ആർത്തവ സമയത്തെ മൂഡ് സ്വിങ്സ് നിയന്ത്രിക്കാം; ഇത്രയും ചെയ്‌താൽ മതി

0
32

ഏതൊരു സ്ത്രീയെ സംബന്ധിച്ചും ആർത്തവ ദിനങ്ങൾ പ്രയാസമേറിയത്. വയറു വേദന, നടുവേദന, ക്ഷീണം, സ്‌തനങ്ങളിൽ വേദന തുടങ്ങീ പലതരം അസ്വസ്ഥതകളിലൂടെ അവർ കടന്നു പോകുന്നു. ശാരീരിക അവശതകൾക്ക് പുറമെ മാനസികമായ ചില പിരിമുറുക്കവും ആർത്തവ സമയത്ത് ഉണ്ടാകാറുണ്ട്. ചുറ്റുമുള്ള എല്ലാത്തിനോടും അസഹനീയമായ ദേഷ്യവും വെറുപ്പുമൊക്കെ തോന്നിയേക്കാം. ആർത്തവ ചക്രത്തിലെ ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഈ അവസ്ഥയാണ് മൂഡ് സ്വിങ്സ്.

ആർത്തവ ദിവസങ്ങൾക്ക് മുമ്പ് തന്നെ മാനസിക സമ്മർദ്ദങ്ങൾ ആരംഭിക്കാറുണ്ട്. എന്നാൽ ഓരോ സ്ത്രീയിലും ഈ അവസ്ഥ വ്യത്യസ്‌തമാണ്. പെട്ടന്ന് ദേഷ്യം വരുകയും കാരണമില്ലാതെ ചെറിയ കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കുന്ന പെരുമാറ്റം ബന്ധങ്ങളുടെ തകർച്ചയ്ക്ക് വരെ കാരണമാകാറുണ്ട്. മൂഡ് സ്വിങ്സാണ് ഇത്തരം പെരുമാറ്റങ്ങൾക്ക് ഇടയാക്കുന്നതെന്ന് അറിയാമെങ്കിലും ഏത് രീതിയിൽ ഇതിനെ കൈകാര്യം ചെയ്യണമെന്ന് ഭൂരിഭാഗം സ്ത്രീകൾക്കും അറിയില്ല. ആർത്തവ സമയത്തെ മൂഡ് സ്വിങ്സ് നിയന്ത്രിക്കാനുള്ള ചില വഴികൾ എന്തൊക്കെയെന്ന് നോക്കാം.

ആർത്തവ നാളുകളിലെ മൂഡ് സ്വിങ്സിന്‍റെ കാരണങ്ങൾ
ആർത്തവ നാളുകളിലും അതിന് മുമ്പും ശേഷവും ഈസ്ട്രജൻ, പ്രോജസ്റ്റ്റോൺ തുടങ്ങിയ ഹോർമോണുകളിൽ ഏറ്റക്കുറച്ചിൽ സംഭവിക്കാറുണ്ട്. ഇതാണ് മൂഡ് സ്വിങ്സിന്‍റെ പ്രധാന കാരണമെന്ന് എൻഐഎച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. പ്രീമെൻസ്ട്രൽ സിൻഡ്രോം ( Premenstrual Syndrome – PMS ) , പിഎംഎസ് എന്നിവ ഉള്ളവരിലും ഈ അവസ്ഥ സ്വാഭാവികമായി കാണ്ടുവരാറുണ്ട്. മലബന്ധം, അമിതവണ്ണം, ക്ഷീണം തുടങ്ങിയവയും മൂഡ് സ്വിങ്സിന് കരണമാകുന്ന ഘടകങ്ങളാണ്. മഗ്നീഷ്യം, കാത്സ്യം, വിറ്റാമിൻ ബി 6 തുടങ്ങിയ പോഷകങ്ങളുടെ കുറവും മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകാൻ ഇടയാക്കും.

എങ്ങനെ നിയന്ത്രിക്കാം
ആർത്തവ സമയത്ത് മൂഡ് സ്വിങ്സ് ഉണ്ടാകുന്നത് വളരെ സാധാരണയാണ്. എന്നാൽ ദൈനംദിന ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഈ അവസ്ഥയെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ആരോഗ്യകരമായ ഭക്ഷണക്രമം
പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണക്രമത്തിൽ ധാരളം ഉൾപ്പെടുത്തുക. മഗ്നീഷ്യം, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും മൂഡ് സ്വിങ്സ് നിയന്ത്രിക്കാൻ സഹായിക്കും. കഫീൻ, ആൽക്കഹോൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും മാനസികാവസ്ഥ കൂടുതൽ വഷളാക്കാൻ കാരണമാകും. അതിനാൽ ഇവ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം.

ധാരാളം വെള്ളം കുടിക്കാം
നിർജ്ജലീകരണം മാനസികാവസ്ഥ മോശമാക്കും. അതിനാൽ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ദിവസേന 8 മിതൽ 12 ഗ്ലാസ് വെള്ളം കുടിക്കാം. ആരോഗ്യകരമായ മാനസികാവസ്ഥ പിന്തുണയ്ക്കാൻ ഇത് സഹായിക്കും.

നല്ല ഉറക്കം ഉറപ്പാക്കുക
നല്ല ഉറക്കം മാനസികാവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കും. അതിനാൽ ആർത്തവ നാളുകളിൽ 8 മുതൽ 9 മണിക്കൂർ ഉറക്കം ഉറപ്പാക്കുക. ഉറക്കക്കുറവ് മാനസികാവസ്ഥയെ മോശമായി ബാധിക്കും. മൊത്തത്തിലുള്ള ആരോഗ്യത്തിനും ഉറക്കം വളരെ പ്രധാനമാണ്.

വ്യായാമം ചെയ്യാം
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് വ്യായാമം. ഹാപ്പി ഹോർമോണായ എൻഡോർഫിന്‍റെ ഉത്പാദനത്തെ ഇത് പ്രോത്സാഹിപ്പിക്കും. മാനസികാവസ്ഥ നിയന്ത്രിക്കാനും സമ്മർദ്ദം, വിഷാദ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാനും പതിവായി വ്യായാമം ചെയ്യുന്നത് വളരെയധികം സഹായിക്കും. അതിനാൽ ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരം വ്യായാമം ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here