തമിഴ്‌നാട്ടിൽ നടന്ന ഒരു പരിപാടിക്കിടെ പ്രശസ്ത തമിഴ് നടൻ വിശാൽ കുഴഞ്ഞുവീണു. വില്ലുപുരത്ത് സംഘടിപ്പിച്ച പരിപാടിക്കിടെ നടൻ വേദിയിൽ വെച്ച് തളർന്നു വീഴുകയായിരുന്നു. നടനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ഡിസ്ചാർജ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി സംഘടിപ്പിക്കുന്ന വാർഷിക ആഘോഷമായ മിസ് കൂവാഗം 2025 ന്റെ ഭാഗമായി കൂവാഗം ഗ്രാമത്തിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു വിശാൽ. ആഘോഷങ്ങൾക്കിടെ, പെട്ടെന്ന് അദ്ദേഹം ബോധം നഷ്ടപ്പെട്ട് വേദിയിൽ കുഴഞ്ഞുവീണു.
ആരാധകരും പരിപാടി സംഘാടകരും ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. തുടർന്ന് അദ്ദേഹം ബോധം വീണ്ടെടുത്തു. മുൻ മന്ത്രി കെ. പൊൻമുടി അദ്ദേഹത്തെ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ഉറപ്പാക്കി.
റിപ്പോർട്ടുകൾ പ്രകാരം, പരിപാടിക്ക് മുമ്പ് വിശാൽ ജ്യൂസ് മാത്രമേ കഴിച്ചിരുന്നുള്ളൂ, അതാവാം അദ്ദേഹത്തിന്റെ മോശം ആരോഗ്യാവസ്ഥയ്ക്ക് കാരണമായത്.
ജനുവരിയിൽ നടന് ഡെങ്കിപ്പനി ബാധിച്ചിരുന്നു. പനി ഉണ്ടായിരുന്നിട്ടും, തന്റെ ‘മധ ഗജ രാജ’ എന്ന സിനിമയുടെ പ്രമോഷണൽ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. അദ്ദേഹത്തിന് ആരോഗ്യസ്ഥിതി കണ്ട് ആശങ്കയിലായിരുന്നു ആരാധകർ. എഴുന്നേറ്റു നിൽക്കാൻ പോലും അദ്ദേഹത്തിന് സഹായം ആവശ്യമായി വന്നു. മൈക്ക് പിടിച്ച് വിറയ്ക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ ആരാധകരെ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആശങ്കയിലാക്കി.
പിന്നീട്, വിശാൽ തന്റെ അവസ്ഥയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകി. “എനിക്ക് മൂന്നോ ആറോ മാസത്തേക്ക് ജോലി ചെയ്യാൻ കഴിയില്ലെന്ന് തെറ്റായ കിംവദന്തികൾ ഉണ്ടായിരുന്നു, പക്ഷേ അവയൊന്നും ശരിയല്ല”, എന്നായിരുന്നു പ്രതികരണം.
2013 ൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന മധ ഗജ രാജ ഒടുവിൽ ഈ വർഷം ജനുവരിയിൽ തിയേറ്ററുകളിൽ എത്തി.