വീണ്ടുമൊരു വിഷുക്കാലം കൂടി വന്നെത്തി. വിഷു ആഘോഷത്തിൽ ഏറ്റവും പ്രധനാമായ ഒന്നാണ് വിഷുക്കണി. മലയാള പുതുവർഷത്തിലെ ആദ്യദിനമായ മേടം മാസം ഒന്നാം തീയ്യതി പുലർച്ചെയാണ് കണി കാണേണ്ടത്. വിഷുക്കണി കൃത്യമായ സമയത്ത് ചിട്ടയോടെ കണ്ടാൽ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം. ബ്രാഹ്മമുഹൂർത്തത്തിലാണ് വിഷുക്കണി കാണേണ്ടത്.അതായത് ഈ വർഷം പുലർച്ചെ 4.39നും 5.26നും ഇടയിലുള്ള സമയത്താണ് കണി കാണേണ്ടത്.
കണി കാണുന്ന സമയം പോലെ തന്നെ പ്രാധനമാണ് കണി ഒരുക്കേണ്ട വിധവും. കണ്ണന്റെ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കേണ്ടത്. കൃഷ്ണ വിഗ്രഹത്തിനുമേൽ ലഭ്യഭായ പൂക്കൾകൊണ്ട് മാല കോർത്തു ചാർത്തുന്നത് വളരെ ഉത്തമമാണ്. മാത്രമല്ല കണി കാണുന്നതിനായി ഉപയോഗിക്കുന്ന ഓട്ടുരുളി, നിലവിളക്ക്, വാൽക്കിണ്ടി എന്നിവ തേച്ചുവൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവൂ. വിഷുവിന്റെ തലേദിവസം കുടുംബനാഥയോ മുതിർന്നവരോ വേണം കണിയൊരുക്കാൻ.
ഓട്ടുരുളിയിൽ ഉണക്കലരി പകുതിയോളം നിറയ്ക്കുക. കണിവെള്ളരിയാണ് ആദ്യം വെക്കേണ്ടത്.കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖമാണെന്നാണ് സങ്കൽപ്പം.ചക്ക, പൊതിച്ച നാളികേരം എന്നിവ വെക്കുക. ഇവ രണ്ടും ഗണപതി ഭഗവാന് ഏറെ പ്രിയമാണ്. കൂടാതെ മാങ്ങ, കദളിപ്പഴം ,നാരങ്ങ, നെല്ലിക്ക എന്നിവയും ഉരുളിയിൽ വെക്കുക. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും വളരെ ഇഷ്ടമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. നാരങ്ങയും നെല്ലിക്കയും ലക്ഷ്മീ ദേവി സങ്കൽപ്പത്തിലാണ് വെക്കുന്നത്. ഓട്ടുരുളിയുടെ നടുക്കായി വാൽക്കണ്ണാടി വയ്ക്കുക.
ശ്രീഭഗവതിയെ സങ്കൽപ്പിച്ചുക്കൊണ്ടാണ് ഇത് ചെയ്യേണ്ടത്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണ് വാൽക്കണ്ണാടി വെക്കുന്നത്. ഏറ്റവും പ്രധാനമായ കണിക്കൊന്നപ്പൂക്കൾ വയ്ക്കാൻ മറക്കരുത്. കൊന്നപ്പൂക്കൾ കിരീടമായും വാൽക്കണ്ണാടി മനസ്സുമാണെന്നാണ് സങ്കൽപ്പം. ഇവയ്ക്ക് സമീപത്ത് ഓട്ടുതാലത്തിൽ അലക്കിയ കസവുമുണ്ട്, ഗ്രന്ഥം, കുങ്കുമച്ചെപ്പ് ,കണ്മഷി ,വെറ്റിലയിൽ നാണയത്തുട്ടും പാക്കും എന്നിവയും വയ്ക്കുക. ലക്ഷ്മീദേവിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും.
കൂടാതെ നവധാന്യങ്ങളും വയ്ക്കുന്നത് നല്ലതാണെന്ന കണക്കാക്കുന്നു. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. കണികണ്ടശേഷം നവധാന്യങ്ങൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു.പീഠത്തിനു മുകളിലായി നിലവിളക്കും വെക്കുക. ശേഷം എണ്ണയൊഴിച്ചു അഞ്ചുതിരിയിട്ടു വയ്ക്കുക. മുന്നിലായി സാമ്പ്രാണി, ഓട്ടുകിണ്ടിയിൽ ശുദ്ധജലം, പൂക്കൾ, കൊടിവിളക്ക് എന്നിവ വിഷുദിനതത്തിലേക്കായി ഒരുക്കി വയ്ക്കുക. ദീപപ്രഭമൂലമുള്ള നിഴൽ കൃഷ്ണ വിഗ്രഹത്തിൽ പതിക്കാത്ത രീതിയിലാവണം വിളക്ക് സ്ഥാപിക്കേണ്ടത്.