മതവെറിയന്മാരുടെ വെടിയുണ്ടകളാല്‍ അണഞ്ഞ വെളിച്ചം; മഹാത്മാവിനെ സ്‌മരിച്ച് രാജ്യം

0
20

സമാധാനത്തിൻ്റെയും അഹിംസയുടെയും പ്രവാചകനായിരുന്ന മഹാത്മാവ് മതഭ്രാന്തിൻ്റെ വെടിയുണ്ടകളാല്‍ കൊല്ലപ്പെടുകയായിരുന്നു

“നമ്മുടെ ജീവിതത്തിലെ പ്രകാശം അസ്‌തമിച്ചിരിക്കുന്നു, എല്ലായിടത്തും ഇരുട്ടാണ്” രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ വിയോഗത്തെ കുറിച്ച് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആകാശവാണിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌തപ്പോൾ പറഞ്ഞ പ്രശസ്‌തമായ വരികൾ ഇപ്രകാരമായിരുന്നു.

ഇന്ന് (ജനുവരി 30) രാജ്യം രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78ാം രക്തസാക്ഷി ദിനം ആചരിക്കുന്നു. സമാധാനത്തിൻ്റെയും അഹിംസയുടെയും പ്രവാചകനായിരുന്ന മഹാത്മാവ് മതഭ്രാന്തിൻ്റെ വെടിയുണ്ടകളാല്‍ കൊല്ലപ്പെടുകയായിരുന്നു. 1948 ജനുവരി 30ന് ഡൽഹിയിൽ കടുത്ത തണുപ്പുള്ള ഒരു ദിവസം.

വിഭജനത്തെത്തുടർന്നുണ്ടായ വർഗീയ ലഹളകൾ ശമിപ്പിക്കാൻ ഉപവാസം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു ഗാന്ധിജി. വൈകുന്നേരം ബിർള ഹൗസിലെ പുൽത്തകിടിയിൽ നടക്കാറുള്ള പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം തയ്യാറെടുത്തു. പ്രാർഥനയ്ക്ക് എത്താൻ അല്‌പം വൈകിയതിനാൽ തൻ്റെ സഹായികളായ മനു ഗാന്ധിയുടെയും ആഭ ഗാന്ധിയുടെയും തോളിൽ കൈപിടിച്ച് വേഗത്തിലാണ് അദ്ദേഹം പ്രാർഥനാ വേദിയിലേക്ക് നടന്നത്.

വൈകുന്നേരം 5:17ഓടെ പ്രാർഥനാ വേദിയിലേക്കുള്ള പടവുകൾ കയറുന്നതിനിടെ ജനക്കൂട്ടത്തിൽ നിന്നും തീവ്ര ഹിന്ദുത്വവാദിയായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെ മുന്നോട്ടുവന്നു.

ഗാന്ധിജിയെ വന്ദിക്കുന്ന ഭാവത്തിൽ കുനിഞ്ഞ ഗോഡ്‌സെ, മനു ഗാന്ധിയെ തള്ളിമാറ്റുകയും തൻ്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്ന ബെറെറ്റ പിസ്റ്റൾ ഉപയോഗിച്ച് ഗാന്ധിജിക്ക് നേരെ മൂന്ന് തവണ വെടിയുതിർക്കുകയും ചെയ്‌തു. നെഞ്ചിലും വയറിലുമായി വെടിയേറ്റ ഗാന്ധിജി പതുക്കെ നിലംപതിച്ചു. കൈകൾ കൂപ്പി അദ്ദേഹം “ഹേ റാം, ഹേ റാം” എന്ന് ഉച്ചരിച്ചായിരുന്നു ഈ ലോകത്തോട് വിടപറഞ്ഞത്.

ഗാന്ധിയുടെ കൊലപാതകം ലോകത്താകെ വലിയ ഞെട്ടലുണ്ടാക്കി. രാത്രി 6 മണിക്ക് ആകാശവാണിയിലൂടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വികാരാധീനനായി രാഷ്ട്രത്തെ ഈ വാർത്ത അറിയിച്ചു. “നമ്മുടെ ജീവിതത്തിലെ വെളിച്ചം അണഞ്ഞിരിക്കുന്നു” എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ലോകം മുഴുവൻ അലയടിച്ചു.

ജനുവരി 31ന് ഡല്‍ഹിയിലെ യമുനാ നദിക്കരയിലുള്ള രാജ്ഘട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിച്ചു. ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങൾ നടന്ന ബിർള ഹൗസ് ഇന്ന് ഗാന്ധി സ്‌മൃതി എന്ന പേരിൽ ഒരു സ്‌മാരകമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം അവസാനമായി നടന്ന പാതയും വീണ സ്ഥലവും അവിടെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

മഹാത്മാഗാന്ധിയുടെ ഘാതകൻ

മഹാത്മാഗാന്ധിയുടെ ഘാതകൻ എന്ന നിലയിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട വ്യക്തിയാണ് നാഥുറാം വിനായക് ഗോഡ്‌സെ. 1910 മെയ് 19ന് മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലുള്ള ബാരാമതിയിൽ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. സ്‌കൂൾ പഠനം പൂർത്തിയാക്കാൻ സാധിക്കാതെ തയ്യൽ ജോലിയിലേക്കും കച്ചവടത്തിലേക്കും തിരിഞ്ഞു.

ചെറുപ്പത്തിലെ രാഷ്ട്രീയത്തിൽ താത്‌പര്യമുണ്ടായിരുന്ന അദ്ദേഹം രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്‌എസ്), ഹിന്ദു മഹാസഭ എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. വിനായക് ദാമോദർ സവർക്കറുടെ പ്രത്യയശാസ്ത്രങ്ങൾ വിനായക് ഗോഡ്‌സെയെ വളരെയധികം സ്വാധീനിച്ചിരുന്നു.

ഗാന്ധിവധം വിചാരണയും വധശിക്ഷയും

ഇന്ത്യയുടെ വിഭജനത്തിനും വിഭജനകാലത്തെ മുസ്‌ലിം പ്രീണന നയങ്ങൾക്കും ഉത്തരവാദി ഗാന്ധിജിയാണെന്ന് വിനായക് ഗോഡ്‌സെ വിശ്വസിച്ചിരുന്നു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം ഹിന്ദുക്കളുടെ താത്‌പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അയാൾ വാദിച്ചു. ഗാന്ധിവധത്തിന് ശേഷം ചെങ്കോട്ടയിൽ ഗോഡ്‌സെ വിചാരണ നേരിട്ടു.

തൻ്റെ പ്രവർത്തിയിൽ ഒരു അംശം പോലും കുറ്റബോധമില്ലാതെ വിചാരണയിൽ ഗോഡ്‌സെ ഗാന്ധിയെ കൊന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് ഏറ്റുപറഞ്ഞു. 1949 നവംബർ 8ന് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. 1949 നവംബർ 15ന് ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽ വച്ച് ഗോഡ്‌സെയെയും കൂട്ടുപ്രതിയായ നാരായൺ ആപ്‌തെയെയും തൂക്കിലേറ്റി.

ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗോഡ്‌സെയുടെ നിലപാടുകൾ വലിയ വിവാദങ്ങൾക്ക് കാരണമാകാറുണ്ട്. ചിലർ രാജ്യസ്നേഹിയായി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ ഭൂരിഭാഗം ആളുകളും രാഷ്ട്ര പിതാവിനെ ഇല്ലാതാക്കിയ രാജ്യദ്രോഹിയായി കണക്കാക്കുന്നു.

78ാം രക്തസാക്ഷി ദിനം

78ാം രക്തസാക്ഷി ദിനമായ ഇന്ന് രാജ്ഘട്ടില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്‌പചക്രം സമർപ്പിക്കും. തുടർന്ന് സർവമത പ്രാർഥനയും നടക്കും. രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി പരിപാടികൾ നടക്കും.

ഗാന്ധിജി രാജ്യത്തിന് സമർപ്പിച്ചിട്ടുള്ള സംഭാവനകളിൽ പ്രധാനമായ ഒന്നാണ് ക്വിറ്റ് ഇന്ത്യാ സമരം. ഇന്ത്യയിൽ നിലയിലുറപ്പിച്ച ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരായ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ഏറ്റവും വലിയ ഏടായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം.

സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ഇന്ത്യന്‍ ജനതയുടെ ആവശ്യത്തിന് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉറപ്പ് ലഭിക്കാനായി മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റ് 9നായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചത്. മഹാത്മാഗാന്ധിക്കൊപ്പം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബ്‌ദുല്‍ കലാം ആസാദ്, അരുണാ ആസിഫ് അലി തുടങ്ങിയവരടക്കം ആയിരക്കണക്കിന് സമരഭടന്മാര്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്‍റെ ഭാഗമായിരുന്നു.

ഗാന്ധിജിയുടെ ഉദ്ധരണികള്‍

  • എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം
  • എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണ്. അവയുടെ സമീപനങ്ങൾ മാത്രം വ്യത്യസ്‌തമാണ്.
  • ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും പിന്നെ പരിഹസിക്കും പിന്നെ പുഛിക്കും പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം
  • പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
  • ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണ്. എന്തെന്നാല്‍ അത് വെറും നൈമിഷകം മാത്രം.
  • ഇന്ന് ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചായിരിക്കും നമ്മുടെ ഭാവി.
  • സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
  • ഒരു ശിശുവിന്‍റെ ശരീരത്തിലും മനസിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം.
  • കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
  • ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.

സ്‌മരിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78ാം രക്തസാക്ഷി ദിനത്തില്‍ സ്‌മരിച്ച് പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരാണ് രാഷ്‌ട്രപിതാവിനെ സ്‌മരിച്ച് രംഗത്തെത്തിയത്.

രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ പുണ്യസ്മരണയ്ക്ക് മുന്നിൽ അദ്ദേഹത്തിൻ്റെ ചരമദിനത്തിൽ താൻ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് മോദി കുറിച്ചു. വികസിതവും സ്വയംപര്യാപ്തവുമായ ഭാരതമെന്ന നമ്മുടെ ലക്ഷ്യത്തിൻ്റെ ആണിക്കല്ലായ സ്വദേശി പ്രസ്ഥാനത്തിന് ബാപ്പുജി എപ്പോഴും ഊന്നൽ നൽകിയിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വവും നേട്ടങ്ങളും കർത്തവ്യപഥത്തിലൂടെ സഞ്ചരിക്കാൻ എന്നും നമ്മെ പ്രചോദിപ്പിക്കും.

മാനവികതയെ സംരക്ഷിക്കാൻ അഹിംസ എന്ന മാർഗമാണ് ബാപ്പുജി എപ്പോഴും ഉയർത്തിപ്പിടിച്ചത്. ആയുധങ്ങളില്ലാതെ ലോകത്തെ മാറ്റാനുള്ള ശക്തി അതിനുണ്ട്. അഹിംസ പരമമായ ധർമ്മമാണ്, ശത്രുക്കളെ ദഹിപ്പിക്കുന്ന അഗ്നിയുമാണ്. അഹിംസ തന്നെയാണ് പരമമായ സത്യം, അതിലൂടെ നീതി നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാന്ധിയെ സ്‌മരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. “ഇന്ന് ജനുവരി 30. ഇന്ത്യയുടെ ഹൃദയത്തിലേയ്ക്ക് സംഘപരിവാറിൻ്റെ വർഗീയ പ്രത്യയശാസ്ത്രം നിറയൊഴിച്ചിട്ട് 78 വർഷങ്ങൾ തികയുകയാണ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ഓർമ്മിപ്പിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകത്തെയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിൻ്റെ പടത്തലവൻ ഒരു ഇന്ത്യക്കാരനാൽ തന്നെ വധിക്കപ്പെട്ടത് ലോകം ഞെട്ടലോടെ, അവിശ്വസനീയതയോടെ നോക്കിനിന്ന ദിനം.

ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ എന്ന ഒരു വ്യക്തിയല്ല. അയാൾ സംഘപരിവാർ ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിൻ്റെ ആൾരൂപങ്ങളിൽ ഒന്നു മാത്രമാണ്. വൈവിധ്യങ്ങളെയും മതേതരത്വത്തെയും ശത്രുവായി കാണുന്ന വിഷലിപ്തമായ വർഗീയ അജണ്ടയാണ് ആ കൊലയാളിയിലൂടെ അന്ന് വെളിപ്പെട്ടത്. ആ വിപത്ത് ഇന്നും നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും ആക്രമിച്ച് തകർക്കാൻ ശ്രമിക്കുകയാണ്.

ഗാന്ധിജിയെ അവർ ഇന്നും ഭയപ്പെടുന്നത് എന്തിനാണ്? ഉത്തരം ലളിതമാണ്. സംഘപരിവാർ വിഭാവനം ചെയ്യുന്ന വിദ്വേഷത്തിൻ്റേയും അപരവൽക്കരണത്തിൻ്റെയും രാഷ്ട്രീയത്തിന് നേർ വിപരീതമായ ഒന്നാണ് ഗാന്ധിജിയുടെ ജീവിതവും ദർശനവും. വർഗീയതയിലൂടെ ‘ഒരു രാഷ്ട്രം, ഒരു സംസ്‌കാരം’ എന്ന ഏകശിലാത്മക അജണ്ട അവർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ, വൈവിധ്യങ്ങളെയും വിയോജിപ്പുകളെയും നെഞ്ചോട് ചേർക്കുന്ന ബഹുസ്വരതയുടെ ഇന്ത്യക്കു വേണ്ടിയാണ് ഗാന്ധിജി നിലകൊണ്ടത്. മതനിരപേക്ഷതയോടുള്ള അദ്ദേഹത്തിൻ്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ ഭയപ്പെട്ടതുകൊണ്ടാണ് അന്നവർ അദ്ദേഹത്തെ വധിച്ചത്. ആ ഭയം ഇന്നും അവർക്കിടയിൽ നിലനിൽക്കുന്നു.

ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും സംഘപരിവാർ ഇന്ന് ഭയപ്പെടുകയാണ്. അതിൻ്റെ ഭാഗമായാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാൻ അവർ തയ്യാറായത്. ദരിദ്രരായ മനുഷ്യരിൽ ഒരാളാണ് താനെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയെ സാധാരണക്കാരുടെ ജീവിതത്തിൽ നിന്ന് അടർത്തി മാറ്റാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയെ നിർവീര്യമാക്കാനും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനും കേന്ദ്രം നടത്തുന്ന നീക്കങ്ങൾക്കെതിരെ കേരളം ഉയർത്തുന്ന ബദൽ രാഷ്ട്രീയം ഗാന്ധിജിയുടെ വികേന്ദ്രീകൃത വികസന കാഴ്ചപ്പാടുകളുടെ തുടർച്ച കൂടിയാണ്.

മതേതരത്വ പൈതൃകത്തെ തകർത്ത് വർഗീയതയുടെ മണിമന്ദിരങ്ങൾ പണിയുന്നവർ രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ കിരാത നിയമങ്ങൾ നടപ്പിലാക്കുകയാണ്. ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്തുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരെ നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ അടിസ്ഥാന ശില സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാകണം. ചരിത്രത്തെ തിരുത്തി എഴുതാനും വർഗീയ കൊലയാളികളെ വീരനായകന്മാരായി അവരോധിക്കാനും ശ്രമിക്കുന്ന ശക്തികൾ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണ്. മതന്യൂനപക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയും വേട്ടയാടുന്ന വർഗീയ ഫാസിസത്തിന് മുന്നിൽ ഇന്ത്യയുടെ മതേതര പൈതൃകം അടിയറവ് വെക്കില്ല എന്ന് നാം പ്രഖ്യാപിക്കേണ്ടതുണ്ട്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം വർഗീയ വിരുദ്ധ പോരാട്ടത്തിനുള്ള നിരന്തരമായ ആഹ്വാനമാണ്. അതേറ്റെടുത്ത് ഒറ്റക്കെട്ടായി ജനാധിപത്യ മതേതര ഇന്ത്യക്കായി നമുക്ക് മുന്നേറാം” മുഖ്യമന്ത്രി കുറിച്ചു.

പ്രതിപക്ഷ നേതാവിൻ്റെ കുറിപ്പ്

“ഭാരതത്തിൻ്റെ ഹൃദയം തകർന്ന ദിനത്തിൻ്റെ ഓർമ്മപ്പെടുത്തലാണിന്ന്. ഇന്ത്യ എന്ന ആശയം ആഴത്തിൽ മുറിവേറ്റതിൻ്റെ ഓർമ്മദിനം. രാഷ്ട്ര പിതാവിൻ്റെ ഘാതകൻ ഒരു വ്യക്തിയായിരുന്നില്ല, അതും ഒരു ആശയമായിരുന്നു. സംഘ്പരിവാറിന് വെടിവച്ചിടാനെ ആയുള്ളൂ. മരണവും കടന്ന് തലമുറകളിലൂടെ ഗാന്ധിജി ഇന്നും ജീവിക്കുന്നു.

ഗാന്ധിജി മുന്നോട്ട് വച്ച മതേതരത്വത്തിൻ്റെ അടിത്തറ മാനവികതയായിരുന്നു. സ്നേഹവും പരസ്പര ബഹുമാനവുമായിയിരുന്നു അദ്ദേഹത്തിൻ്റെ ഭാഷ. എന്നും എപ്പോഴും ഇന്ത്യയെന്ന മണ്ണിൻ്റെ ആത്മാവാണ് ഗാന്ധിയും ഗാന്ധിസവും” അദ്ദേഹം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here