കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, നഗരവികസന മേഖലകളില്‍ സബ്‌സിഡി വര്‍ദ്ധിക്കും

0
29

കേന്ദ്രസര്‍ക്കാരിന്‍റെ ഈ സാമ്പത്തിക വര്‍ഷത്തെ സബ്‌സിഡി ബില്‍ 4.3 ലക്ഷം കോടി രൂപയാകുമെന്നാണ് കരുതുന്നത്. അതായത് 45000 കോടിയുടെ വര്‍ദ്ധന. പന്ത്രണ്ട് ശതമാനം വര്‍ദ്ധനയാണ് വിലയിരുത്തുന്നത്.

സമൂഹത്തിലെ അവശ്യ വിഭാഗത്തിന് ആശ്വാസം ഏകാന്‍ എല്ലാ കൊല്ലവും കേന്ദ്ര സര്‍ക്കാര്‍ വലിയൊരു തുക ബജറ്റില്‍ വകയിരുത്താറുണ്ട്. കര്‍ഷകര്‍ക്ക് വളം താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കാനും ഭക്ഷണത്തിനും ഇന്ധനത്തിനും എന്ന് വേണ്ട സഹായം ആവശ്യമുള്ള സമൂഹത്തിന്‍റെ അടിത്തട്ടിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ അത് ഉറപ്പാക്കുന്നു.

താങ്ങാനാകുന്ന വിലയില്‍ വളം നല്‍കാനുള്ള സഹായം ഒരു പരോക്ഷ സഹായമാണ്. ഇത് വളം ഉത്പാദകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തിലൂടെയാണ് കര്‍ഷകരെ സര്‍ക്കാര്‍ സഹായിക്കുന്നത്. യൂറിയ അടക്കമുള്ള വളങ്ങള്‍ കര്‍ഷകന് താങ്ങാന്‍ കഴിയുന്ന വിലയില്‍ വാങ്ങാന്‍ ഇതിലൂടെ സാധിക്കുന്നു. എണ്ണ വിപണന കമ്പനികള്‍ക്ക് നല്‍കുന്ന ഇന്ധന സബ്‌സിഡിയിലൂടെയാണ് എണ്ണ വാങ്ങിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങ് ആകുന്നത്. രാജ്യത്തെ മൂന്നില്‍ രണ്ട് ജനങ്ങള്‍ക്കും സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കിയോ കുറഞ്ഞ വിലയില്‍ ഭക്ഷ്യധാന്യങ്ങളെത്തിച്ചോ സര്‍ക്കാര്‍ കൈത്താങ്ങ് ആകുന്നു.

ഇത്തരത്തില്‍ ആവശ്യക്കാര്‍ക്ക് സഹായമേകാന്‍ കേന്ദ്ര ബജറ്റില്‍ നീക്കി വയ്ക്കുന്ന തുകയാണ് സബ്‌സിഡി എന്ന് വിവക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും മൂന്ന് വിഷയങ്ങള്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്. ഭക്ഷ്യ, ഇന്ധന, വളം സബ്‌സിഡികളാണവ. കേന്ദ്ര ബജറ്റ് ചെലവിന്‍റെ ശരാശരിഎട്ട് മുതല്‍ ഒന്‍പത് ശതമാനം വരെയാണ് ഈ മൂന്ന് മേഖലകളിലെ സബ്‌സിഡികള്‍ക്കായി മാത്രം മാറ്റി വയ്ക്കാറുള്ളത്.

ഉദാഹരണത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭക്ഷ്യ, ഇന്ധന-വളം സബ്‌സിഡികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 3.85 ലക്ഷം കോടി രൂപയാണ് ചെലവിട്ടത്. ഇതില്‍ 1.7 ലക്ഷം കോടി വളം സബ്‌സിഡിക്ക് മാത്രം ചെലവിട്ടു. രണ്ട് ലക്ഷം കോടി രൂപ ഭക്ഷ്യ ധാന്യ സബ്‌സിഡിക്കും നല്‍കി. 14,479 കോടി രൂപ ഇന്ധന സബ്‌സിഡിക്കും നല്‍കി.

കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബജറ്റ് പ്രകാരം മാര്‍ച്ചില്‍ അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷം സബ്‌സിഡി ചെലവ് കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 4.3 ലക്ഷം കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 45,000 കോടി രൂപയുടെയോ 12ശതമാനത്തിന്‍റെയോ വര്‍ദ്ധന.

ഭക്ഷ്യ, വളം സബ്‌സിഡികള്‍ക്കാണ് കൂടുതല്‍ പണ നീക്കി വച്ചിട്ടുള്ളത്. 2.28 ലക്ഷം കോടി, 1.86 ലക്ഷം കോടിരൂപവീതമാണ് യഥാക്രമം വകയിരുത്തിയിട്ടുള്ളത്.

കഴിഞ്ഞ കൊല്ലത്തേതിന് സമാനമായി രണ്ട് ലക്ഷം കോടി എന്ന നിരക്കില്‍ തന്നെ ഭക്ഷ്യ സബ്‌സിഡി നിലനിര്‍ത്തണമെന്നാണ് ധനമന്ത്രി വിലയിരുത്തിയിരുന്നതെങ്കിലും ഇത് 2.28 ലക്ഷം കോടിയായി. അതായത് പതിനാല് ശതമാനം വര്‍ദ്ധന.

അതുപോലെ തന്നെ വളം സബ്‌സിഡി 1.68 ലക്ഷം കോടിയായി തന്നെ നിലനിര്‍ത്തണമെന്ന് കണക്കാക്കിയെങ്കിലും ഇത് 1.86 ലക്ഷം കോടിയേക്ക് കുതിച്ച് ചാടി. അതായത് പതിനൊന്ന് ശതമാനത്തിന്‍റെ വര്‍ദ്ധന. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇത്തരമൊരു വര്‍ദ്ധനയ്ക്ക് കാരണമായത്. ഒപ്പം യൂറിയ അടക്കമുള്ള വളങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ ഉണ്ടായ വിലവര്‍ദ്ധനവും ഇതിനെ സ്വാധീനിച്ചു.

ഭക്ഷ്യ വില വര്‍ദ്ധനയാണ് കൂടുതല്‍ സബ്‌സിഡി ഈ മേഖലയ്ക്ക് നല്‍കാന്‍ ധനമന്ത്രിയെ പ്രേരിപ്പിച്ചത്. 2.27 ലക്ഷം കോടി രൂപയാണ് ഭക്ഷ്യ സബ്‌സിഡിക്ക് മാറ്റി വച്ചത്.

മൊത്ത ബജറ്റ് ചെലവിന്‍റെ 8.66 ശതമാനമാണ് മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ സബ്‌സിഡി ചെലവ്.

കൃഷി, അനുബന്ധ-വിദ്യാഭ്യാസ-ആരോഗ്യ-നഗരവികസന മേഖലകളിലെ മൊത്തം ചെലവിനെക്കാള്‍ കൂടുതലാണ് നടപ്പ് സാമ്പത്തിക വര്‍ഷം സബ്‌സിഡികള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. കൃഷി-അനുബന്ധ മേഖലകളുടെ ചെലവിനായി വകയിരുത്തിയിരിക്കുന്നത് 1,51,853 കോടി രൂപയാണ്. വിദ്യാഭ്യാസ മേഖലയ്ക്ക് 1,21,949 കോടിയും ആരോഗ്യമേഖലയ്ക്ക് 94,625 കോടിയും വകയിരുത്തിയിരിക്കുന്നു. നഗരവികസനത്തിന് 57,204 കോടിയും വകയിരുത്തിയിട്ടുണ്ട്.

അടുത്ത സാമ്പ്ത്തിക വര്‍ഷം(2026-27) സബ്‌സിഡി തുക 4.1 ലക്ഷം കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. കൃഷി അനുബന്ധ മേഖല(1,62,671 കോടി)വിദ്യാഭ്യാസം(1,39,289 കോടി)ആരോഗ്യം(1,04,599 കോടി)തുടങ്ങിയവയ്ക്ക് വകയിരുത്തിയിട്ടുള്ള ആകെത്തുകയെക്കാള്‍ കൂടുതലാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here