കോഴിക്കോട്: വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ടൗണിലേക്കുപോയ യുവാവിനെ പൊലീസ് ഓടിച്ചിട്ട് മര്‍ദിച്ചെന്ന് പരാതി. കോഴിക്കോട് നദാപുരം വാണിമേല്‍ സ്വദേശി നെല്ലിയുള്ളതില്‍ സുധീഷിനാണ് പരുക്കേറ്റത്. സാധനങ്ങള്‍ വാങ്ങിയശേഷം ടൗണില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോള്‍ കണ്‍ട്രോള്‍ റൂമിന്റെ പൊലീസ് വാഹനം സ്ഥലത്തെത്തി. പൊലീസിനെ കണ്ട് എല്ലാവരും ചിതറിയോടി. സമീപത്തെ വീട്ടിലേക്ക് ഓടി കയറിയ സുധീഷിനെ പൊലീസ് പിന്നാലെയെത്തി മര്‍ദിച്ചെന്നാണ് പരാതി.
മർദ്ദനത്തിൽ പരുക്കേറ്റ സുധീഷ് നാദാപുരം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍, പൊതുസ്ഥലത്ത് മദ്യപിക്കുന്നതായി വിവരം ലഭിച്ചത് അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ആളുകള്‍ ചിതറിയോടിയെന്നും ആരെയും തല്ലിയില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.