ചരിത്രത്തിലെ ഏറ്റവും പരിചയസമ്പന്നയായ വനിത സ്‌പേസ്‌വാക്കർ ആണ് സുനിത വില്യംസ്. നീണ്ട 9 മാസം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷം മടങ്ങിയെത്തി മാസങ്ങൾക്ക് ശേഷമാണ് സുനിത വിരമിക്കുന്നതായി നാസ പ്രഖ്യാപിച്ചത്.
ഹൈദരാബാദ്: നീണ്ട 27 വർഷത്തെ സേവനത്തിനൊടുവിൽ ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്ന് പടിയിറങ്ങുന്നു. ഇന്നലെയാണ് വിരമിച്ച വിവരം നാസ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2025 ഡിസംബർ 27ന് വിരമിക്കൽ പ്രാബല്യത്തിൽ വന്നതായി നാസ അറിയിച്ചു.
608 ദിവസങ്ങളോളം ബഹിരാകാശത്ത് ചെലവഴിച്ച ബഹിരാകാശ വിസ്‌മയമാണ് സുനിത വില്യംസ്. ഇക്കാലയളവിനുള്ളിൽ ബഹിരാകാശ മേഖലയ്‌ക്കായി നിരവധി സംഭാവനകൾ നൽകാനും, നിരവധി റെക്കോർഡുകൾക്ക് സൃഷ്‌ട്ടിക്കാനും സുനിതയ്ക്ക് സാധിച്ചിട്ടുണ്ട്. ബഹിരാകാശ പേടകത്തിന്‍റെ തകരാറ് കാരണം അപ്രതീക്ഷിതമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നീണ്ട ഒമ്പത് മാസങ്ങളോളം തങ്ങേണ്ടിവന്നപ്പോഴും ധൈര്യം കൈവിടാതെ പ്രവർത്തിച്ച ധീരവനിതയാണ് സുനിത വില്യംസ്.
കൂടുതൽ സമയം ബഹിരാകാശ നടത്തം നടത്തി റെക്കോർഡ് സ്വന്തമാക്കിയ വനിതയാണ് സുനിത വില്യംസ്. ഒമ്പത് തവണകളിലായി ഇവർ ബഹിരാകാശ നിലയത്തിന് പുറത്ത് സഞ്ചരിച്ചിട്ടുണ്ട്. 62 മണിക്കൂറും ആറ് മിനിറ്റും സമയം ചെലവഴിച്ചാണ് ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയാക്കിയത്. 60 ബഹിരാകാശ നടത്തങ്ങളിലായി ബഹിരാകാശ നിലയത്തിൽ 60 മണിക്കൂറും 21 മിനിറ്റും ചെലവഴിച്ച പെഗ്ഗി വിറ്റ്‌സണിന്‍റെ റെക്കോർഡ് തകർത്താണ് സുനിത ഈ നേട്ടം കൈവരിച്ചത്.
1998ലാണ് സുനിത വില്യംസ് നാസയിൽ ചേരുന്നത്. 2024 ജൂൺ 5നായിരുന്നു അവസാനദൗത്യം. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിതയും സഹയാത്രികനായ ബുച്ച് വിൽമോറും യാത്ര തിരിച്ചതെങ്കിലും ബോയിങിന്‍റെ സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറും കാരണം മടക്കയാത്ര വൈകി. പിന്നീട് 9 മാസങ്ങൾക്ക് ശേഷം 2025 മാർച്ച് 19നാണ് തിരിച്ചെത്തുന്നത്. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് വിരമിക്കൽ വാർത്തകൾ പുറത്തുവരുന്നത്.






