വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡൻ്റ് പുരസ്‌കാരം സമ്മാനിച്ചു. ഫിഫ ലോകകപ്പ് 2026ൻ്റെ ഗ്രൂപ്പ് നറുക്കെടുപ്പും നടന്നു. അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ഫിഫ.
വാഷിങ്ടണ്‍: യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫൻ്റിനോയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സ്വർണക്കപ്പും മെഡലും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം ഫിഫ പ്രസിഡൻ്റ് ട്രംപിന് സമ്മാനിച്ചു.
തനിക്ക് ജീവിതത്തല്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നാണെന്ന് ട്രംപ് പറഞ്ഞു. കൂടാതെ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാനായ പ്രവര്‍ത്തനത്തിനാണ് തനിക്ക് പുരസ്‌കാരം ലഭിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വാഷിങ്ടണിൽ നടന്ന ഫിഫ ലോകകപ്പ് 2026ൻ്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വേദിയിലാണ് ട്രംപിന് പുരസ്‌കാരം കൈമാറിയത്.
ഇതാദ്യമായാണ് ഫിഫ സമാധാനത്തിനുള്ള പുരസ്‌കാരം നല്‍കുന്നത്. ലോകത്തെ കൈകളിൽ താങ്ങിനിർത്തുന്നതായി ചിത്രീകരിക്കുന്ന ട്രംപിൻ്റെ പേര് ആലേഖനം ചെയ്‌ത സ്വർണ ട്രോഫിയും മെഡലുമാണ് സമ്മാനിച്ചത്.
ഗാസ സമാധാന പദ്ധതി ഉള്‍പ്പെടെയുള്ള സമാധാനക്കരാറുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയതെന്ന് ഇന്‍ഫാൻ്റോ വ്യക്തമാക്കി. നോബേല്‍ സമ്മാനവുമായി ബന്ധപ്പെട്ട് ട്രംപ് പരസ്യ പ്രചാരങ്ങള്‍ നല്‍കിയിരുന്നു. പിന്നാലെ ഫിഫ സമാധാന പുരസ്‌കാരത്തിൻ്റെ സാധ്യത പട്ടികയില്‍ ട്രംപ് ഇടം പിടിച്ചിരുന്നു. എന്നാല്‍ ഗാസയിൽ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ട്രംപിന് നൊബേൽ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നുവെന്ന് ഫിഫ പ്രസിഡൻ്റ് ജിയാന്നി ഇൻഫൻ്റിനോ നേരത്തെ പറഞ്ഞിരുന്നു.
ഫിഫ ലോകകപ്പ്: വേദിയിൽ ഫിഫ ലോകകപ്പിന്‍റെ മത്സരക്രമവും പ്രഖ്യാപിച്ചു. യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൻ്റെ നറുക്കെടുപ്പ് നടന്നു. നറുക്കെടുപ്പിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ അർജൻ്റീന ഗ്രൂപ്പ് ജെ യിലും ബ്രസീൽ ഗ്രൂപ്പ് സിയിലും ഇടം നേടി.
ഫ്രാൻസ് ഗ്രൂപ്പ് ഐ, ഇംഗ്ലണ്ട് ഗ്രൂപ്പ് എൽ, ബെൽജിയം ഗ്രൂപ്പ് ജി, നെതർലാൻഡ്‌സ് ഗ്രൂപ്പ് എഫ്, ജർമനി ഗ്രൂപ്പ് ഇ, പോർച്ചുഗൽ ഗ്രൂപ്പ് കെ, സൗത്ത് കൊറിയ ഗ്രൂപ്പ് എ, ജപ്പാൻ ഗ്രൂപ്പ് എഫ്, ഇറാൻ ഗ്രൂപ്പ് ജി, ഉറുഗ്വേ ഗ്രൂപ്പ് എച്ച്, ഖത്തർ ഗ്രൂപ്പ് ബി, സൗത്ത് ആഫ്രിക്ക ഗ്രൂപ്പ്- എ, സൗദി അറേബ്യ- ഗ്രൂപ്പ് എച്ച് എന്നിങ്ങനെയാണ് മത്സരത്തിനിറങ്ങുക. സ്പെയിൻ- സൗദി അറേബ്യയ്‌ക്കും ഉറുഗ്വേക്കുമൊപ്പം ഗ്രൂപ്പ് എച്ചിലാണ് മത്സരിക്കുക. ഓസ്ട്രിയ ഗ്രൂപ്പ് ജെയിലാണ്. ഗ്രൂപ്പ് എച്ചിൽ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലും വമ്പന്മാർ നേർക്കുനേർ മത്സരിക്കും.





