21 മുതൽ 29 വരെയാണ് പരീക്ഷ. രണ്ട് ഷിഫ്‌റ്റുകളായാണ് പരീക്ഷ നടത്തുന്നത്. 300ലധികം നഗരങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
ജയ്‌പൂർ: നാഷണൽ ടെസ്‌റ്റിങ് ഏജൻസി ജെഇഇ മെയിൻ 2026 ആദ്യ സെഷൻ പരീക്ഷക്ക് ഇന്ന് തുടക്കമായി. രാജ്യത്തുടനീളവും വിദേശത്തുമുള്ള 300ലധികം നഗരങ്ങളിലാണ് പരീക്ഷ നടക്കുന്നത്. രാവിലെയും ഉച്ചയ്‌ക്കും രണ്ട് ഷിഫ്‌റ്റുകളിലായാണ് പരീക്ഷ.
ജെഇഇ മെയിനിൻ്റെ ആദ്യ സെഷൻ ഇന്ന് (ജനുവരി 21) മുതൽ 29 വരെയാണ് നടക്കുക. ഇന്ന് മുതൽ 24 വരെ തുടർച്ചയായും പിന്നീട് 28, 29 ദിവസങ്ങളിലായുമാണ് പരീക്ഷ നടക്കുക. 28,29 ദിവസങ്ങളിൽ പരീക്ഷ നടക്കുന്നവരുടെ അഡ്‌മിറ്റ് കാർഡ് ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
രാവിലെ 9 മണി മുതൽ 12 മണി വരെയാണ് ഒന്നാമത്തെ പരീക്ഷ. വൈകിട്ട് 3 മണി മുതൽ 6 മണി വരെയാണ് രണ്ടാമത്തെ ഷിഫ്‌റ്റ്. രാവിലെ 9 മണിക്കുള്ള പരീക്ഷയ്‌ക്ക് 8.30 വരെ ഉദ്യോഗാർഥികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.
പല ഉദ്യോഗാർഥികളും വൈകി എത്തിയതിനാൽ പ്രവേശനം നിഷേധിച്ചു. സുരക്ഷാ നടപടികൾക്ക് ശേഷമാണ് ഉദ്യോഗാർഥികൾക്ക് പ്രവേശനം അനുവദിച്ചത്. ബയോമെട്രിക് പരിശോധനക്ക് ശേഷമാണ് ഓരോ ഉദ്യോഗാർഥിയെയും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
കർശനമായ പരിശോധന:
പരീക്ഷ നടത്തിപ്പ് നിരീക്ഷിക്കാനായി രാവിലെ മുതൽ പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. എൻടിഎ നേരത്തെ നൽകിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഉദ്യോഗാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. പല ഉദ്യോഗാർഥികളും കമ്മലുകളും ചെയിനുകളും ബട്ടണുകളുള്ള വസ്‌ത്രങ്ങളും ധരിച്ചാണ് എത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് നീക്കം ചെയ്യുകയും ടാപ്പ് ചെയ്യുകയും ചെയ്‌തതിന് ശേഷമാണ് ഉദ്യോഗാർഥികളെ അകത്തേക്ക് പ്രവേശിപ്പിച്ചതെന്നും ഉദ്യോഗാസ്ഥർ വ്യക്തമാക്കി.
ഉദ്യോഗാർഥികളുടെ ശ്രദ്ധക്ക്
- പരീക്ഷാ തിയതി, ഷിഫ്‌റ്റ്, പരീക്ഷാ സമയം, റിപ്പോർട്ടിങ് സമയം എന്നിവയെല്ലാം കൃത്യമായി ശ്രദ്ധിക്കുക.
- ആധാർ അധിഷ്‌ഠിതമല്ലാതെ രജിസ്‌റ്റർ ചെയ്‌തവർ പരീക്ഷയ്‌ക്ക് ഒരു മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തുക.
- റിപ്പോർട്ടിങ് സമയത്തിന് മുമ്പ് തന്നെ പരീക്ഷാ കേന്ദ്രത്തിൽ എത്തുക. ഗേറ്റ് അടച്ച ശേഷം ആരെയും അത്തേക്ക് കടത്തി വിടുന്നതായിരിക്കില്ല.
- അഡ്‌മിറ്റ് കാർഡ് പ്രിൻ്റ് എടുക്കാൻ മറക്കരുത്.
- 2 പാസ്‌പോർട്ട് സൈസ് ഫോട്ടോയും കരുതുക.
ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ (മെയിൻ) രണ്ട് പേപ്പറുകളാണ് ഉൾക്കൊള്ളുന്നത്.
പേപ്പർ 1: എൻഐടികൾ, ഐഐഐടികൾ, മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങൾ (സിഎഫ്‌ടിഐകൾ), പങ്കെടുക്കുന്ന സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകുന്നതോ അംഗീകരിച്ചതോ ആയ സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവയിലെ ബിരുദ എഞ്ചിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള (ബിഇ/ബിടെക്) പ്രവേശനത്തിന്.
ജെഇഇ (മെയിൻ) പേപ്പർ 1 യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്ക് ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ (അഡ്വാൻസ്‌ഡ്) പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കും.







