കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിലെ സംഗീത പരിപാടിയില്‍ സിപിഐഎം, ഡിവൈ എഫ്‌ഐ പതാകകളുടെ പശ്ചാത്തലത്തില്‍ വിപ്ലവഗാനങ്ങള്‍ ആലപിച്ചതില്‍ പങ്കില്ലെന്ന മറുപടി നല്‍കി ക്ഷേത്രോപദേശക സമിതി. പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നവരാണ് എല്‍ ഇ ഡി വാള്‍ ഉള്‍പ്പടെ ക്രമീകരിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ മറുപടിയില്‍ ക്ഷേത്ര ഉപദേശക സമിതി വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ ശക്തമായ നടപടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചേക്കുമെന്നാണ് വിവരം.
ക്ഷേത്രത്തില്‍ കരക്കാരും വ്യക്തികളും സംഘടനകളും ആണ് ഉത്സവ പരിപാടികള്‍ നടത്തുന്നത്. അതില്‍ ഇടപെടാറില്ലെന്നും ക്ഷേത്രോപദേശക സമിതിയുടെ മറുപടിയില്‍ പറയുന്നു. സ്‌ക്രീനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും കാണിച്ചത് ശരിയായില്ലെന്നാണ് തങ്ങളുടെയും നിലപാടെന്നും ക്ഷേത്രോപദേശക സമിതിയും ഉത്സവ കമ്മിറ്റിയും മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം തുടരുകയാണ്. വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി സ്വീകരിക്കുക.
അതേസമയം, കാണികളുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം ആലപിച്ചതെന്ന് അലോഷി ആദം പ്രതികരിച്ചിരുന്നു. സദസില്‍ എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഗാനങ്ങളാണ് ആലപിച്ചിരുന്നത്. തന്നെ പരിപാടി ഏല്‍പ്പിച്ചിരുന്നത് ക്ഷേത്രകമ്മിറ്റിയല്ല വ്യാപാരികളുടെ സംഘടനയാണെന്നും തന്റെ പരിപാടികളില്‍ വിപ്ലവഗാനങ്ങളും ഉള്‍പ്പെടുമെന്ന് പരിപാടി ഏല്‍പ്പിച്ചവര്‍ക്ക് അറിയാമായിരുന്നുവെന്നും അലോഷി പറഞ്ഞു.