കേരളത്തില്‍ റമദാൻ ഒന്ന് എന്ന്? ഈ തീയതികളില്‍ സാധ്യത

0
17

തിരുവനന്തപുരം: പവിത്രമായ റമദാനെ വരവേല്‍ക്കാൻ ഒരുങ്ങി ഇസ്‌ലാം മതവിശ്വാസികൾ. ശഅ്‌ബാൻ പൂര്‍ത്തിയാക്കി വരുന്ന ദിനങ്ങളില്‍ ഉടനെ റമദാനിലേക്ക് കടക്കുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ, ഇസ്‌ലാമിക് കലണ്ടറിലെ ഒൻപതാമത്തെ മാസമായ റമദാനില്‍ പുണ്യകര്‍മമായി കാണുന്ന വ്രതം അനുഷ്‌ഠിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍.

ഇസ്‌ലാമിക കലണ്ടർ ചന്ദ്രൻ്റെ ചലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ചാകും റമദാൻ്റെ ആരംഭം തീരുമാനിക്കുക. റമദാൻ വ്രതാരംഭവുമായി ബന്ധപ്പെട്ട് ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് വിവിധ ജമാഅത്തുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും നാളെ (ഫെബ്രുവരി 17ന്) വൈകിട്ട് 6.30ന് പാളയം ജുമാ മസ്ജിദിൽ യോഗം ചേരും.

പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവിയാണ് ഇക്കാര്യം അറിയിച്ചത്. മാസപ്പിറവി ദൃശ്യമാകുന്നവർ 9605561702, 9847142383, 04712475924 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും പാളയം ഇമാം നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ശഅ്ബാൻ 29-ന് (ഫെബ്രുവരി 17 ചൊവ്വാഴ്ച) വൈകുന്നേരം മാസപ്പിറവി ദൃശ്യമായാൽ അടുത്ത ദിവസം റമദാൻ ഒന്നായി പ്രഖ്യാപിക്കും.

കേരളത്തിൽ റമദാൻ വ്രതാരംഭം ഫെബ്രുവരി 18 അല്ലെങ്കിൽ ഫെബ്രുവരി 19 തീയതികളിൽ ഒന്നിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഫെബ്രുവരി 18-ന് വ്രതാരംഭം ഉണ്ടാകാനാണ് സാധ്യത. സാധാരണയായി കേരളത്തിലും ഗൾഫ് രാജ്യങ്ങളിലെ അതേ ദിവസം തന്നെ വ്രതം ആരംഭിക്കാറുണ്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഫെബ്രുവരി 19-ന് വ്രതം ആരംഭിക്കാനാണ് കൂടുതൽ സാധ്യതയെന്ന് ജ്യോതിശാസ്‌ത്ര കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നു.

പാളയം ഇമാം, ഖാസിമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഹിലാൽ കമ്മിറ്റികളാണ് മാസപ്പിറവി നിരീക്ഷിച്ച് ഔദ്യോഗികമായി തീയതി പ്രഖ്യാപിക്കുന്നത്. സൗദി അറേബ്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. ഒമാൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ ഇതിനോടകം തന്നെ ഫെബ്രുവരി 19-ന് വ്രതാരംഭം ഉണ്ടാകുമെന്ന് പ്രാഥമികമായി അറിയിച്ചിട്ടുണ്ട്. വ്രതം 29 അല്ലെങ്കിൽ 30 ദിവസം പൂർത്തിയാകുന്നതിനനുസരിച്ച് മാർച്ച് 19 അല്ലെങ്കിൽ 20 തീയതികളിൽ പെരുന്നാൾ വരാൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here