2025ൽ യുഎസ് പ്രസിഡൻ്റായി ചുമതലയേറ്റ ആദ്യ ദിവസം തന്നെ ഡൊണാൾഡ് ട്രംപ് ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാനുള്ള തീരുമാനമെടുത്തിരുന്നു.
ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി യുഎസ് പിൻമാറി. ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റം യുഎസ് അന്തിമമാക്കിയതായി ഫെഡറൽ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഡബ്ല്യൂഎച്ച്‌ഒയുമായുള്ള 78 വർഷത്തെ പ്രതിബദ്ധത അമേരിക്ക അവസാനിപ്പിക്കുകയാണെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ കയറിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഈ നീക്കത്തെ ലോകരാഷ്‌ട്രങ്ങളും മറ്റും ആശങ്കയോടെയാണ് നോക്കി കാണുന്നത്. ആരോഗ്യ രംഗത്തെ ബാധിക്കുമെന്നും ഉയർന്നുവരുന്ന ഭീഷണികൾക്കെതിരെ വാക്‌സിനുകളും മരുന്നുകളും വികസിപ്പിക്കുന്നതിൽ നിന്ന് യുഎസ് ശാസ്ത്രജ്ഞരെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളെയും തടയുമെന്നും ജോർജ്ജ്ടൗൺ സർവകലാശാലയിലെ പൊതുജനാരോഗ്യ നിയമ വിദഗ്‌ധനായ ലോറൻസ് ഗോസ്‌റ്റിൻ പറഞ്ഞു. താൻ കണ്ടതിൽ ഏറ്റും മോശം തീരുമാനമാണ് പ്രസിഡൻ്റ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടന വിടുന്നതിന് ഒരു വർഷം മുൻപ് നോട്ടിസ് നൽകുകയും കുടിശികയുള്ള മുഴുവൻ തുകയും അടച്ചുതീർക്കുകയും വേണമെന്നാണ് യുഎസ് നിയമം. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തെ കുടശിക യുഎസ് നൽകിയിട്ടില്ലെന്ന് സംഘടന അറിയിച്ചു. കുടിശിക ഏകദേശം 1330 ലക്ഷം ഡോളറിലധികം വരുമെന്നാണ് കണക്ക്. അടുത്ത മാസം നടക്കുന്ന എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ യുഎസിൻ്റെ പിന്മാറ്റവും അത് കൈകാര്യം ചെയ്യേണ്ട രീതിയും അംഗരാജ്യങ്ങൾ ചർച്ച ചെയ്യുമെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
പരാതികളും ആശങ്കകളും
അമേരിക്ക വളരെക്കാലമായി സംഘടനയുടെ ഏറ്റവും വലിയ ദാതാക്കളിൽ ഒരാളാണ്. കോവിഡ് മഹാമരിയും മറ്റ് ആഗോള ആരോഗ്യ പ്രതിസന്ധികളും സംഘടന തെറ്റായി കൈകാര്യം ചെയ്‌തതിനാലാണ് യുഎസ് ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറിയതിൻ്റെ ഒന്നാമത്തെ കാരണം. 1948-ൽ സ്ഥാപിതമായത് മുതൽ സംഘടനയുടെ ഒമ്പത് ചീഫ് എക്‌സിക്യൂട്ടീവുകളിൽ ആരും അമേരിക്കക്കാരല്ല എന്നതാണ് ട്രംപ് ഭരണകൂടത്തിൻ്റെ മറ്റൊരു പരാതി.
എംപോക്‌സ്, എബോള, പോളിയോ തുടങ്ങിയ ആരോഗ്യ ഭീഷണികൾക്കെതിരായ ആഗോള പ്രതികരണം ഏകോപിപ്പിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ആരോഗ്യ ഏജൻസിയാണ് ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങൾക്ക് സാങ്കേതിക സഹായം, വാക്‌സിനുകൾ, സപ്ലൈസ്, ചികിത്സകൾ എന്നിവ വിതരണം ചെയ്യുക, മാനസികാരോഗ്യം, കാൻസർ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള മാർഗനിർദേശം നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യം.
അതേസമയം ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള യുഎസ് പിന്മാറ്റം നിരവധി ആഗോള ആരോഗ്യ സംരംഭങ്ങളെ സാരമായി ബാധിക്കുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. പോളിയോ നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾ, മാതൃ-ശിശു ആരോഗ്യ പരിപാടികൾ, പുതിയ വൈറൽ ഭീഷണികൾ തിരിച്ചറിയാൻ ലക്ഷ്യമിട്ടുള്ള ഗവേഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്നതിൽ ട്രംപ് തൻ്റെ അധികാരപരിധി ലംഘിച്ചുവെന്നും ലോറൻസ് ഗോസ്‌റ്റിൻ കൂട്ടിച്ചേർത്തു.






