അബുദാബി : യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ട് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ സാംസ്കാരിക പരിപാടികളോടെയും ചടങ്ങുകളോടെയും ആഘോഷിക്കാനൊരുങ്ങി വിശ്വാസികൾ. ‘പഥോത്സവ്’ എന്ന പേരിലാണ് ഒന്നാം വാർഷികാഘോഷത്തിന്റെ പുണ്യ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. എല്ലാ രാജ്യക്കാർക്കും ജാതിമതഭേദമന്യേ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ കഴിയും. ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.
അബുദാബിയിലെ അബു മുറൈഖ മേഖലയിൽ പണികഴിപ്പിച്ച ബാപ്സ് ഹിന്ദു ക്ഷേത്രം കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോച്ചൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്തയുടെ ആത്മീയ ഗുരുവായ മഹന്ത് സ്വാമി മഹാരാജും ചേർന്നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്.
പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതു മുതൽ ഐക്യത്തിന്റെ ആത്മീയ മരുപ്പച്ച എന്ന നിലയിലാണ് ക്ഷേത്രം വാഴ്ത്തപ്പെടുന്നത്. പരമ്പരാഗത ശിലാ രൂപകൽപ്പനകൾ കാണാനും അപൂർവ്വമായ വാസ്തുവിദ്യ മനസ്സിലാക്കാനും പ്രാർത്ഥനക്കുമായി നിരവധി പേരാണ് ദിവസവും ക്ഷേത്രം സന്ദർശിക്കുന്നത്. ഹിന്ദുക്കൾക്ക് വേണ്ടിയുള്ള ഒരു പ്രാർഥനാ കേന്ദ്രം എന്നതിനേക്കാൾ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും പഠിക്കാനും മനസ്സിലാക്കാനുമുള്ള ഒരു ഇടമായുമാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.
ഇന്ത്യയിലെ രാജസ്ഥാനിലും ഗുജറാത്തിലുമായി കൈകൊണ്ട് കൊത്തിയെടുത്ത കല്ലുകളാണ് ക്ഷേത്രനിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. രാമായണം, മഹാഭാരതം, പുരാണങ്ങൾ എന്നിവയുടെ ശിലാ ചിത്രീകരണങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം. കൂടാതെ ക്ഷേത്ര സമുച്ചയത്തിൽ സന്ദർശക കേന്ദ്രം, പ്രാർഥനാ ഹാളുകൾ, പ്രദർശനങ്ങൾ, പൂന്തോട്ടങ്ങൾ, പാർക്കിങ്, ഫുഡ് കോർട്ട് എന്നിവയും ഉണ്ട്.