താമരശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം, ബദൽ സംവിധാനം തേടണമെന്ന് അധികൃതർ

0
31

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൻ്റെ ഭാഗമായി നാളെ തമരശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെടും. നാളെ രാവിലെ എട്ടുമണി മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ചുരം റോഡ് വീതികൂട്ടുന്നതിൻ്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളെ തുടർന്നാണ് നിയന്ത്രണം.

കോഴിക്കോട്: നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏറെ തിരക്കുള്ള താമരശേരി ചുരത്തിൽ നാളെ (വെള്ളിയാഴ്ച) ഗതാഗതം നിയന്ത്രണം. നാളെ രാവിലെ എട്ടുമണി മുതൽ ഇടവിട്ട സമയങ്ങളിൽ ചുരത്തിൽ ഗതാഗതം തടസ്സപ്പെടും. ആറ്, ഏഴ്, എട്ട് വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

റോഡ് വീതി കൂട്ടുന്നതിനായി ആറ്, ഏഴ്, എട്ട് വളവുകളിലെ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഈ മരത്തടികൾ മുറിച്ച് ലോറിയിൽ കയറ്റി ചുരത്തിൽ നിന്ന് നീക്കണം. ഇതോടെയാണ് വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഒരു ഭാഗത്തെ ഗതാഗതം മാത്രമാകും ഉണ്ടാകുകയെന്നാണ് ദേശീയ പാത അധികൃതർ അറിയിച്ചിരിക്കുന്നത്.

ചുരം സംരക്ഷ സമീതി, പോലീസ് എന്നിവരുടെ സാന്നിധ്യത്തിലാകും നാളെ വാഹനങ്ങൾ ചുരത്തിലൂടെ കടത്തിവിടുക. രാവിലെ എട്ടുമണിമുതൽ മരത്തടികൾ ചുരത്തിൽ നിന്ന് നീക്കം ചെയ്യാനാണ് തീരുമാനം. പരീക്ഷ ഉൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങളുള്ളവർ ഗതാഗത ക്രമീകരണം മുന്നിൽ കണ്ട് യാത്ര ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

എത്രമണിവരെയാണ് ചുരത്തിലെ ഗതാഗതം തടസ്സപ്പെടുകയെന്ന കാര്യത്തിൽ അധികൃതർ വിവരം പങ്കുവച്ചിട്ടില്ല. വെള്ളിയാഴ്ച ആയതിനാൽ ചുരത്തിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. കോഴിക്കോട്ടേക്കും വയനാട്ടിലേക്കും എത്തുന്നവരുടെ എണ്ണം ഈ ദിവസം ഉയർന്ന തോതിലായിരിക്കും.

അതേസമയം, ദാസനക്കര – പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിനാൽ ഇന്ന് (ഡിസംബർ 3) മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. കൽപറ്റ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും, കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാനന്തവാടി കാട്ടിക്കുളം വഴിയും സഞ്ചരിക്കണമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here