ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ പങ്കെടുക്കുന്ന പാലോട് സ്വദേശി അനിത കുമാരിയുടെ ജപ്തി കുടിശിക അടയ്ക്കുമെന്ന് ഓർത്തഡോക്സ് സഭ. അനിത കുമാരിയുടെ വീട് ജപ്തി ചെയ്യാൻ കേരള ബാങ്ക് നോട്ടീസ് അയച്ച വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഓർത്തഡോക്സ് സഭ വിഷയത്തില്‍ ഇടപെട്ടത്. ഈ ഘട്ടത്തിൽ അവരെ സഹായിക്കുക എന്നത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ പറഞ്ഞു. അനിത കുമാരിയുടെ മൂന്ന് മക്കളിൽ ഒരാൾ ക്യാൻസർ രോഗിയാണ്. ആശാ പ്രവർത്തക എന്ന നിലയിൽ കിട്ടുന്ന തുച്ഛമായ വേതനം കൊണ്ടാണ് മകളുടെ ചികിത്സയും കുടുംബത്തിന്റെ ചെലവും കഴിയുന്നത്.
ആശ സമരത്തിൽ പങ്കെടുക്കുന്ന ഭൂരിഭാഗം സ്ത്രീകളും ഒന്നല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിൽ പ്രയാസം നേരിടുന്നവരാണ്. വേതനത്തിന് വേണ്ടി സമരം ചെയ്യുമ്പോൾ ജപ്തി കൂടി വരുന്നത് എത്ര സങ്കടകരമാണ്. അനിത കുമാരിയുടെ മാനസിക വൃഥ മനസിലാക്കുന്നു. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഓർത്തഡോക്സ് സഭയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു.
പാലോട് സ്വദേശി അനിത കുമാരിക്കാണ് ഏഴ് ദിവസത്തിനകം വായ്പ തിരിച്ചടച്ചില്ലെങ്കിൽ വീട് നഷ്ടമാകുമെന്ന ദുരവസ്ഥ വന്നത്. രണ്ട് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയായതോടെയാണ് കേരള ബാങ്ക് ജപ്തി നോട്ടീസ് നൽകിയത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നേർക്കുനേര്‍ പരിപാടിയിലാണ് അനിത കുമാരി തന്‍റെ ജീവിത ദുരിതം പങ്കുവെച്ചത്. 2021 ൽ എടുത്ത രണ്ട് ലക്ഷം രൂപയുടെ വായ്പയും പലിശയും എല്ലാം ചേർത്ത് രണ്ട് ലക്ഷത്തി എൺപതിരണ്ടായിരം രൂപ ആയിട്ടുണ്ട്.