ധാരണ ആയെന്നും നിയമപരമായി കാര്യങ്ങൾ ചെയ്യുമെന്നും മേയർ വ്യക്തമാക്കി.








