മണ്ഡല പുനർനിർണയം തലയ്ക്ക് മുകളിൽ തൂക്കിയിട്ട വാളെന്ന് പിണറായി; ന്യായത്തിന് വേണ്ടി പോരാടുമെന്ന് സ്‌റ്റാലിൻ

0
29

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ ചെന്നൈയിൽ വിളിച്ച യോഗം ആരംഭിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം യോഗത്തില്‍ 13 പാര്‍ട്ടികളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വൈഎസ്ആർ കോൺഗ്രസ്, തൃണമൂൽ പ്രതിനിധികൾ ഒഴികെ പ്രതിപക്ഷ നിരയിലെ മുൻനിര പാർട്ടികൾ എല്ലാം തന്നെ യോഗത്തിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.

യോഗത്തിൽ കടുത്ത ഭാഷയിലാണ് കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സംസാരിച്ചത്. സംസ്ഥാനങ്ങളുമായി യാതൊരു കൂടിയാലോചനയും കൂടാതെ മണ്ഡല അതിർത്തി പുനർനിർണയ പ്രക്രിയയുമായി മുന്നോട്ട് പോകുന്നതിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

സംസ്ഥാനങ്ങൾക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന ഡമോക്കിൾസിന്റെ വാൾ പോലെ തോന്നിക്കുന്ന നീക്കമായിട്ടാണ് പിണറായി വിജയൻ ഇതിനെ വിശേഷിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള ഭരണഘടനാ തത്വങ്ങളോ ജനാധിപത്യ അനിവാര്യതകളോ അല്ല ഈ പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെന്നും പിണറായി വിജയൻ യോഗത്തിൽ സംസാരിക്കവേ കൂട്ടിച്ചേർത്തു. നിലവിലുള്ള രാഷ്ട്രീയ സന്തുലിതാവസ്ഥയെ ഈ പ്രക്രിയ തകർക്കുമെന്നും ലോക്‌സഭയിലെ ന്യായമായ പ്രാതിനിധ്യത്തെ ബാധിക്കുമെന്നും പിണറായി വിജയൻ ആശങ്ക പ്രകടിപ്പിച്ചു. ഇടുങ്ങിയ രാഷ്ട്രീയ മനോഭാവത്തോടെയാണ് ബിജെപി മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം ഇത്തരത്തിൽ ഒരു സംയുക്ത യോഗം വിളിച്ചുചേർത്ത എംകെ സ്‌റ്റാലിന് നന്ദി അറിയിക്കുകയും ചെയ്‌തു. ഒരു ഭാഗത്ത് ജനസംഖ്യാ വിസ്‌ഫോടനം ഫലപ്രദമായി നേരിട്ടതിന് കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളെയൊക്കെ പ്രശംസിക്കുന്നു, മറുവശത്ത് നിങ്ങളുടെ ജനസംഖ്യ കുറവാണെന്ന് പറഞ്ഞ് അവര്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം വെട്ടിക്കുറയ്ക്കുന്നു; എന്നായിരുന്നു പിണറായി പറഞ്ഞത്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും പിണറായി കൂട്ടിച്ചേർത്തു

ന്യായമായ മണ്ഡല പുനർനിർണയത്തിനായി പോരാടുമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ യോഗത്തിൽ വ്യക്തമാക്കിയത്. നിലവിലെ ജനസംഖ്യയ്ക്ക് അനുസൃതമായി മണ്ഡലങ്ങളുടെ പരിധി നിർണയം നടക്കരുത്. നാമെല്ലാവരും അതിനെ എതിർക്കുന്നതിൽ ഉറച്ചുനിൽക്കണമെന്നും സ്‌റ്റാലിൻ യോഗത്തിൽ ആവശ്യപ്പെട്ടു

എല്ലാ സംസ്ഥാനങ്ങളും ഈ നീക്കത്തെ എതിർക്കണമെന്ന് സ്‌റ്റാലിൻ പറഞ്ഞു. കാരണം ഇത് പാർലമെന്റിലെ ജനപ്രതിനിധികളെയും മറ്റ് പാർട്ടികളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ശക്തിയെ ഇല്ലാതാക്കും. ശരിയായ ചർച്ച കൂടാതെ നിയമങ്ങൾ പാസാക്കപ്പെടും, വിദ്യാർത്ഥികൾക്ക് പ്രധാനപ്പെട്ട അവസരങ്ങൾ നഷ്‌ടമാവുമെന്നും, കർഷകർക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും സ്‌റ്റാലിൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here