ആനയിറങ്ങിയാൽ വിവരം ഉടൻ ഫോണിലെത്തും; കേരളത്തിലെ കാടുകളിൽ ഇനി AI കണ്ണുകൾ

0
30

കാട്ടാന ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാനായി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വനംവകുപ്പും ടാറ്റ ഗ്രൂപ്പും ചേർന്ന് ഒരു പദ്ധതി പുറത്തിറക്കുകയാണ്

കാട്ടാന ആക്രമണത്തിൽ പൊറുതി മുട്ടി ജനം വലയുന്ന കാഴ്‌ചകളാണ് പ്രതിദിനം നാം കണ്ടു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത്, പ്രത്യേകിച്ച് മലയോര പ്രദേശങ്ങളില്‍ നിരവധിപേരാണ് കാട്ടാന ആക്രമണത്തിൽ ഈയിടെയായി മരണപ്പെട്ടത്. ഓരോ ദിനവും വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം വർധിച്ചു വരുകയാണ്. കുടുംബത്തിൻ്റെ അത്താണിയായ മനുഷ്യരാണ് വന്യജീവികളുടെ ക്രൂരതയിൽ ചേതനയറ്റ് കിടക്കുന്നത്.

മലയോര കർഷകരാണ് ഇതു മൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ശാന്തൻപാറ,അതിരപ്പള്ളി മേഖലകളിലെ കർഷക കുടംബങ്ങൾ കാട്ടാനാക്രമണത്തിൽ പൊറുതിമുട്ടിയിരുന്നു. കാട്ടാനാക്രമണത്തിൽ പരിക്കേറ്റ അംഗങ്ങളുടെ കുടുംബത്തിന് സർക്കാർ സഹായ ധനം പ്രഖ്യാപിക്കുന്നുണ്ട്.

പക്ഷേ ഒരു നോട്ട്കെട്ടുകൾക്ക് നികത്താൻ പറ്റാത്ത ദുരിതമാണ് ഓരോ കുടുംബത്തിനും സംഭവിക്കുന്നത്. ഇതിനൊരു അറുതി വരുത്തേണ്ടത് ആവശ്യമായി മാറിയിരിക്കുകയാണ്. മാറുന്ന കാലത്ത് അത്യാധുനിക സംവിധാനങ്ങളോട് കൂടി പ്രശ്‌നം പരിഹരിക്കാൻ ഒരുങ്ങുകയാണ് വനംവകുപ്പ്. കാട്ടാന ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാനായി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വനംവകുപ്പും ടാറ്റ ഗ്രൂപ്പും ചേർന്ന് ഒരു പദ്ധതി പുറത്തിറക്കുകയാണ്. സർക്കാർ പദ്ധതിയായ ‘മിഷൻ റിയൽ ടൈം മോണിറ്ററിങ്’ എന്ന പദ്ധതിയുടെ ഭാഗമായി അഞ്ചു കോടി രൂപ ചെലവഴിച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി വനപ്രദേശത്ത് സ്ഥാപിക്കുന്ന എഐ ക്യാമകറകൾ കാട്ടാനകളുടെ സാന്നിധ്യം കണ്ടെത്തുകയും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട അധികാരികൾക്കും മൊബൈൽ സന്ദേശങ്ങളിലൂടെ വിവരങ്ങൾ കൈമാറുകയും ചെയ്യും. ഇതിലൂടെ ആനയിറങ്ങുന്ന വിവരം മനസിലാക്കി ജനങ്ങൾക്ക് മുൻകരുതൽ നൽകാൻ കഴിയും.

നെറ്റ്‌വർക്ക് ഇല്ലാത്ത കാടുകളിലും അലർട്ട്

മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത കാടുകളിൽ ലോറവാൻ (LoRaWAN – Long Range Wide Area Network) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ പരിഹരിച്ച് തത്സമയ മുന്നറിയിപ്പുകൾ നൽകാൻ സഹായിക്കും. ക്യാമറകൾ എളുപ്പത്തിൽ അഴിച്ചുമാറ്റി പുനഃസ്ഥാപിക്കാവുന്ന തരത്തിൽ പ്രത്യേക തൂണുകളിലാണ് ഇവ സ്ഥാപിക്കുക. പദ്ധതി വിജയിച്ചാൽ, ഓരോ വന മേഖലയിലും കുറഞ്ഞത് 20 യൂണിറ്റുകൾ വീതം സ്ഥാപിക്കും. ഭാവിയിൽ കടുവ, പുലി തുടങ്ങിയവയുടെ സാന്നിധ്യം തിരിച്ചറിയാൻ പറ്റുന്ന പാകത്തിൽ പദ്ധതി വികസിപ്പിക്കും.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

• സ്ഥലം മാറ്റാവുന്ന ക്യാമറകൾ: എളുപ്പത്തിൽ അഴിച്ചുമാറ്റി മറ്റ് സ്ഥലങ്ങളിൽ പുനഃസ്ഥാപിക്കാവുന്ന പ്രത്യേക തൂണുകളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. സംഘർഷസാധ്യത മാറുന്നതനുസരിച്ച് സംവിധാനം പുതിയ ഇടങ്ങളിലേക്ക് മാറ്റാം.

• സംസ്ഥാന വ്യാപനം : പൈലറ്റ് പദ്ധതി വിജയകരമായാൽ, ഓരോ വന ഡിവിഷനിലും കുറഞ്ഞത് 20 യൂണിറ്റുകൾ വീതം സ്ഥാപിച്ച് പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കും.

• ഭാവിയിൽ മറ്റ് വന്യമൃഗങ്ങൾക്കും : തുടക്കത്തിൽ കാട്ടാനകളുടെ നിരീക്ഷണത്തിനായാണ് സംവിധാനം ഉപയോഗിക്കുന്നത്. പിന്നീട് കടുവ, പുലി തുടങ്ങിയ മറ്റ് സംഘർഷസാധ്യതയുള്ള വന്യമൃഗങ്ങളെയും കണ്ടെത്താൻ പ്ലാറ്റ്‌ഫോം വികസിപ്പിക്കും.

തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് വനം മേധാവി രാജേഷ് രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, കേരള വനംവകുപ്പിന് വേണ്ടി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിന് വേണ്ടി ജനറൽ മാനേജറും ഹെഡ് – ബയോഡൈവേഴ്സിറ്റിയുമായ ഡോ. നവീൻ പാണ്ഡേ, ടാറ്റ കമ്മ്യൂണിക്കേഷൻസിന് വേണ്ടി ഡെപ്യൂട്ടി ജനറൽ മാനേജർ (IoT & Private Networks) സിദ്ധാർത്ഥ് ചിബ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഡോ. എൽ. ചന്ദ്രശേഖർ ഐ.എഫ്.എസ്., എ.പി.സി.സി.എഫ്. (ഫോറസ്റ്റ് മാനേജ്മെന്റ്), ശ്രീ. ശ്രവൺ കുമാർ വർമ്മ ഐ.എഫ്.എസ്., സി.സി.എഫ്. & ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CAMPA), ശ്രീ. കാർത്തികേയൻ ഐ.എഫ്.എസ്., സി.സി.എഫ്. (ഇക്കോഡെവലപ്‌മെന്റ് & ട്രൈബൽ വെൽഫെയർ) & മെംബർ സെക്രട്ടറി SFDA, ഡോ. സി. മീനാക്ഷി ഐ.എഫ്.എസ്., സി.എഫ്. & പി.സി.സി.എഫ്. & സി.ഡബ്ല്യു.ഡബ്ല്യു.വിന്റെ സാങ്കേതിക ഉപദേഷ്ടാവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വന്യജീവി സംഘർഷ ലഘൂകരണത്തിൽ ഈ സാങ്കേതിക പദ്ധതി ഒരു നിർണായക നാഴികക്കല്ലായിരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ഏഷ്യൻ ആനകളുടെ സംരക്ഷണത്തിനായി ടാറ്റ മോട്ടോഴ്‌സ് നടപ്പാക്കുന്ന ‘പ്രോജക്റ്റ് മാക്സിമസ്’ പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ സംരംഭം. മലയോര മേഖലയിലെ നിരവധി കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന കാര്യം ഉറപ്പാണ്. വനപ്രദേശങ്ങൾക്ക് അടുത്ത് താമസിക്കുന്ന ആളുകൾക്ക് അപകട സാധ്യത മുൻകൂട്ടി മനസിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയും. അത്യാധുനിക സാങ്കേതിക വിദ്യ എങ്ങനെ മനുഷ്യന് ഉപയോഗപ്രദമാക്കി മാറ്റാം എന്നുള്ളതിൻ്റെ ഏറ്റവും മഹത്തരമായ ഉദാഹരണമാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here