ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകൾ എഴുതിത്തള്ളാൻ നീക്കം

0
32

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ചലച്ചിത്രമേഖലയിലെ ലൈംഗികചൂഷണവുമായി ബന്ധപ്പെട്ടെടുത്ത കേസുകൾ എഴുതിത്തള്ളാൻ നീക്കം. ഈ മാസം അവസാനത്തോടെ ഇതിനായി കോടതിയിൽ റിപ്പോർട്ട് നൽകും. കമ്മിറ്റിക്ക് മൊഴി നൽകിയവർ പോലീസിന് മൊഴി നൽകാനോ സഹകരിക്കാനോ തയ്യാറാകാത്തതിനെ തുടർന്നാണ് നീക്കം.

പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം കേസുകൾ രജിസ്റ്റർചെയ്തത്. പരാതിപ്രകാരമുള്ള ഒൻപത് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. എന്നാൽ, ഹേമ കമ്മിറ്റിക്ക് മുൻപാകെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത നാല്പതിലധികം കേസുകളിൽ പോലീസിന് മൊഴിനൽകാൻ പലരും തയ്യാറാകുന്നില്ല. ഈ കേസുകളിൽ ഭൂരിഭാഗവും എഴുതിത്തള്ളേണ്ട അവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പരാതിക്കാർ തയാറാകാത്തതോടെ കേസുകളിൽ അന്വേഷണസാധ്യതയില്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും. 35 കേസുകളിൽ 30 കേസുകളും ഇത്തരത്തിൽ എഴുതിത്തള്ളേണ്ടിവരുമെന്നാണ് വിവരം.

പ്രത്യേക അന്വേഷണസംഘം നിലവിൽ 80 കേസുകളാണ് എടുത്തത്. ഇതിൽ ഹേമ കമ്മിറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 35 കേസുകളും കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേരിട്ട് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച പരാതികളിൽ മറ്റു കേസുകളും റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ നേരിട്ട് പരാതിപ്പെട്ട കേസുകളിൽ കുറ്റപത്രവുമായി മുന്നോട്ടുപോകാനുമാണ് പൊലീസിന്റെ ആലോചന.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉയർന്ന പരാതികളിൽ മുകേഷ്, സിദ്ദീഖ്, ജയസൂര്യ തുടങ്ങിയ നടന്മാരെ പ്രതികളാക്കി കേസുകൾ രജിസ്റ്റർചെയ്തിരുന്നു. പിന്നീട് കോടതി നിർദേശത്തെത്തുടർന്ന് കമ്മിറ്റി റിപ്പോർ‍ട്ടിലെ മൊഴിപ്രകാരം കേസുകളെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here