എറണാകുളം: പശ്ചിമകൊച്ചി ക്ലസ്റ്ററില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം മുപ്പത്തിരണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വെങ്ങോലയിലും സ്ഥിതി ആശങ്കാജനകമാണ്.
എറണാകുളം ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നിലൊന്നും പശ്ചിമകൊച്ചി ക്ലസ്റ്ററില്‍നിന്നാണ്. ഫോര്‍ട്ടുകൊച്ചിയില്‍ പത്തും, മട്ടാഞ്ചേരിയില്‍ പത്തൊന്‍പതും, പള്ളുരുത്തിയില്‍ മൂന്നുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം വര്‍ധിച്ച പശ്ചാത്തലത്തില്‍ പരിശോധന കൂടുതല്‍ വ്യാപകമാക്കിയിരുന്നു. കര്‍ശനമായ നിയന്ത്രണങ്ങളോടെ പശ്ചിമകൊച്ചിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരുകയാണ്.
നാല് നാവികസേനാംഗങ്ങള്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വെങ്ങോലയില്‍ പതിനെട്ടുപേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതും ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം, ജില്ലയിലെ മറ്റ് കോവിഡ് ക്ലസ്റ്ററുകളായ ആലുവ ചെല്ലാനം മേഖലകളില്‍ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച 106 പേരില്‍ നാല് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. അതേസമയം, 124 പേര്‍ ഇന്നലെ രോഗമുക്തി നേടിയത് ആശ്വാസമായി. നിലവില്‍ 1372 പേരാണ് ജില്ലയില്‍ കോവിഡ് പോസിറ്റീവായി ചികില്‍സയില്‍ തുടരുന്നത്.