പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്;

0
38

പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുന്നത്. സിപിഎം നേതൃത്വ യോഗത്തില്‍ ജനവിധി ചര്‍ച്ച ചെയ്യപ്പെടും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷൻമാരെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 10 30 ഓടെ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ഉച്ചയ്ക്ക് 2.30 ഓടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.

941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ,14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ പാര്‍ട്ടിയില്‍ നിന്ന് ജയിച്ചവരെ പോലെ തന്നെ വിമതന്‍മാരും നിര്‍ണായകമാകും. അതേസമയം തദ്ദേശ സ്ഥാപനങ്ങലിലേക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴു വരെ നടക്കും.

സിപിഎമ്മിൻ്റെ നേതൃത്വ സമിതി യോഗത്തിന് ഇന്ന് തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശതെരഞ്ഞെടുപ്പ് ജനവിധിയുടെ സമഗ്ര വിലയിരുത്തലിന് സിപിഎം നേതൃയോഗം ഇന്ന് മുതൽ ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പലയിടത്തും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള സമഗ്ര വിലയിരുത്തലാണ് നടക്കുന്നത്. യോഗങ്ങള്‍ തിരുവനന്തപുരത്ത് വച്ചാണ് നടക്കുന്നത്. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത രണ്ടു ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്.

എന്നാല്‍ ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായിട്ടില്ലന്നുമുള്ള പാര്‍ട്ടിയുടെ നിലപാടിനോട് പല ജില്ലാ കമ്മിറ്റികളും യോജിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെയുള്ള പാര്‍ട്ടി വിശദീകരണത്തില്‍ ഭരണ വിരുദ്ധ വികാരമോ ശബരിമല വിവാദമോ ഉൾപ്പെടുത്തിയിരുന്നില്ല.

തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് 22 ചോദ്യങ്ങളാണ് പാര്‍ട്ടി താഴെ തട്ടിലേക്ക് നല്‍കിയിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയുടെ വീഴ്‌ചകളും മെച്ചപ്പെടുത്തലുകളും നേതൃത്വ യോഗത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കും.

മേയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളിലും മേയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.സംസ്ഥാനത്തെ കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ എന്നീ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നലെയായിരുന്നു.

തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമായി ബിജെപിയും കൊല്ലത്ത് ഇതാദ്യമായി കോണ്‍ഗ്രസും മേയര്‍ സ്ഥാനം സ്വന്തമാക്കി. അധ്യക്ഷ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കേരളത്തിലെ ആറ് കോർപ്പറേഷനുകളിലും 86 നഗരസഭകളിലും പുതിയ മേയര്‍മാരും ചെയര്‍പേഴ്‌സണ്‍മാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.

കൊച്ചി, തൃശൂര്‍, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനുകളിലാണ് പുതിയ മേയര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്‌തത്. വൻ അട്ടിമറികളും ഗ്രൂപ്പ് പോരുകളും നാടകീയ നീക്കങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രക്രിയക്കൊടുവിലാണ് പുതിയ നഗരപിതാക്കൾ സ്ഥാനമേറ്റെടുത്തത്.

തിരുവനന്തപുരം കോർപ്പറേഷൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുത്തൻ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ബിജെപിയുടെ വി വി രാജേഷ് മേയറായി. രാവിലെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 100 കൗണ്‍സിലര്‍മാരില്‍ 99 പേര്‍ വോട്ട് ചെയ്തു. 50 ബിജെപി അംഗങ്ങളുടേയും കണ്ണമ്മൂല വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍റേയും വോട്ട് നേടി 51 വോട്ടോടെയാണ് രാജേഷ് വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here