മുംബൈ തെരുവുകളിലൂടെ ഒരു ‘ഗുഹാമനുഷ്യൻ’ അലഞ്ഞു തിരിഞ്ഞു നടക്കുന്നൊരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നീണ്ട മുടിയും പരുക്കൻ താടിയും പഴകിയ വസ്ത്രങ്ങളുമായി ഒരാൾ ഒരു മരപ്പലകയിൽ തീർത്ത ഉന്തുവണ്ടിയുമായി നടന്നുപോകുന്നതായിരുന്നു വീഡിയോ. ആളുകൾ ഇയാളെ അത്ഭുതത്തോടെ നോക്കി നിൽക്കുന്നതും പിന്നീട് നടന്നു നീങ്ങുന്നതും കാണാം. എന്നാൽ ആരാണതെന്ന് ആരും തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം.
ഈ ‘ഗുഹാമനുഷ്യൻ’ യഥാർത്ഥത്തിൽ മറ്റാരുമായിരുന്നില്ല ബോളിവുഡ് നടൻ ആമിർ ഖാനായിരുന്നു. ഒരു എനർജി ഡ്രിങ്കിന്റെ പരസ്യത്തിനു വേണ്ടിയുള്ള പ്രാങ്കായിരുന്നു ഇത്. പിന്നീട് ഗുഹാമനുഷ്യന്റെ വേഷം അഴിച്ചുമാറ്റുന്ന ആമിർ ഖാന്റെ വീഡിയോ പുറത്തുവന്നപ്പോഴാണ് ആളുകൾ ഇത് സൂപ്പർസ്റ്റാറാണെന്ന് മനസ്സിലാക്കിയത്.
ഈ പരസ്യ വീഡിയോയില്‍ ആമിര്‍ ഗുഹ മനുഷ്യനായാണ് എത്തിയത്. ഈ പരസ്യം ഇറങ്ങുന്നതിന് ഒരു ദിവസം മുന്‍പാണ് ഇദ്ദേഹം വേഷം മാറി തെരുവില്‍ എത്തിയത്. എന്തായാലും വീഡിയോ വൈറലായി. ഇപ്പോൾ ഈ പരസ്യവും പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനു മുൻപും ആമിർ ഖാൻ സിനിമകളുടെ പ്രൊമോഷനുകൾക്കായി ഇത്തരം രീതികൾ ഉപയോഗിച്ചിട്ടുണ്ട്. ‘ഗജിനി’ സിനിമയുടെ സമയത്ത് അദ്ദേഹം ബാർബറായി വേഷം മാറിയിരുന്നു, ‘3 ഇഡിയറ്റ്സി’ന്റെ സമയത്ത് വൃദ്ധന്റെ വേഷത്തിലും എത്തിയിരുന്നു.
‘സിത്താരെ സമീൻ പർ’ ആണ് ആമിർ ഖാന്റേതായി ഇനി വരാനിരിക്കുന്ന സിനിമ. 2007-ൽ പുറത്തിറങ്ങിയ ‘താരേ സമീൻ പർ’ എന്ന സിനിമയുടെ തുടർച്ചയാണിത്.