മാറി മറിയുന്ന ജനവിധി, സ്വതന്ത്രര്‍ നിശ്ചയിക്കുന്ന ഭരണം;

0
34

ഇടതും വലതും കിണഞ്ഞ് പോരാടുന്ന മണ്ണ്. രാഷ്‌ട്രീയ വേദിയില്‍ ഇടംപിടിക്കുന്ന ജനകീയ മുന്നണികള്‍. അറബിക്കടലിലെ ഉപ്പുകാറ്റിലും വാടാത്ത എറണാകുളത്തിന്‍റെ രാഷ്‌ട്രീയം.

കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്‍റെ ആ മാസ് ഡയലോഗ് ഓർമയില്ലേ? ബിലാല്‍ ഫേമസ് ആക്കുന്നതിന് വർഷങ്ങള്‍ക്ക് മുൻപ് തന്നെ കൊച്ചിയും അതുവഴി എറണാകുളവും ലോക പ്രസിദ്ധമാണ്. പഴയ കൊച്ചിയായിരുന്ന കാലം, അന്ന് കൊച്ചി രാജ്യമായിരുന്നു. പറങ്കികളും (പോർച്ചുഗീസുകാർ), ലന്തക്കാരും (ഡച്ചുകാർ), പരിന്തിരിസുകളും (ഫ്രഞ്ചുകാർ), ബിലാത്തികളും (ഇംഗ്ലീഷുകാർ) ഒക്കെ കടല്‍മാർഗം കൊച്ചിയിലെത്തി, കച്ചവടത്തിനും മറ്റുമായി. അങ്ങിനെ കൊച്ചി പ്രസിദ്ധമായ വ്യാപാര കേന്ദ്രമായി.

1958 ഏപ്രിൽ 1-നാണ് കണയന്നൂർ, കൊച്ചി, കുന്നത്തുനാട്, ആലുവ, പറൂർ താലൂക്കുകൾ ഉൾപ്പെടുത്തി എറണാകുളം നിലവില്‍ വന്നത്. വടക്ക് തൃശൂർ ജില്ലയുമായും, കിഴക്ക് ഇടുക്കി ജില്ലയുമായും, തെക്ക് ആലപ്പുഴയും, കോട്ടയം ജില്ലകളുമായും, പടിഞ്ഞാറ് ലക്ഷദ്വീപ് കടലുമായും അതിർത്തി പങ്കിടുന്നു എറണാകുളം. പലരേയും പല സംസ്‌കാരങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിച്ച എറണാകുളം പുരാതന കാലം മുതല്‍ തന്നെ ദക്ഷിണേന്ത്യൻ രാഷ്‌ട്രീയ ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഇടതിനെ പാടെ കൈവിട്ട് എറണാകുളം

84 ഗ്രാമ പഞ്ചായത്തുകളും 14 ബ്ലോക്ക് പഞ്ചായത്തുകളും ഒരു കോർപ്പറേഷനും 13 നഗരസഭകളും അടങ്ങുന്നതാണ് എറണാകുളം. മിക്കതും യുഡിഎഫിന് മേല്‍ക്കോയ്‌മയുള്ള ഇടങ്ങള്‍.2010 തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് തന്നെയാണ് മിടുക്കു കാട്ടിയത്. ഇതേ വർഷം സംസ്ഥാനത്ത് എല്‍ഡിഎഫ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടതും എറണാകുളത്ത് തന്നെ. കൊച്ചി കോർപ്പറേഷൻ ഉള്‍പ്പെടെ 95 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണം ഇടതിന് നഷ്‌ടമായി.

2010 ല്‍ 22 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തോടെ യുഡി എഫ് ഭരിച്ച ജില്ലാ പഞ്ചായത്തില്‍ ഇടതു മുന്നണി വലിയ തിരിച്ചു വരവ് നടത്തിയെങ്കിലും 2015 ല്‍ ഭരണം പിടിക്കാനായില്ല.ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് പതിനഞ്ച്, എല്‍ഡിഎഫ് 11, സ്വതന്ത്രന്‍ 1 എന്നതായിരുന്നു 2015 ലെ കക്ഷി നില. 2020 ലും എറണാകുളം ജില്ലാ പഞ്ചായത്ത് യുഡിഎഫ് വിട്ടു കൊടുത്തില്ല. 16 സീറ്റ് നേടി യുഡി എഫ് 2020 ല്‍ എറണാകുളം ജില്ലാ പഞ്ചായത്തില്‍ നില മെച്ചപ്പെടുത്തുന്നതാണ് കണ്ടത്.

2010 ല്‍ 46 സീറ്റുമായി കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണമായിരുന്നു. ടോണി ചമ്മിണിയായിരുന്നു മേയര്‍. 2015 ല്‍ യുഡിഎഫ് 36 സീറ്റോടെ ഭരണം പിടിച്ചു. സൗമിനി ജെയിന്‍ മേയറായി. 2020 ല്‍ 31 സീറ്റ് നേടിയ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചില്ല. 34 സീറ്റ് നേടിയ ഇടതു മുന്നണിക്കും ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ല. അഞ്ചിടത്ത് ബിജെപി കൗണ്‍സിലര്‍മാര്‍ ജയിച്ചപ്പോള്‍ ജയിച്ചു വന്ന നാല് സ്വതന്ത്രര്‍ നിര്‍ണ്ണായകമായി. ഇവരില്‍ രണ്ടു പേരുടെ പിന്തുണ സ്വന്തമാക്കിയാണ് കൊച്ചി നഗരസഭ ഇടതു മുന്നണി പിടിച്ചെടുത്തത്.

2010 – യുഡിഎഫ് തേരോട്ടം, എസ്‌എൻഡിപിയോട് കൈകോർത്ത് ബിജെപി

82.58 ശതമാനം പോളിങ് ആണ് 2010ല്‍ എറണാകുളത്ത് രേഖപ്പെടുത്തിയത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 49.72 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 38.61 ശതമാനം വോട്ടാണ് നേടിയത്. ബിജെപിക്ക് വലിയ റോള്‍ ഇല്ലാത്ത എറണാകുളത്ത് 2.8 ശതമാനം വോട്ടാണ് ഇക്കുറി ബിജെപിയ്‌ക്ക് ലഭിച്ചത്. പിഡിപി, എസ്‌ഡിപിഐ, ബിഎസ്‌പി, ഐഎൻഡി തുടങ്ങിയ പാർട്ടികളും മത്സര രംഗത്തുണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ ഈ പാർട്ടികള്‍ നേടിയത് 6.59 ശതമാനം വോട്ടാണ്.

ജില്ലാ പഞ്ചായത്തിലും യുഡിഎഫ് തേരോട്ടമായിരുന്നു. 49.03 ശതമാനം വോട്ടോടെ യുഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു. എല്‍ഡിഎഫ് 34.41 ശതമാനം വോട്ടാണ് നേടിയത്. ബിജെപി 4.78 ശതമാനം വോട്ടും പിടിച്ചു. ഗ്രാമപഞ്ചായത്തുകളിലും ചിത്രം മറ്റൊന്നായിരുന്നില്ല. 84 പഞ്ചായത്തുകളില്‍ യുഡിഎഫ് 44.8 ശതമാനം വോട്ട് പിടിച്ചു. എല്‍ഡിഎഫിന് ലഭിച്ചത് 36.47 ശതമാനമാണ്. ജില്ലാപഞ്ചായത്ത, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ബിജെപിയ്‌ക്ക് ചുരുങ്ങിയ വോട്ടുകളാണ് നേടാനായത്. 25397 വോട്ടുകള്‍ അഥവാ 1.94 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്.

2015 – കോണ്‍ഗ്രസിനെ തറപറ്റിച്ച ട്വന്‍റി20, കിഴക്കമ്പലത്ത് പിറന്നത് ചരിത്രം

2010 ല്‍ ഭരണം പോയ തദ്ദേശ സ്ഥാപനങ്ങളെല്ലാം തിരിച്ചു പിടിക്കാൻ തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടാണ് 2015 ല്‍ ഇടത് പാളയം പടക്കിറങ്ങിയത്. മുന്നണിയ്‌ക്ക് പുറത്ത് പ്രാദേശിക സഖ്യങ്ങള്‍ ഉണ്ടാക്കി. ഇതോടെ സ്വന്തം സ്ഥാനാർഥികള്‍ക്ക് പകരം പലയിടത്തും സ്വതന്ത്രരെ നിർത്തിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മികച്ച സ്ഥാനാർഥികളായിരുന്നു മത്സര രംഗത്ത്.

യുഡിഎഫ് പക്ഷേ സ്ഥായിയായ ആത്മവിശ്വാസത്തിലായിരുന്നു. ഭരണ വിരുദ്ധ വികാരമില്ലെന്ന കണക്കുകൂട്ടലില്‍ തന്നെയായിരുന്നു യുഡിഎഫ്. എന്നിരുന്നാലും യുഡിഎഫിന് വിലങ്ങുതടിയായി വിമത ശല്യം ഇത്തവണ എറണാകുളത്ത് രൂക്ഷമായിരുന്നു. പക്ഷേ യുഡിഎഫ് പ്രതീക്ഷ കൈവിട്ടില്ല. എല്‍ഡിഎഫിലെ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കനുകൂലമാകുമെന്നും യുഡിഎഫ് തീർത്ത് വിശ്വസിച്ചു.

ബിജെപി എസ്‌എൻഡിപിയുമായി കൈകോർത്താണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈഴവ വോട്ടുകള്‍ ഏറെയുള്ള ഇടങ്ങളില്‍ കണ്ണുവച്ചായിരുന്നു ബിജെപിയുടെ എസ്‌എൻഡിപി കൂട്ട്. മൂന്ന് മുനിസിപ്പാലിറ്റികളില്‍ തങ്ങള്‍ക്കനുകൂല കാറ്റ് വീശുമെന്നും കോർപറേഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും കൂടുതല്‍ സീറ്റ് നേടാനാകുമെന്നുമുള്ള വിശ്വാസത്തിലായിരുന്നു ബിജെപി.

78.5 ശതമാനമായിരുന്നു ഇത്തവണ എറണാകുളത്തെ പോളിങ്. കൊച്ചി കോർപ്പറേഷനില്‍ മാത്രം 69.62 ശതമാനം വോട്ടർമാർ വോട്ടുരേഖപ്പെടുത്തി. ജില്ലാ പഞ്ചായത്ത് യുഡിഎഫിനൊപ്പം നിന്നു. യുഡിഎഫ് 16, എല്‍ഡിഎഫ് 11 എന്നായിരുന്നു കക്ഷി നില.

ഏക കോർപ്പറേഷനായ കൊച്ചി കോർപ്പറേഷനില്‍ 74 വാർഡുകളാണ് ഉള്ളത്. ഇതില്‍ യുഡിഎഫിന് ലഭിച്ചത് 37ഉം എല്‍ഡിഎഫിന് ലഭിച്ചത് 31ഉം ബിജെപിക്ക് ലഭിച്ചത് രണ്ടുമാണ്. ഇവിടെ വിജയിച്ച നാല് സ്വതന്ത്രന്മാരില്‍ ഒരാള്‍ യുഡിഎഫിനെയും മൂന്ന് പേർ എല്‍ഡിഎഫിനെയും പിന്തുണച്ചെങ്കിലും വിജയം അട്ടിമറിക്കാൻ എല്‍ഡിഎഫിനായില്ല. 13 നഗരസഭകളില്‍ ആറെണ്ണം യുഡിഎഫിനെ പിന്തുണച്ചു. ഏഴ് നഗര സഭകളില്‍ എല്‍ഡിഎഫ് വിജയിച്ചു. 14 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്പതിടങ്ങളില്‍ യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫിന് നേടാനായത് അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളാണ്. 82 ഗ്രാമപഞ്ചായത്തുകളില്‍ 42 പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. എന്നാല്‍ 42 പഞ്ചായത്തുകളിലാണ് യുഡിഎഫിന് വിജക്കൊടി പാറിക്കാനായത്. ഒരു പഞ്ചായത്ത് ട്വന്‍റി20 പാർട്ടിയും നേടി.

തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ട്വന്‍റി20

സാധാരണ ക്രിക്കറ്റ് മത്സരത്തില്‍ മാത്രം കേട്ടിരുന്ന ‘ട്വന്‍റി20’ തെരഞ്ഞെടുപ്പ് മുഖത്തും കേട്ടുതുടങ്ങിയ കാലം. 2015 ട്വന്‍റി20യെ സംബന്ധിച്ച് ഏറെ പ്രസക്തമാണ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തിലെ 19ല്‍ 17 സീറ്റുകള്‍ നേടി അപ്രതീക്ഷിതമായി ട്വന്‍റി20 ചരിത്രത്തിന്‍റെ ഭാഗമായി. 2010ല്‍ 15 സീറ്റ് നേടി കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചായത്താണ് ഒറ്റയടിക്ക് ട്വന്‍റി20 തൂത്തുവാരിയത്. കോണ്‍ഗ്രസിനാകട്ടെ 2015ല്‍ ഒരൊറ്റ സീറ്റിലേക്ക് കൂപ്പുകുത്തേണ്ടി വന്നു. അക്ഷരാർഥത്തില്‍ യുഡിഎഫിനെ തറപറ്റിച്ചായിരുന്നു ട്വന്‍റി20 വിജയ കിരീടം ചൂടിയത്.

2020 – ചരിത്രം കുറിച്ച് ജനകീയ കൂട്ടായ്‌മകള്‍

കൊവിഡ് കാലത്തെ വോട്ടെടുപ്പ് എന്ന നിലയില്‍ സവിശേഷമായിരുന്നു 2020 ലെ തെരഞ്ഞെടുപ്പ്. 2015ലെ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠം പഠിച്ച് എറണാകുളത്ത് മൂന്ന് മുന്നണികളും ഇത്തവണ നേരത്തെ തന്നെ കോപ്പുകൂട്ടി തുടങ്ങിയിരുന്നു. യുഡിഎഫ് സ്ഥിരം ആത്മവിശ്വാസത്തിലായിരുന്നു. മുന്നണികള്‍ കാലേക്കൂട്ടി തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പ്രചാരണങ്ങളില്‍ സജീവമായി. പക്ഷേ വിലങ്ങുതടിയായി മുന്നണി പാളയങ്ങളില്‍ മൂപ്പിളമ തർക്കങ്ങളും പോരും അസ്വാരസ്യങ്ങളും അതൃപ്‌തിയും ഉണ്ടായിക്കൊണ്ടേയിരുന്നു. ഇതിനെല്ലാം പുറമെ ട്വൻടി20 അടക്കം പലവിധ ജനകീയ കൂട്ടായ്‌മകളും സജീവവവുമായിരുന്നു.

ജനകീയ മുന്നണികളില്‍ പ്രധാനിയായിരുന്നു ഇത്തവണ വിഫോർ കൊച്ചി. കൊച്ചി കോർപറേഷനില്‍ അത്ര ചെറുതല്ലാത്ത ചില അനക്കങ്ങള്‍ സൃഷ്‌ടിക്കാൻ ഈ ‘പൈതല്‍’ സംഘടനക്ക് കഴിഞ്ഞു. കൊച്ചി കോർപ്പറേഷനിലെ വാർഡുകളിലൊന്നും ഭരണം പിടിക്കാനായില്ലെങ്കിലും ഇടത്, വലത് മുന്നണികളുടെ വോട്ട് കുറയ്‌ക്കാൻ ഇവർക്കായി. സ്ഥാനാർഥികളെ നിർത്തിയ 59 ഡിവിഷനുകളില്‍ മൂന്ന് ഡിവിഷനുകളില്‍ വിഫോർ കൊച്ചിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. ഈ ഡിവിഷനുകളിലെല്ലാം വിഫോർ കൊച്ചിയുടെ പ്രതിനിധികള്‍ രണ്ടാം സ്ഥാനത്തെത്തി. അതും കോണ്‍ഗ്രസിലെ പ്രമുഖരെ പിന്നിലാക്കി.

പാലാരിവട്ടം ഡിവിഷനില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി പള്ളനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വിഫോർ കൊച്ചിയുടെ ഷിബു ചമ്മണി രണ്ടാമതെത്തിയത്. 1213 വോട്ടുകളാണ് ഷിബു നേടിയത്. 26-ാം ഡിവിഷനായ നസ്രത്തില്‍ വിഫോർ കൊച്ചിയുടെ മേരി ഡിൻസിയാണ് രണ്ടാമതെത്തിയത്. നേടിയത് 694 വോട്ടുകള്‍. അയ്യപ്പൻ കാവ് ഡിവിഷനില്‍ രണ്ടാമതെത്തിയ വിഫോർ കൊച്ചിയുടെ ആഷ്‌ലി റോസ് നേടിയത് 541 വോട്ടുകളും. മറ്റിടങ്ങളിലൊക്കെ വിഫോര്‍ കൊച്ചിയുടെ കരുത്തില്‍ പരമ്പരാഗത മുന്നണികള്‍ക്ക് നിറംമങ്ങി. തെരഞ്ഞെടുപ്പ് നടക്കാൻ കേവലം നാലുമാസം ബാക്കി നില്‍ക്കെയാണ് വിഫോർ കൊച്ചി രൂപം കൊള്ളുന്നത്. ഭരണം പിടിച്ചതിനോളം തന്നെ മാറ്റുണ്ട് ഈ ജനകീയ കൂട്ടായ്‌മ നേടിയ വോട്ടുകള്‍ക്ക്.

സീറ്റ് നില ഉയർത്തി ബിജെപി, ട്വന്‍റി20 കൂടുതല്‍ പഞ്ചായത്തുകളില്‍, ഇടതിന്‍റെ കേരളാ കോണ്‍ഗ്രസ് (എം)-യാക്കോബായ സഭാ കൂട്ടുകെട്ട്

കൊച്ചി നഗരസഭ യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ നിർണായകമായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ യുഡിഎഫ് കൊച്ചി കോർപ്പറേഷനില്‍ പിന്നിലായി. കോർപ്പറേഷനില്‍ 34 സീറ്റാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫ് 31 സീറ്റും നേടി. ബിജെപി സീറ്റ് നില ഉയർത്തുന്ന കാഴ്‌ചയാണ് കോർപ്പറേഷനില്‍ കണ്ടത്. മുൻ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റെന്നത് ഇത്തവണ അഞ്ചാക്കി ബിജെപി കരുത്ത് കാട്ടി. പക്ഷേ ജില്ലാ പഞ്ചായത്ത് യുഡിഎഫിന്‍റെ കൈപ്പിടിയില്‍ തന്നെയായിരുന്നു. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് 16 ഡിവിഷനുകളില്‍ വിജയിച്ചു. എല്‍ഡിഎഫ് ഒമ്പതില്‍ മാത്രമാണ് വിജയിച്ചത്.

ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്, യുഡിഎഫ് സമനിലയിലെത്തി. ബ്ലോക്കില്‍ ട്വന്‍റി20യുടെ തേരോട്ടവും എടുത്തുപറയേണ്ടതാണ്. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭരണം നിർണയിക്കാൻ പാകത്തിന് വലുതായിരുന്നു ട്വന്‍റി20യുടെ വിജയം. അതിന് പുറമെ മുൻ തെരഞ്ഞെടുപ്പില്‍ പിടിച്ച കിഴക്കമ്പലം പഞ്ചായത്ത് നിലനിർത്തിയതിനോടൊപ്പം മൂന്ന് പഞ്ചായത്തുകളില്‍ കൂടി ട്വന്‍റി20 ഭരണം പിടിച്ചു.

ചില ചരിത്ര സംഭവങ്ങള്‍ക്കും എറണാകുളം സാക്ഷിയായി. 60 വർഷത്തിനിടെ ആദ്യമായി മൂവാറ്റുപുഴ നഗരസഭ കോണ്‍ഗ്രസിന്‍റെ കൈ പിടിച്ചു. 45 വർഷം എല്‍ഡിഎഫ് കൈപ്പിടിയില്‍ വച്ചിരുന്ന പഞ്ചായത്തായിരുന്നു ഉദയംപേരൂർ. 2015ല്‍ ഇത് യുഡിഎഫ് പിടിച്ചെടുത്തു. എന്നാല്‍ 2020ല്‍ ഉദയംപേരൂർ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് (എം)മായി കൂട്ടുകൂടിയത് എറണാകുളത്തിന്‍റെ കിഴക്കൻ മേഖലയില്‍ ഇടതിന് ഗുണം ചെയ്‌തു. കൂത്താട്ടുകുളം, പിറവം, കോതമംഗലം നഗരസഭകളില്‍ വിജയിക്കാൻ യാക്കോബായ സഭയുടെ പിന്തുണയും ഇടത് മുന്നണിയെ സഹായിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here