തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പി കെ ശശി. ലണ്ടനിലെ മാർക്സിൻറെ ശവകുടീരത്തിന് സമീപത്തെ ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ്. മാർക്സിനേയും മാർക്സിസത്തെയും ആഴത്തിൽ മനസ്സിലാക്കുന്നവരുടെ എണ്ണം നാമമാത്രമായി ചുരുങ്ങുന്നു. കൂടെ നിൽക്കേണ്ടവരെയും കൂട്ടിനിരിക്കേണ്ടവരെയും കണ്ണുരുട്ടി പേടിപ്പിച്ച് മൗനികളും അടിമകളുമാക്കി മാർക്സിസം പ്രയോഗിക്കാൻ ആകില്ല.
മാർക്സിസം കള്ളിന്റേയും കഞ്ചാവിന്റേയും ഗന്ധമുള്ള പുത്തൻ കുപ്പായത്തിന്റെ ചുവപ്പു പോക്കറ്റുമല്ല. കാലങ്ങൾക്കപ്പുറത്തേക്കുള്ള ചിറകടിയാണ്, ഈ സ്പിരിറ്റിലാണ്, ഈ സ്പിരിറ്റിലാവണം മാർക്സിസത്തെ വായിക്കേണ്ടത്. സ്പിരിറ്റും കള്ളും കൂട്ടിച്ചേർക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവർക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ല. മാർക്സും മാർക്സിസവും അജയ്യമാണ് അമരമാണ് നിത്യവസന്തമാണെന്നും പി കെ ശശി ഫേസ്ബുക്കിൽ കുറിച്ചു. ജില്ലാ കമ്മിറ്റിയോട് അടുപ്പമുള്ള സിപിഎം ലോക്കൽ സെക്രട്ടറി സ്പിരിറ്റ് കേസിൽ അറസ്സിലായത് വിവാദമായിരുന്നു.
പി കെ ശശി ഫേസ്ബുക്കിൽ കുറിച്ചത്
“ബലികുടീരത്തിൽ നീ ഉറങ്ങുമ്പോഴും
ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു”
ലണ്ടനിൽ WTM ൽ പങ്കെടുക്കാൻ പോയത് കടുത്ത മഞ്ഞും തണുപ്പും പ്രയാസപ്പെടുത്തുന്ന സമയത്തായിരുന്നു അവിടെ എത്തുന്നതിനു വളരെ മുന്നേ മനസിൽ വരച്ചിട്ടതായിരുന്നു മഹാനായ മാർക്സിന്റെ ശവകുടീരം സന്ദർശിക്കുക എന്നുള്ളത്. അതിന് തെരഞ്ഞെടുത്തത് നവമ്പർ 7 ആയത് തികച്ചും യാദൃശ്ചികം മാത്രം. മാർക്സിയൻ ആദർശം ഒരു വരട്ടുതത്വമായി കാണാതെ തികച്ചും പ്രായോഗികവൽക്കരിച്ച ഒക്ടോബർ വിപ്ലവത്തിന്റെ നാളിൽത്തന്നെ. കടുത്ത തണുപ്പിൽ ഏറെ നേരം ആ ശവകുടീരം നോക്കി നിന്നു. മാനവ വിമോചനത്തിന് ഒരു പുതിയ ദാർശനികമുഖം നൽകിയ യുഗ പ്രതിഭ.
ആ ദർശന വാദത്തെ ലോകത്ത് നിലനിൽക്കുന്ന പ്രശ്നങ്ങളെ ശരിയായ നിലയിൽ വിലയിരുത്തുന്ന ശാസ്ത്രമായി ചരിത്രത്തേയും വർത്തമാന കാലത്തേയും അതിസൂക്ഷ്മമായി വിലയിരുത്തി വർഗസമരമെന്ന സ്വപ്നത്തെ പങ്കു വച്ചതും മുതലാളിത്വത്തെ സോഷ്യലിസവും ആത്യന്തികമായി കമ്യൂണിസവും ആത്യന്തികമായി പകരം വയ്ക്കുമെന്നും ദീർഘദർശനം ചെയ്തതും മാർക്സിന്റെ മഹത്തായ സംഭാവനയായിരുന്നു.തീർത്തും ഒരു ശാസ്ത്രമായിത്തന്നെ രൂപം കൊടുത്ത മാനവ വിമോചന പ്രത്യയ ശാസ്ത്രത്തിന് രൂപം കൊടുക്കാൻ മാർക്സ് ഉപയോഗപ്പെടുത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തേയും , ചരിത്രത്തെപ്പറ്റിയുള്ള ഭൗതിക വ്യാഖ്യാനത്തേയും തന്നെയായിരുന്നു.
മണ്ണും മനുഷ്യനും ഈ പ്രപഞ്ചവും നിലനിൽക്കുന്ന കാലത്തോളം മാർക്സും മാർക്സിസവും അജയ്യമായി തുടരും.
പക്ഷേ ഇത് ആഴത്തിൽ പഠിക്കുന്നവരുടെ എണ്ണം നാമമാത്രമായി ചുരുങ്ങുന്നു എന്നത് ഉത്കണ്ഠയുളവാക്കുന്നു. കൂടെ നിൽക്കേണ്ടവരേയും കൂട്ടിനിരിക്കേണ്ടവരേയും കണ്ണൂരുട്ടി പേടിപ്പിച്ച് അവരെ മൗനികളും അടിമകളുമാക്കി മാർക്സിസം പ്രയോഗിക്കാനാവില്ല. ഒരു കവി എഴുതിയ പോലെ വിപ്ലവം നതോന്നതയിൽ നടന്നു വരുന്ന നായർ തരുണിയല്ല. കള്ളിന്റേയും കഞ്ചാവിന്റേയും ഗന്ധമുള്ള പുത്തൻ കുപ്പായത്തിന്റെ ചുവപ്പു പോക്കറ്റുമല്ലത്.
കാലങ്ങൾക്കപ്പുറത്തേക്കുള്ള ചിറകടിയാണത്. ഈ സ്പിരിറ്റിലാണ്, ഈ സ്പിരിറ്റിലാവണം മാർക്സിസത്തെ വായിക്കേണ്ടത്. സ്പിരിറ്റും കള്ളും കൂട്ടിച്ചേർക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവർക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ല.
മാർക്സും മാർക്സിസവും അജയ്യമാണ് അമരമാണ് നിത്യവസന്തമാണ്.
Workers of the world unite.
PK Sasi








