അനവധി മിത്തുകളാല്‍ പിന്തുടരുന്ന ഒരു രോഗാവസ്ഥയാണ് എയ്‌ഡ്‌സ് അല്ലെങ്കില്‍ എച്ച്‌ഐവി. ഈ രോഗബാധയ്‌ക്കെതിരെ പലവിധത്തില്‍ ബോധവത്‌കരണം നടക്കുന്നുണ്ട്. അതിനായാണ് ഡിസംബർ ഒന്നിന് ലോക എയ്‌ഡ്‌സ് ദിനമായി ആചരിക്കുന്നത്.
കാലമെത്ര മാറിയെന്ന് അവകാശപ്പെട്ടാലും മനുഷ്യരുടെ ചിന്താഗതി വളർന്നെന്ന് മേനി പറഞ്ഞാലും ശാസ്‌ത്രത്തിന്‍റെ വളർച്ചയെ കുറിച്ച് ഊറ്റം കൊണ്ടാലും അംഗീകരിക്കേണ്ട ഒരു നഗ്നസത്യമാണ് ചിലതൊന്നും ചിലരില്‍ നിന്ന് വിട്ട് പോയിട്ടില്ല എന്നത്. കൊവിഡ് കാലത്ത് പ്രശംസനീയമാം വിധമുള്ള പ്രതിരോധ പ്രവർത്തനങ്ങളും കരുതല്‍ നടപടികളും കൈക്കൊണ്ട നാടാണ് നമ്മുടേത്. എന്നാല്‍ ആദ്യഘട്ടങ്ങളില്‍ കൊവിഡ് ബാധിച്ചവരെ അകറ്റി നിർത്തിയതും ഒറ്റപ്പെടുത്തിയതുമായ ചില സംഭവങ്ങള്‍ വിരളമെങ്കിലും ഉണ്ടായി എന്നത് വേദന തന്നെ. അതുപോലെയാണ് എച്ച്‌ഐവി അല്ലെങ്കില്‍ എയ്‌ഡ്‌സ് രോഗത്തോടുള്ള പലരുടെയും കാഴ്‌ചപ്പാട്, ഇന്നും പാറപോല്‍ ഉറച്ചതാണ്.
മറ്റൊരു ലോക എയ്‌ഡ്‌സ് ദിനവും കൂടി കടന്നുപോകുമ്പോള്‍ ചിലത് പറയാം. ഹ്യൂമണ്‍ ഇമ്മ്യൂണോ വൈറസ് (എച്ച്‌ഐവി), അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം എന്നിവ എസ്‌ടിഡി അഥവാ സെക്‌ഷ്വലി സ്‌ട്രാൻസ്‌മിറ്റഡ് ഡിസീസ് ആണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് എയ്‌ഡ് പ്രധാനമായും പകരുന്നത്. ഇക്കാരണം കൊണ്ട് തന്നെ എച്ച്‌ഐവി ബാധിതരോട് പലർക്കും അവഗണനയും വിരോധവുമാണ്. എന്നാല്‍ ലൈംഗിക ബന്ധത്തിലൂടെ മാത്രമല്ല ഈ രോഗം പകരുന്നത് എന്നത് ഇത്തരക്കാർ അറിഞ്ഞിരിക്കണം. എച്ച്‌ഐവി വൈറസ് ബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെ, അണുവിമുക്തമാക്കാത്ത കുത്തിവയ്‌പ്പ് സൂചികള്‍ വീണ്ടും ഉപയോഗിക്കുന്നതിലൂടെ, വൈറസ് ബാധയുള്ള അമ്മയില്‍ നിന്ന് ഗർഭസ്ഥ ശിശുവിന് (ഇത് വളരെ റെയർ കേസാണ്. എച്ച്‌ഐവി ബാധിച്ച സ്‌ത്രീയ്‌ക്ക് എച്ച്‌ഐവി നെഗറ്റീവ് ആയ കുഞ്ഞിനെ പ്രസവിക്കാൻ കഴിയും. 30 ശതമാനം മാത്രമാണ് രോഗ സാധ്യത) എന്നിങ്ങനെയെല്ലാം രോഗം പകരും.
എല്ലാ വർഷവും ഡിസംബർ ഒന്ന് ലോക എയ്‌ഡ്‌സ് ദിനമായി ആചരിക്കാറുണ്ട്. രോഗത്തെ കുറിച്ചുള്ള അവബോധം വളർത്തുകയാണ് പ്രധാന ലക്ഷ്യം. രോഗം ബാധിച്ചവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും ഈ രോഗം മൂലം ജീവൻ നഷ്‌ടപ്പെട്ടവരെ ഓർക്കുന്നതും പ്രതിരോധത്തെയും ചികിത്സയേയും പ്രോത്സാഹിപ്പിക്കുന്നതും ഈ ദിനാചരണത്തിന്‍റെ മറ്റ് ലക്ഷ്യങ്ങളാണ്. 1998ലാണ് ലോകാരോഗ്യ സംഘടനയും ഐക്യരാഷ്‌ട്ര സഭയും ചേർന്ന് എയ്‌ഡ്‌സ് ദിനമെന്ന നിലയില്‍ ഒരു ദിനം കൊണ്ടുവന്നത്. പിന്നീട് ഡിസംബർ ഒന്ന് ആഗോള തലത്തില്‍ എയ്‌ഡ്‌സ് ദിനമായി മാറി.
കേരളത്തില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നു!
കേരളത്തിലെ കണക്ക് ഞെട്ടിക്കുന്നതാണ്. കേരള എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരുമാസം ശരാശരി 100 പുതിയ എച്ച്‌ഐവി ബാധിതർ ഉണ്ടാകുന്നു. വൈറസ് ബാധിക്കുന്നവരില്‍ 15 മുതല്‍ 24 വയസ് വരെയുള്ളവരുടെ എണ്ണത്തിലും വർധനവുണ്ട്. 2022ല്‍ ഒമ്പത് ശതമാനവും 2023ല്‍ 12 ശതമാനവും 2024ല്‍ 14.2 ശതമാനവും ആയിരുന്നു 15 മുതല്‍ 24 വയസു വരെ ഉള്ളവിലെ എച്ച്‌ഐവി പോസിറ്റീവ് കേസ് വർധനവ്. എന്നാല്‍ 2025 ഏപ്രില്‍ മുതല്‍ ഒക്‌ടോബർ വരെയുള്ള മാസങ്ങളില്‍ ഈ വർധനവ് 15.24 ശതമാനത്തിലെത്തി.
കഴിഞ്ഞ മൂന്ന് വർഷത്തില്‍ കേരളത്തില്‍ 4477 പേർക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3393 പേർ പുരുഷന്മാരാണ്. വൈറസ് ബാധിച്ച സ്‌ത്രീകള്‍ 1065 ആണ്. 19 പേർ ട്രാൻസ് ജെൻഡറുകളാണ്. 90 ഗർഭിണികള്‍ക്ക് ഇക്കാലയളവില്‍ രോഗം ബാധിച്ചു. താരതമ്യേനെ എച്ച്‌ഐവി സാന്ദ്രത കുറവാണ് കേരളത്തില്‍. ഇന്ത്യയിലെ മൊത്ത കണക്ക് നോക്കുമ്പോള്‍ പ്രായപൂർത്തിയായവരിലെ എച്ച്‌ഐവി സാന്ദ്രത 0.20 ആണ്. എന്നാല്‍ കേരളത്തില്‍ അത് 0.7 ആണ്.
എറണാകുളത്താണ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ എച്ച്‌ഐവ് ബാധ സ്ഥിരീകരിച്ചത്. 850 പേർക്കാണ് രോഗം പിടിപെട്ടത്. തിരുവനന്തപുരമാണ് രണ്ടാമത്. ജില്ലയില്‍ 555 പേർക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂർ (518), കോഴിക്കോട് (441), പാലക്കാട് (371), കോട്ടയം (350) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഉയർന്ന വൈറസ് ബാധ നിരക്ക്. വയനാട്ടിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജില്ലയില്‍ 67 പേർക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ.
എച്ച്‌ഐവിയെ കുറിച്ചുള്ള മിത്തുകള്‍ തിരുത്താം….
രോഗ പ്രതിരോധ സംവിധാനത്തെ തകർക്കുന്ന ഒരു രോഗാവസ്ഥയാണ് എയ്‌ഡ്‌സ്. പ്രത്യേക ചില ശരീര ദ്രവങ്ങളില്‍ കൂടിയല്ലാതെ എയ്‌ഡ്‌സ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. രക്തം, ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുമ്പോഴുണ്ടാകുന്ന ലൂബ്രിക്കേഷൻ ദ്രവങ്ങള്‍, ശുക്ലം, യോനി-മലാശയ ദ്രവങ്ങള്‍, മുലപ്പാല്‍ എന്നിവയാണ് ആ ശരീര ദ്രവങ്ങള്‍. പ്രത്യേകം അറിഞ്ഞിരിക്കേണ്ട കാര്യമെന്തെന്നാല്‍ ഉമിനീർ, വിയർപ്പ്, കണ്ണുനീർ, മൂത്രം എന്നിവയിലൂടെ എച്ച്ഐവി പകരില്ല.
എച്ച്‌ഐവി ശരീരത്തിന് പുറത്ത് അധികനാള്‍ നിലനില്‍ക്കില്ല. നേരിട്ട് രക്തപ്രവാഹത്തിലേക്ക് പ്രവേശിച്ചാല്‍ മാത്രമേ ഇതിന് പ്രവർത്തിക്കാനാകൂ. അതുകൊണ്ടാണ് ചില പ്രത്യേക ശരീരദ്രവങ്ങളിലൂടെ മാത്രം വൈറസ് പകരുന്നത്’ -എയ്‌ഡ്‌സ് രോഗ വിദഗ്‌ധൻ ഡോ.മഹേഷ്‌കുമാർ എം ലാഖെ പറയുന്നു.
എച്ച്‌ഐവി പകരുന്നത് ഈ സാഹചര്യങ്ങളില്‍
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം: എച്ച്ഐവി പകരാനുള്ള ഏറ്റവും സാധാരണമായ മാർഗമാണിത്. പങ്കാളികളില്‍ ഒരാള്‍ക്ക് രോഗ ബാധ ഉണ്ടാകുകയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും ചെയ്യുമ്പോള്‍ വൈറസ് കൈമാറ്റം ചെയ്യപ്പെടാം. സ്വകാര്യ ഇടങ്ങില്‍ മുറിവുകളോ മറ്റോ ഉണ്ടെങ്കില്‍ ഇത് അപകട സാധ്യത വർധിപ്പിക്കും.
അണുവിമുക്തമാക്കാത്ത സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിക്കുക: വൈറസ് ബാധിച്ച ഒരാളില്‍ ഉപയോഗിച്ച സിറിഞ്ച് അണുവിമുക്തമാക്കാതെ മറ്റൊരാളില്‍ ഉപയോഗിക്കുന്നത് അപകടമാണ്. ഇത് വൈറസ് കൈമാറ്റത്തിന് കാരണമാകും. ലഹരി ഉപയോഗത്തിലാണ് ഇത്തരം കേസുകള്‍ കൂടുതലായി സംഭവിക്കുന്നത്.
അമ്മയില്‍ നിന്ന് ഗർഭസ്ഥ ശിശുവിലേക്ക്: ഗർഭധാരണം, പ്രസവം അല്ലെങ്കിൽ മുലയൂട്ടൽ സമയത്ത് എച്ച്ഐവി ഒരു രോഗബാധിതയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരാം. നേരത്തെയുള്ള രോഗനിർണയവും എആർടിയും ഈ അപകടസാധ്യത 1% ൽ താഴെയാക്കും.
രക്തം കൈമാറുക, അവയവമാറ്റ ശസ്‌ത്രക്രിയകള്‍: വൈറസ് ബാധിതനായ ഒരാളുടെ രക്തമോ അവയവങ്ങളോ മറ്റാർക്കെങ്കിലും ദാനം ചെയ്യുമ്പോള്‍ വൈറസ് കൈമാറ്റം നടക്കുന്നു. എന്നാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ രക്തദാനം, അവയവ ദാനം എന്നിവയ്‌ക്ക് മുമ്പായി ദാതാവില്‍ എച്ച്‌ഐവി ടെസ്റ്റ് നടത്താറുണ്ട്. അതിനാല്‍ ഇത്തരത്തില്‍ രോഗം പകരുന്നത് അപൂർവമാണ്.
രോഗ നിർണയം ഇങ്ങനെ…
രക്ത പരിശോധനയിലൂടെയാണ് പ്രധാനമായും വൈറസ് നിർണയം നടത്തുന്നത്. എലിസ ടെസ്റ്റാണ് ഇത്തരം സാഹചര്യങ്ങളില്‍ നടത്താറ്. ആന്‍റിജനുകൾ അല്ലെങ്കിൽ ആന്‍റിബോഡികൾ പോലുള്ള പ്രത്യേക പദാർത്ഥങ്ങളെ കണ്ടെത്തുന്നതിനും അളക്കുന്നതിനും നടത്തുന്നതാണ് എലിസ പരിശോധന അഥവാ എൻസൈം-ലിങ്ക്ഡ് ഇമ്മ്യൂണോസോർബന്‍റ് അസ്സേ. വായിലെ ദ്രാവകവും എച്ച്‌ഐവി നിർണയത്തില്‍ പരിശോധനക്ക് വിധേയമാക്കാറുണ്ട്.








