ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തെ സംസ്ഥാനത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൈലാസഗിരിയിൽ ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാൻ്റിലിവർ ഗ്ലാസ് സ്കൈവാക്ക് പാലം തിങ്കളാഴ്ച തുറന്നു. വിശാഖപട്ടണം എംപി എം ശ്രീഭരത്, വിഎംആർഡിഎ ചെയർപേഴ്സൺ എംവി പ്രണവ് ഗോപാൽ, വിസാഗ് ഈസ്റ്റ് എംഎൽഎ രാമകൃഷ്ണ ബാബു, ജിവിഎംസി മേയർ പീലാ ശ്രീനിവാസ റാവു, മെട്രോപൊളിറ്റൻ കമ്മീഷണർ എൻ തേജ ഭരത് എന്നിവർ ചേർന്ന് പാലം ഉദ്ഘാടനം ചെയ്തു.
വിശാഖപട്ടണം: ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഗ്ലാസ് സ്കൈ വാക്ക് പാലം ( ഗ്ലാസ് ബ്രിഡ്ജ് ) ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് തുറന്നു. വിശാഖപട്ടണത്തെ കൈലാസഗിരിയിൽ ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാൻ്റിലിവർ ഗ്ലാസ് സ്കൈവാക്ക് പാലം തിങ്കളാഴ്ച സഞ്ചാരികൾക്കായി തുറന്നു. ഏഴ് കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. ഒരു വർഷത്തോളം പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്കായി വേണ്ടിവന്നു.
നിലത്തുനിന്ന് 862 അടി ഉയരത്തിലും സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലും സ്ഥിതി ചെയ്യുന്ന സ്കൈ വാക്ക് പാലത്തിൽ നിന്ന് നഗരത്തിൻ്റെയും ബംഗാൾ ഉൾക്കടലിൻ്റെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. 50 മീറ്ററാണ് പാലത്തിൻ്റെ നീളം. പാലത്തിന് ഒരേ സമയം 100ൽ അധികം ആളുകളെ താങ്ങാൻ കഴിയും. സുരക്ഷയും മികച്ച അനുഭവവും ഒരുക്കുന്നതിനായി ഒരു സമയം 40 സന്ദർശകരെ മാത്രമേ പാലത്തിലെക്ക് പ്രവേശിപ്പിക്കൂ. തുടക്കത്തിൽ 20 മുതൽ 40 ആളുകളുടെ ചെറിയ ബാച്ചുകൾക്ക് 10 മുതൽ15 മിനിറ്റ് വരെ പാലത്തിൽ ചെലവഴിക്കാം
ഹുദ്‌ഹുദ് പോലുള്ള ചുഴലിക്കാറ്റുകളെ നേരിടാൻ ശേഷിയുള്ള രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ അതിജീവിക്കാൻ ഇതിന് കഴിയും. സുരക്ഷ ഉറപ്പാക്കാൻ ഉയർന്ന നിലവാരമുള്ള കട്ടിയുള്ള ഗ്ലാസ് ഉപയോഗിച്ചാണ് ഗ്ലാസ് ബ്രിഡ്ജിൻ്റെ നിർമാണം. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഉയർന്ന നിലവാരമുള്ള ട്രിപ്പിൾ ലെയേർഡ് 40 എംഎം ടെമ്പർഡ് ലാമിനേറ്റഡ് ഗ്ലാസ് ഉപയോഗിച്ചാണ് ഈ ഘടന നിർമിച്ചിരിക്കുന്നത്. കൂടാതെ 40 ടൺ റൈൻഫോഴ്‌സ്ഡ് സ്റ്റീൽ സപ്പോർട്ടുമുണ്ട്. പ്രദേശത്തിന്റെ ശക്തമായ തീരദേശ കാലാവസ്ഥയെയും ഉയർന്ന കാറ്റിന്റെ വേഗതയെയും നേരിടാൻ ശക്തമായ ഉറപ്പോടെയാണ് നിർമാണം.
ഇ ടെൻഡറുകൾ വഴിയാണ് പാലത്തിൻ്റെ നിർമാണവും നടത്തിപ്പും ശ്രീ സായി മോക്ഷ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്, ആർജെ അഡ്വഞ്ചേഴ്സ് എന്നിവരെ ഏൽപ്പിച്ചിരിക്കുന്നത്. വിഎംആർഡിഎയ്ക്ക് ഒരു നിശ്ചിത വാർഷിക വരുമാന വിഹിതം ഇവർ നൽകും.
ചുറ്റുമുള്ള മലകളുടെയും കടലിൻ്റെയും മനോഹരമായ കാഴ്ചകൾ നൽകുന്ന ഗ്ലാസ് ബ്രിഡ്ജ് വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ആകർഷകമാകും. കൈലാസഗിരിയുടെ ആകർഷണീയത വർധിപ്പിക്കാൻ കൂടുതൽ വിനോദസഞ്ചാര സംബന്ധമായ നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്നതായി കമ്മീഷണർ എൻ തേജ ഭരത് പറഞ്ഞു.
സ്കൈവാക്ക് ഡിസംബർ മാസത്തെ അവധിക്കാലത്തെ വിനോദസഞ്ചാരികൾക്ക് കൂടുതൽ ആവേശകരമാക്കുമെന്നാണ് പ്രതീക്ഷ.
കൈലാസഗിരിയിൽ ഇതിനോടകം തന്നെ സ്കൈ സൈക്ലിംഗും പാരാഗ്ലൈഡിംഗും ആരംഭിച്ചിട്ടുണ്ട്. വരുമാനം പങ്കിടുന്ന മാതൃകയിൽ നിർമ്മിച്ച ഈ ഗ്ലാസ് പാലം സാഹസിക വിനോദസഞ്ചാരത്തിന് കൂടുതൽ ഊർജ്ജം നൽകും. വിശാഖപട്ടണത്തെ ഒരു ഐടി ഹബ്ബും വിനോദസഞ്ചാര കേന്ദ്രവുമാക്കി മാറ്റുന്നതിൽ സർക്കാർ വൻ പദ്ധതികളാണ് ഒരുക്കുന്നത്.






