ഒൻ്റാറിയോ: ജി7 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ യോഗം തുടങ്ങി. ഗാസ വെടിനിർത്തൽ കരാർ, റഷ്യ- യുക്രെയ്‌ൻ യുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രതിരോധ ചെലവ്, വ്യാപാരം, അനിശ്ചിതത്വം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടിയാണ് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ ഒത്തുചേരുന്നത്. കാനഡയിലെ തെക്കൻ ഒൻ്റാറിയോയിൽ വച്ചാണ് ചർച്ച നടക്കുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരേയും കനേഡിയൻ വിദേശകാര്യ മന്ത്രി സ്വീകരിച്ചു. ഓസ്‌ട്രേലിയ, ബ്രസീൽ, ഇന്ത്യ, സൗദി അറേബ്യ, മെക്‌സിക്കോ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, യുക്രെയ്‌ൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരേയും ചർച്ചയ്‌ക്ക് ക്ഷണിച്ചിട്ടുണ്ട്.
വ്യാപാര സമ്മർദ്ദങ്ങൾക്കിടയിലും “വിവിധ വിഷയങ്ങളിലൂടെ ബന്ധം തുടരേണ്ടതുണ്ട്” എന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ശ്രദ്ധയോടെ ഞങ്ങൾ വളരെ നിർണായക കാര്യങ്ങൾ ചർച്ച ചെയ്യുന്നു. അമേരിക്കയുടെ സുരക്ഷ ഒന്നാമത് വയ്ക്കുക” റൂബിയോ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്നലെ രാത്രി നടന്ന ചർച്ചകളിൽ മിഡിൽ ഈസ്റ്റിലെ ദീർഘകാല സമാധാനവും സ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിനെ സംബന്ധിച്ച് ചർച്ച നടന്നൂവെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി പറഞ്ഞു. “സമാധാന പദ്ധതി ഉയർത്തിപ്പിടിക്കണം” മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ നയതന്ത്രജ്ഞർ യുക്രെയ്‌ൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും.
ശൈത്യകാലം അടുക്കുകയും റഷ്യൻ ആക്രമണങ്ങൾ രൂക്ഷമാവുകയും ചെയ്യുമ്പോൾ യുക്രെയ്‌നിൻ്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 13 മില്യൺ പൗണ്ട് അയക്കുമെന്ന് ബ്രിട്ടൻ പറഞ്ഞു. വൈദ്യുതി, ജലവിതരണം എന്നിവയുടെ അറ്റകുറ്റപ്പണികൾക്കും മാനുഷിക സഹായത്തിനുമായി ഈ പണം വിനിയോഗിക്കും. റഷ്യൻ “പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിൻ ശീതകാലം അടുക്കുമ്പോൾ യുക്രെയ്‌നെ ഇരുട്ടിലേക്കും തണുപ്പിലേക്കും തള്ളിവിടാൻ ശ്രമിക്കുകയാണ്” എന്ന് യുകെ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ ആരോപിച്ചു.
ട്രംപ് കനേഡിയൻ ഇറക്കുമതികൾക്ക് തീരുവ ചുമത്തിയത് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കിയെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പ്രതികരിച്ചു. പ്രതിരോധ ചെലവാണ് പ്രധാന തർക്കവിഷയം. ജപ്പാൻ ഒഴികെയുള്ള എല്ലാ ജി7 അംഗങ്ങളും നാറ്റോയിൽ അംഗങ്ങളാണ്, സഖ്യകക്ഷികൾ അവരുടെ വാർഷിക മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൻ്റെ 5% പ്രതിരോധത്തിനായി ചെലവഴിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
ഗാസയിലെ ഇസ്രയേൽ യുദ്ധത്തെക്കുറിച്ചും ജി7 രാജ്യങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. സംഘർഷത്തിന് പരിഹാരമില്ലെങ്കിൽ പോലും പലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടൻ, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു. റഷ്യ-യുക്രെയ്‌ൻ യുദ്ധത്തോടെ മിക്ക ജി7 അംഗങ്ങളും കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്.
കാനഡ- യുഎസ് തർക്കം: ഒൻ്റാറിയോ പ്രവിശ്യാ സർക്കാർ യുഎസിൽ താരിഫ് വിരുദ്ധ പരസ്യം നടത്തിയതിനാൽ ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ചതിന് ശേഷമാണ് യുഎസ് അതിർത്തിക്കടുത്തുള്ള ഒൻ്റാറിയോയിൽ വച്ച് യോഗം നടത്തുന്നത്. പരസ്യത്തിന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ക്ഷമാപണം നടത്തുകയും അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് പറയുകയും ചെയ്‌തു.
യുകെ വിദേശകാര്യ മന്ത്രി റൂബിയോയുമായി ഒരു കൂടിക്കാഴ്‌ച നടത്തുമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ട്രംപിൻ്റെ ഗാസ വെടിനിർത്തൽ പദ്ധതി ദീർഘകാലം നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വിവിധ രാജ്യങ്ങളുമായി യോഗം നടത്തണമെന്ന് റൂബിയോ തന്നോട് ആവശ്യപ്പെട്ടതായും ഇവർ പറഞ്ഞു.
സമുദ്ര സുരക്ഷ, ഹെയ്‌തി, സുഡാൻ, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി, നിർണായക ധാതുക്കൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യുഎസ് നയതന്ത്രജ്ഞൻ പറഞ്ഞു. യുക്രെയ്‌ൻ സുരക്ഷ, ആർട്ടിക് സുരക്ഷ, ഹെയ്‌തിയിലെ സുരക്ഷ എന്നിവയാണ് കാനഡയുടെ മുൻഗണനകൾ. ദേശീയ സുരക്ഷയ്ക്കായി നിക്ഷേപിക്കുന്ന 34 നിർണായക ധാതുക്കളും ലോഹങ്ങളും കാനഡയിലുണ്ട്.




