അറോറ ബോറിയാലിസ് (Aurora Borealis)

0
45

ഉത്തരധ്രുവത്തിൽ രാത്രി ആകാശത്ത് കാണുന്ന വർണ്ണാഭമായ പ്രകാശപ്രദർശനമാണ് അറോറ ബോറിയാലിസ് (Aurora Borealis).  സൂര്യൻ അയയ്ക്കുന്ന കണികകൾ ഭൂമിയുടെ വടക്കേ അറ്റത്ത് വന്ന് അന്തരീക്ഷത്തിലെ വായുവുമായി കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന വർണ്ണാഭമായ പ്രകാശമായ   ഇതിനെ മലയാളത്തിൽ ധ്രുവദീപ്തി (Polar Lights) അല്ലെങ്കിൽ വടക്കൻ വിളക്കുകൾ എന്ന് വിളിക്കുന്നു.  ഭൂമിയുടെ വടക്കൻ ധ്രുവപ്രദേശങ്ങളിൽ രാത്രിയിൽ ആകാശത്ത് കാണുന്ന പ്രകാശങ്ങളുടെ നൃത്തം.  ഇത് സൗരവാതത്തിലെ ചാർജ്ജ് കണികകൾ ഭൂമിയുടെ അന്തരീക്ഷത്തിലെ വാതകങ്ങളുമായി കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്നു (ഓക്സിജൻ പച്ചയും ചുവപ്പും, നൈട്രജൻ നീലയും ധൂമ്രനീലയും നൽകുന്നു).

സൂര്യനിൽ നിന്നുള്ള ചാർജ്ജ് കണികകൾ (സൗരവാതം) ഭൂമിയുടെ കാന്തികക്ഷേത്രത്താൽ ധ്രുവങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു, അവ അന്തരീക്ഷത്തിലെ വാതകങ്ങളുമായി കൂട്ടിയിടിക്കുമ്പോൾ പ്രകാശമുണ്ടാക്കുന്നു. ഭൂമിയുടെ കാന്തികധ്രുവങ്ങളിൽ നിന്ന് 18° മുതൽ 23° വരെ അകലെയുള്ള ഉപര്യന്തരീക്ഷമേഖലകളിൽ രാത്രിയുടെ ആദ്യയാമം മുതൽ പ്രത്യക്ഷപ്പെടുന്ന ദീപ്തിപ്രസരത്തെയാണ് ധ്രുവദീപ്തി (aurora) എന്ന് പറയുന്നത്. ഇത് പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ കാണുന്നത്. സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുന്നു. ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്.

മിക്കപ്പോഴും ഏതാനും മിനിട്ടുകൾ മാത്രം നീണ്ടുനില്ക്കുന്ന ഈ പ്രകാശധോരണി ചിലപ്പോൾ മണിക്കൂറുകളോളം തുടർന്നു പോവാറുണ്ട്. വിദൂരതയിൽ അഗ്നിജ്വാലപോലുള്ള ഒരു തേജസ്സ് പ്രത്യക്ഷപ്പെടുന്നു. വിവിധ വലിപ്പത്തിലും വർണത്തിലുമുള്ള പ്രകാശനാടകളായി അവ ആകാശത്തിന്റെ ഉച്ചകോടിയിലേക്കു നീളുന്നു. പിന്നെ അവ അങ്ങനെതന്നെ തങ്ങിനിന്നു വെളിച്ചം വിതറും. ചുവപ്പ്, പച്ച, നീല വർണങ്ങളാണ് പ്രധാനമായും ഉണ്ടാവുക. ചിലപ്പോൾ മൂടൽമഞ്ഞുപോലെ തോന്നിക്കുന്ന ഇരുട്ടിന്റെ നേരിയ പാടയിൽ ഈ ദീപ്തിപ്രസരം പാടെ മങ്ങിപ്പോകുന്നു. അല്പസമയത്തിനുശേഷം ഈ മറ ഭേദിച്ചു വീണ്ടും പ്രകാശം പരക്കുന്നു. അപ്പോൾ ഉലയിലിട്ടു പഴുപ്പിച്ച ഇരുമ്പുപാളിയുടെ ശോഭയായിരിക്കും പ്രകാശവീചികൾക്കുണ്ടാവുക. പ്രഭാതമാകുന്നതോടെ ഈ പ്രകാശം ക്രമേണ വിളറിവെളുത്ത് അന്തർധാനം ചെയ്യുന്നു. തീവ്രതയിലും വർണപ്പകിട്ടിലും പ്രകൃതിയിലും വ്യത്യസ്തമായിട്ടായിരിക്കും ഇവ ആവർത്തിക്കുന്നത്. ഒരേ സ്ഥാനത്തുതന്നെ തുടർന്നു പ്രത്യക്ഷപ്പെടണമെന്നുമില്ല. ഇവ ചന്ദ്രികയുള്ള രാത്രികളിൽ പ്രായേണ മങ്ങിക്കാണപ്പെടും. അറോറാകളിലെ വർണവിശേഷങ്ങളിൽ പ്രമുഖം പച്ചകലർന്ന മഞ്ഞയാണ്. ചിലപ്പോൾ ഇളം നീലയോ ചുവപ്പോ ആയിക്കൂടെന്നില്ല. സൗരപ്രജ്ജ്വാലകളുടെ ആധിക്യമുള്ളപ്പോൾ വർണരാജിയിലെ മുന്തിയ നിറം കടുംചുവപ്പായിരിക്കും. പച്ചകലർന്ന മഞ്ഞയുടെ പശ്ചാത്തലത്തിൽ ചുവപ്പും നീലയും ഇടകലർന്ന നാടകളോടുകൂടിയ തൊങ്ങലുകളാണ് അറോറാപ്രകാശത്തിലെ അത്യന്തം ആകർഷകമായ ദൃശ്യം.

രാത്രിയുടെ ആരംഭത്തിൽത്തന്നെ പ്രഭാവൈചിത്ര്യം പ്രത്യക്ഷപ്പെടുന്നു. എന്നാൽ അർധരാത്രിക്ക് ഒന്നോ രണ്ടോ മണിക്കൂറുകൾക്കു മുൻപാണ് പ്രകാശം ഏറ്റവും തീക്ഷ്ണമാകുന്നത്. വിഷുവ (Equinox) കാലങ്ങൾക്കടുത്ത് അറോറാകളുടെ ആവൃത്തി അധികമായി കാണുന്നു. സൗര ആളലുകൾക്കു (solar flares) ശേഷം അറോറകൾ വളരെ തീവ്രമായിരിക്കുന്നതായും കാണുന്നു. ഉത്തര ദക്ഷിണ ധ്രുവദീപ്തികൾ തമ്മിൽ കാര്യമായ യാതൊരു വ്യത്യാസവുമില്ല. ഭൂമിയുടെ കാന്തികധ്രുവത്തെ ചുറ്റി 23° അകലത്തോളമുള്ള മേഖലയിലാണ് അറോറാ ബോറിയാലിസ് പ്രത്യക്ഷപ്പെടുന്നത്. അറോറാ ആസ്റ്റ്രേലിസ് ആകട്ടെ കാന്തികധ്രുവത്തിന് 18° അകലത്തോളം മാത്രം പ്രത്യക്ഷപ്പെടുന്നു. ഉത്തരാർധഗോളത്തിൽ കാന്തികധ്രുവത്തിന്റെ സ്ഥാനം ഗ്രീൻലൻഡിന്റെ വ.പടിഞ്ഞാറു ഭാഗത്തുള്ള തൂലെ (Thule) ആണ്. അലാസ്ക, ഹഡ്സൺ ഉൾക്കടൽ, ലാബ്രഡോർ, നോർവേ, സ്വീഡൻ, സൈബീരിയയുടെ വടക്കൻതീരം എന്നീ പ്രദേശങ്ങൾ അറോറാ മേഖലയിൽ ഉൾ പ്പെട്ടിരിക്കുന്നു. ദക്ഷിണാർധഗോളത്തിൽ കാന്തികധ്രുവവും അറോറാ മേഖലയും അന്റാർട്ടിക്കയിലാണ്.

പുരാതന യവനപണ്ഡിതന്മാർക്കും റോമാക്കാർക്കും ഈ പ്രകാശപ്രസരത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അരിസ്റ്റോട്ടൽപ്ലിനി, സെനേക്കാ എന്നിവർ ഇതേക്കുറിച്ചു വിവരിച്ചിട്ടുണ്ട്. ഉത്തര ധ്രുവീയമേഖലകളിൽ കണ്ടുപോരുന്ന ഈ പ്രകാശവൈചിത്ര്യത്തെ പൗരാണികർ ‘അറോറാ ബോറിയാലിസ്’ (Aurora Borealis) എന്നു വിളിച്ചു. ദക്ഷിണധ്രുവ മേഖലയിലെ ദീപ്തിവിശേഷത്തെപ്പറ്റി ആദ്യം സൂചന നല്കിയത് ക്യാപ്റ്റൻ കുക്ക് (1773) ആയിരുന്നു. അദ്ദേഹം അതിനെ ‘അറോറാ ആസ്റ്റ്രേലിസ്’ (Aurora Australis) എന്നു വിളിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here