സീറ്റ് കിട്ടാൻ പണിയാകും, JEE മെയിൻ പരീക്ഷ എഴുതിയത് റെക്കോഡ് വിദ്യാര്‍ഥികള്‍,

0
26

ഇന്ത്യയിലെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളിൽ ഒന്നായി ജെഇഇ മെയിൻ. ഓരോ വർഷവും അപേക്ഷകരുടെ എണ്ണം വർധിച്ചുവരുന്നു. സീറ്റ് കിട്ടാൻ കടുപ്പമാകും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിൽ ഒന്നായി ജെഇഇ മെയിൻ പരീക്ഷ മാറുന്നു. ജെഇഇ മെയിൻ 2026 ഒന്നാം സെഷൻ പരീക്ഷയില്‍ പങ്കെടുത്തത് റെക്കോർഡ് എണ്ണം വിദ്യാർത്ഥികളെന്ന് കണക്കുകള്‍. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തുവിട്ട ജനുവരി 28 വരെയുള്ള കണക്കനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് ഇത്തവണയാണ്. ബുധനാഴ്‌ച യോടെ ബി.ഇ/ബി.ടെക് വിഭാഗം പരീക്ഷകൾ പൂർത്തിയായിരുന്നു. എൻടിഎയുടെ കണക്കുകൾ പ്രകാരം 13,00,368 (13 ലക്ഷത്തിലധികം) വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

13.50 ലക്ഷത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്‌തതിൽ 13 ലക്ഷത്തിലധികം പേർ പരീക്ഷ എഴുതിയെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ധൻ ദേവ് ശർമ വ്യക്തമാക്കി. അതായത് 96.25 ശതമാനം ഹാജർ രേഖപ്പെടുത്തി, ഇത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണ്. 2025-ൽ 13.11 ലക്ഷം പേർ രജിസ്റ്റർ ചെയ്തപ്പോൾ 12.58 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്.

കഴിഞ്ഞ നാല് വർഷമായി ജെഇഇ മെയിൻ രണ്ട് സെഷനുകളിലായാണ് നടക്കുന്നത്. 2026-ലും പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻവർഷങ്ങളിലെ കണക്കനുസരിച്ച്, രണ്ടാം സെഷനിൽ ഏകദേശം രണ്ട് ലക്ഷം പുതിയ വിദ്യാർത്ഥികൾ കൂടി ചേരാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ ആകെ പരീക്ഷാർത്ഥികളുടെ എണ്ണം 15 ലക്ഷം കടന്നേക്കാം.

ഒന്നാം സെഷനിലോ രണ്ടാം സെഷനിലോ അല്ലെങ്കിൽ രണ്ടിലും കൂടി പങ്കെടുക്കുന്ന വിദ്യാർത്ഥികളെയാണ് ‘യൂണിക് കാൻഡിഡേറ്റ്സ്’ (Unique candidates) എന്ന് വിളിക്കുന്നത്. സ്കോർ മെച്ചപ്പെടുത്താൻ പലരും രണ്ടാമതും പരീക്ഷ എഴുതാറുണ്ട്. രണ്ട് സെഷനുകളിലെയും ആകെ പരീക്ഷാർത്ഥികളെ അടിസ്ഥാനമാക്കിയാണ് ഓൾ ഇന്ത്യ റാങ്ക് (AIR) കണക്കാക്കുന്നത്.

അഞ്ച് ദിവസങ്ങളിലായി 10 ഷിഫ്റ്റുകളിലായാണ് ജനുവരിയില്‍ ആദ്യ സെഷൻ പരീക്ഷ നടന്നത്. ശരാശരി 1.3 ലക്ഷം പേർ ഓരോ ഷിഫ്റ്റിലും പങ്കെടുത്തു. വിദ്യാർത്ഥികളുടെ റെക്കോർഡ് ചെയ്‌ത പ്രതികരണങ്ങൾ (Responses), ചോദ്യപേപ്പർ, പ്രൊവിഷണൽ ഉത്തരസൂചിക എന്നിവ എൻടിഎ ഉടൻ പ്രസിദ്ധീകരിക്കും. ഇതിൽ പരാതിയുള്ളവർക്ക് അത് ഉന്നയിക്കാൻ അവസരം ലഭിക്കും. വിദഗ്‌ധ പരിശോധനയ്ക്ക് ശേഷം ഫൈനൽ കീയും സ്കോർകാർഡും തയ്യാറാക്കും.

ജനുവരി സെഷൻ ഫലം 2026 ഫെബ്രുവരി 12-ന് പ്രഖ്യാപിക്കും. എന്നാൽ ഈ ഘട്ടത്തിൽ ഓൾ ഇന്ത്യ റാങ്ക് (AIR) പ്രസിദ്ധീകരിക്കില്ല. പേഴ്‌സൻ്റൈൽ സ്കോർ മാത്രമായിരിക്കും നൽകുക. ഇത് അടിസ്ഥാനമാക്കി ഏപ്രിൽ സെഷനിൽ വീണ്ടും പങ്കെടുക്കണോ എന്ന് വിദ്യാർഥികൾക്ക് തീരുമാനിക്കാം.

എന്താണ് ജെഇഇ മെയിൻ പരീക്ഷ?

ഇന്ത്യയിലെ പ്രമുഖ എൻജിനീയറിങ് കോളജുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന ദേശീയതല പരീക്ഷയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ബി.ടെക്, ബി.ഇ, ബി.ആർക് കോഴ്സുകൾക്ക് ചേരാൻ ഈ പരീക്ഷ പാസാകണം. ഐഐടികളിൽ (IIT) പ്രവേശനം നേടാനുള്ള ‘ജെഇഇ അഡ്വാൻസ്ഡ്’ പരീക്ഷ എഴുതണമെങ്കിൽ ജെഇഇ മെയിനിൽ ഉയർന്ന റാങ്ക് നേടേണ്ടതുണ്ട്. ആകെ പരീക്ഷ എഴുതുന്നവരിൽ മികച്ച സ്കോർ നേടി ഐഐടി (IIT) പ്രവേശനത്തിനുള്ള ‘ജെഇഇ അഡ്വാൻസ്ഡ്’ പരീക്ഷയ്ക്ക് യോഗ്യത നേടുന്നത് മുൻനിരയിലുള്ള ഏകദേശം 2.5 ലക്ഷം പേർ മാത്രമാണ്. അതായത് ഭൂരിഭാഗം പേരും ഈ ഘട്ടത്തിൽ തന്നെ പുറത്താകുന്നു.

ജെഇഇ മെയിൻ പരീക്ഷയിൽ രജിസ്റ്റർ ചെയ്തവരുടെയും എഴുതിയവരുടെയും മുൻ വർഷത്തെ കണക്കുകള്‍ പരിശോധിക്കുക:

വർഷം രജിസ്റ്റർ ചെയ്‌ത ഉദ്യോഗാര്‍ഥികളുടെ എണ്ണം പരീക്ഷ എഴുതിയവര്‍
2026 ജനുവരി: 13.50 ലക്ഷം ജനുവരി മുതൽ ജനുവരി 28 വരെ – 13,00,368
2025 ജനുവരി – 13,11,544 ജനുവരി – 12,58,136
ഏപ്രിൽ – 10,61,840 ഏപ്രിൽ – 9,92,350
2024 ജനുവരി – 12,31,874 ജനുവരി – 11,70,036
ഏപ്രിൽ – 11,79,569 ഏപ്രിൽ – 10,67,959
2023 ജനുവരി – 8,60,064 ജനുവരി – 8,23,967
ഏപ്രിൽ – 9,31,334 ഏപ്രിൽ – 8,83,367
2022 ജൂൺ – 8,72,970 ജൂൺ – 7,69,604
ജൂലൈ – 6,22,034 ജൂലൈ – 5,40,242
2021 ഫെബ്രുവരി – 6,52,628 ഫെബ്രുവരി – 6,21,033
മാർച്ച് – 6,19,641 മാർച്ച് – 5,56,248
ജൂലൈ – 7,09,611 ജൂലൈ – 5,43,553
ഓഗസ്റ്റ് – 7,67,700 ഓഗസ്റ്റ് – 4,81,419
2020 8,58,000 8,00,532

LEAVE A REPLY

Please enter your comment!
Please enter your name here