ഉംറ തീര്‍ഥാടകര്‍ക്ക് മെനിഞ്ചൈറ്റിസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി സൗദി; ഫെബ്രുവരി 10 മുതല്‍ പ്രാബല്യം

0
36

ജിദ്ദ: എല്ലാ ഉംറ തീര്‍ഥാടകരും സൗദിയിലേക്ക് പുറപ്പെടുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിര്‍ബന്ധമാക്കി. ഉംറയ്ക്കായി സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്കുള്ള ഏറ്റവും പുതിയ ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. ഫെബ്രുവരി 10 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു

ഫെബ്രുവരി 10 മുതല്‍ വാക്‌സിന്‍ എടുക്കാതെ വരുന്നവര്‍ക്ക് സൗദിയില്‍ പ്രവേശനം അനുവദിക്കില്ല. നിലവില്‍ സൗദിയിലുള്ളവര്‍ക്കും വ്യവസ്ഥ ബാധകമാണ്. സൗദി അറേബ്യയുടെ ആരോഗ്യ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, എല്ലാ ഉംറ തീർഥാടകരും മെനിംഗോകോക്കല്‍ എസിവൈഡബ്ല്യുഎക്‌സ് വാക്‌സിന്‍ അല്ലെങ്കില്‍ മെനിംഗോകോക്കല്‍ ക്വാഡ്രിവാലന്റ് പോളിസാക്കറൈഡ് വാക്‌സിന്‍ സ്വീകരിക്കണം

സൗദി അറേബ്യയില്‍ എത്തുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്‌സിന്‍ എടുത്തിരിക്കണം. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഒരു വയസ്സും അതില്‍ കൂടുതലുമുള്ള എല്ലാ യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. തീര്‍ഥാടകന്‍ വരുന്ന രാജ്യത്തെ ഒഔദ്യോഗിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നായിരിക്കണം വാക്‌സിന്‍ എടുക്കേണ്ടത്.

യാത്രക്കാരൻ്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പേര്, തരം, നല്‍കിയ തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മെനിഞ്ചൈറ്റിസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് മൂന്ന് വര്‍ഷത്തെ കാലാവധി ഉണ്ടായിരിക്കുമന്ന് അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം, തലച്ചോറിനും സുഷുമ്‌നാ നാഡിക്കും ചുറ്റുമുള്ള ടിഷ്യൂകളുടെ വീക്കമാണ് മെനിഞ്ചൈറ്റിസ്. സാധാരണയായി അണുബാധ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് ചിലപ്പോള്‍ മാരകമായേക്കാം.

രോഗികള്‍ക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. ബാക്ടീരിയ, വൈറസുകള്‍, ഫംഗസ് എന്നിവയാല്‍ ഈ രോഗം ഉണ്ടാകാം. ഇതില്‍ ബാക്ടീരിയ മെനിഞ്ചൈറ്റിസ് ഇതിന്റെ ഏറ്റവും കഠിനമായ രൂപമാണ്. മെനിഞ്ചൈറ്റിസ് പ്രധാനമായും രോഗബാധിതനായ വ്യക്തിയില്‍ ശ്വാസത്തിലൂടെയാണ് പകരുന്നത്. കഴുത്തിലെ തടിപ്പ്, പനി, അസ്വസ്ഥമായ മാനസികാവസ്ഥ, തലവേദന, ഓാക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങള്‍.

ചിലപ്പോള്‍ രോഗം മരണകാരണം ആവാമെന്നതിനാല്‍ തുടക്കത്തില്‍ തന്നെ തന്നെ വൈദ്യസേവനം തേടേണ്ടത് അനിവാര്യമാണ്. വാക്‌സിന്‍ രോഗം പകരുന്നത് വലിയ അളവില്‍ പ്രതിരോധിക്കാന്‍ പര്യാപ്തമാണെന്നാണ് കണക്കുകൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here