കാസർകോട് : റാപ്പർ വേടൻ്റെ സംഗീത പരിപാടിക്കിടെ അപകടം. കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. പരിപാടി കാണാൻ എത്തിയ നിരവധി പേർക്ക് തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിപാടിക്കിടെ പരിക്കേറ്റത്.
പരിക്കേറ്റതിനെ തുടർന്ന് നിരവധി പേരെ കാഞ്ഞങ്ങാട്ടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 15 ഓളം പേരെയാണ് ഇന്നലെ (ഡിസംബർ 29) രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ആരുടെയും നില ഗുരുതരമല്ലെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.
പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപത്തെ റെയില്‍വേ പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുന്നതിനായി പാളം മുറിച്ച് കടക്കുന്നിതിനിടെയായിരുന്നു അപകടം. പൊയിനാച്ചി സ്വദേശി ശിവാനന്ദ് (19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
ഇന്നലെ രാത്രി ഒൻപത് മണിയോടെ ആണ് വേടൻ്റെ സംഗീത പരിപാടി ആരംഭിച്ചത്. ഒൻപത് മണിക്ക് മുൻപ് തന്നെ വലിയ ജനക്കൂട്ടം പരിപാടി നടക്കുന്ന വേദിയിലും പരിസരത്തുമായി എത്തിതുടങ്ങി. ആളുകൾ നേരത്തെ എത്തിത്തുടങ്ങിയതോടെ വലിയ ജനത്തിരക്ക് അനുഭവപ്പെടുകയായിരുന്നു. തിരക്ക് കൂടി വന്ന സാഹചര്യത്തിൽ എല്ലാവരും സ്വയം സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സംഘടകർ അനൗൺസ്‌മെൻ്റ് നടത്തിയിരുന്നു.
അതേസമയം തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സംഘാടകർ പറഞ്ഞു. മുൻ ഭാഗത്തേക്ക് ആൾക്കാർ ഇടിച്ചുകയറിയതാണ് വലിയ തിരക്കിന് കാരണമായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ശാരീരിക അസ്വസ്ഥതകൾ മാത്രമെ ഉണ്ടായിട്ടുള്ളൂ. അതേ തുടർന്നാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
റെയിൽപാളം മറികടന്നും, ബീച്ച് വഴിയും ആൾക്കാർ പരിപാടി സ്ഥലത്തേക്ക് ഇടിച്ച് കയറി. അത്തരം വഴികൾ അടച്ചിരുന്നു. പരിപാടിയിൽ പ്രതീക്ഷിച്ചതിലും അധികം ആളുകൾ എത്തിയതാണ് അപകടത്തിന് കാരണം. പരിപാടിക്ക് എത്തിയ ആളുകളെ വിവിധ ഗേറ്റുകൾ വഴിയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. എന്നാൽ തിരക്കിനിടയിൽ നിരവധി ആളുകൾ വേദിയിലേയ്‌ക്ക് ഇടിച്ച് കയറി അവയെല്ലാം നശിപ്പിച്ചു. പരിപാടിക്കിടെ പൊലീസ് കൃത്യമായി കാര്യങ്ങൾ നിയന്ത്രിച്ചിരുന്നെന്ന് ബിആർഡിസി (BRDC) എം ഡി ഷിജിൻ പറമ്പത്ത് പറഞ്ഞു.






