സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ; ഇന്നും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്, കടലാക്രമണ സാദ്ധ്യതയും

0
41

സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ  താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂടിന് സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം.

പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് കൂടുതൽ സമയം ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് ഈ തരത്തിൽ ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

കന്യാകുമാരി തീരത്ത് ഇന്ന്  ഉച്ചയ്ക്ക്  02.30 മുതൽ രാത്രി 11.30 വരെ 0.9  മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here