അതിവേഗ റെയിൽപാത വരും? സ്വപ്ന പദ്ധതിയുമായി മുഖ്യമന്ത്രി മുന്നോട്ട്; അനുകൂലമായി പ്രതികരിച്ച് നിർമലാ സീതാരാമൻ

0
22

തിരുവനന്തപുരം: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ അതിവേഗ റെയിൽപ്പാതയുമായി സംസ്ഥാനം മുന്നോട്ട്. ഇന്നലെ ന്യൂഡൽഹിയിൽ ധനമന്ത്രി നിർമലാ സീതാരാമനെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയവും ഉന്നയിച്ചിരുന്നു. കാര്യങ്ങൾ പരിശോധിച്ച് നടപടി വേഗത്തിലാക്കാമെന്ന് ധനമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. സംസ്ഥാനത്ത് അതിവേഗ റെയിൽപ്പാതയുടെ ആവശ്യകത മുഖ്യമന്ത്രി ധനമന്ത്രിയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. മറ്റു വിഷയങ്ങൾക്കൊപ്പമാണ് ഇക്കാര്യവും കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

കെ റെയിൽ സമർപ്പിച്ച പദ്ധതിരേഖ അംഗീകരിക്കാനികില്ലെങ്കിൽ മെട്രോമാൻ ഇ ശ്രീധരൻ സമർപ്പിച്ച ബദൽ പദ്ധതിയ്ക്ക് എങ്കിലും അംഗീകാരം കിട്ടണമെന്നാണ് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെ റെയിലിൻ്റെ പദ്ധതിരേഖയക്കെതിരെ സംസ്ഥാന ബിജെപി നേതൃത്വം ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.ഈ സാഹചര്യത്തിൽ കേന്ദ്ര അനുമതി ലഭിക്കാൻ സാധ്യത കുറവാണെന്നിരിക്കെയാണ് ബിജെപി നേതാവ് കൂടിയായ ഇ ശ്രീധരൻ്റെ ബദൽ പദ്ധതിയെങ്കിലും അംഗീകരിക്കണമെന്ന ആവശ്യം.

വിഷയം പരിശോധിച്ച് നടപടി വേഗത്തിൽ സ്വീകരിക്കാമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ മറുപടി നൽകിയെന്നാണ് റിപ്പോർട്ട്. കെ റെയിലിൻ്റെ പദ്ധതി അല്ലെങ്കിൽ കൂടി, അതിവേഗ പാത യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സംസ്ഥാന സർക്കാരിൻ്റെ നോട്ടം.

സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസിന് ലഭിച്ച സ്വീകാര്യത അതിവേഗ റെയില്‍പദ്ധതിയുടെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഇക്കാര്യം നേരത്തെ തന്നെ കേരളം കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. രാജ്യത്ത് ഒക്യുപെൻസി റേറ്റിൽ മുന്നിലുള്ള രണ്ട് വന്ദേ ഭാരതുകളും കേരളത്തിലൂടെ സർവീസ് നടത്തുന്നതാണ്. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്കും തിരിച്ചുമാണ് ഒരു വന്ദേ ഭാരത് ഓടുന്നത്. രണ്ടാം വന്ദേ ഭാരത് തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരുവിലേക്കും തിരിച്ചുമാണ് സർവീസ് നടത്തുന്നത്.

സംസ്ഥാനത്ത് അതിവേഗ റെയിൽപ്പാതയ്ക്കായി സംസ്ഥാനം നിരന്തരം കേന്ദ്രത്തിന് മുന്നിൽ സമർദ്ദം ചെലത്തുന്നുണ്ട്. ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനൊപ്പം തന്നെ അതിവേഗ റെയിലും യാഥാർഥ്യമായാൽ കേരളത്തിൻ്റെ വികസനത്തിന് വലിയ കുതിപ്പാകും അത് നൽകുക. വികസനമെന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്ന പിണറായി സർക്കാരിനും ഇത് അഭിമാന നേട്ടമാകും.

മുഖ്യമന്ത്രിയ്ക്കൊപ്പം കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ സംസ്ഥാന സര്‍ക്കാരിൻ്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ്, സംസ്ഥാന ധനകാര്യസെക്രട്ടറി ഡോ. എ ജയതിലക്, കേന്ദ്ര ധനവകുപ്പ് ജോയിൻ്റ് സെക്രട്ടറി പങ്കജ് ശര്‍മ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here