ന്യൂഡൽഹി: ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണി ഇന്ത്യയെയും ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ. ഇറാൻ വൻതോതിലുള്ള സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ട്രംപിൻ്റെ ഭീഷണി.
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവ ഉള്‍പ്പെടെ ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയുള്ള ട്രംപിൻ്റെ പുതിയ ഭീഷണി ഇന്ത്യയ്‌ക്ക് ചെറിയ തോതിൽ ആഘാതം സൃഷ്‌ടിച്ചേക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ മികച്ച 50 വ്യാപാര പങ്കാളികളിൽ പോലും ഇറാൻ ഉള്‍പ്പെടുന്നില്ല. എന്നാൽ ഇന്ത്യയുടെ മൊത്തം വ്യാപാരത്തിൻ്റെ ഏകദേശം 0.15 ശതമാനം ഇറാനുമായുള്ളതാണ്. അതായത് ഇറാനുമായുള്ള ഇന്ത്യയുടെ വ്യാപാരം 1.6 ബില്യൺ യുഎസ് ഡോളറാണ്.
ട്രംപിൻ്റെ പുതുതായി പ്രഖ്യാപിച്ച അധിക തീരുവ കൂടി പ്രാബല്യത്തിൽ വന്നാൽ ഇന്ത്യയ്‌ക്ക് മേലുള്ള മൊത്തം തീരുവ 75 ശതമാനമായി ഉയരും. ഭക്ഷ്യവസ്‌തുക്കളും മരുന്നുകളുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ട്രംപ് തൻ്റെ ആദ്യ ടേമിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ കാരണം 2019 മെയ് മാസത്തിൽ ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തിയിരുന്നു.
ഇറാൻ്റെ നിലവിലെ വ്യാപാരം 68 ബില്യൺ യുഎസ് ഡോളറാണ്. രാജ്യത്തിന്റെ മുൻനിര ഇറക്കുമതി പങ്കാളികൾ യുഎഇ (21 ബില്യൺ യുഎസ് ഡോളർ, ഇറാൻ്റെ ഇറക്കുമതിയുടെ 30 ശതമാനം), ചൈന (17 ബില്യൺ യുഎസ് ഡോളർ അല്ലെങ്കിൽ 26 ശതമാനം), തുർക്കി (11 ബില്യൺ യുഎസ് ഡോളർ അല്ലെങ്കിൽ 16 ശതമാനം), യൂറോപ്യൻ യൂണിയൻ (6 ബില്യൺ യുഎസ് ഡോളർ അല്ലെങ്കിൽ 9 ശതമാനം) എന്നിവയാണ്.
ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ഇറാനെതിരേ ശക്തമായ നടപടി ആലോചിക്കുന്നതായി ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാനുമേൽ സമ്മർദം ചെലുത്താനായി തീരുവ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇറാനുമായി വ്യാപാരപങ്കാളിത്തമുള്ള ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന രാജ്യങ്ങളെയെല്ലാം ബാധിക്കുന്നതാണ് യുഎസിൻ്റെ പുതിയ നടപടി.
ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള പ്രതിഷേധം കനക്കുന്നു. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കവിഞ്ഞതായാണ് റിപ്പോർട്ട്. യുഎസ് സൈനികമായി ഇടപെട്ടാൽ തിരിച്ചടിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ വ്യാപാര ഭീഷണി. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ യുഎസ് ഇടപെടേണ്ടെന്നും മുന്നറിയിപ്പ് ഇറാനിൽ നൽകുന്നു.





