അക്രമിയുടെ കുത്തേറ്റ് ആശുപത്രിയിൽ ചികിതസയിൽ കഴിയുന്ന ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ഇന്ന് ആശുപത്രി വിടും. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് അലി ഖാൻ ചികിതസയിൽ കഴിയുന്നത്. ഡിസ്ചാർജ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ഡോ. നിതിൻ ഡാങ്കെ അറിയിച്ചു. ജനുവരി 16-ന് രാത്രിയാണ് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. ആറോളം കുത്തുകളേറ്റ സെയ്ഫ് അലി ഖാന്റെ സമയോചിത നീകത്തിൽ പരുക്കിലെ കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാൻ സഹായിച്ചു.
താരങ്ങളായ ഷാരൂഖ് ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, സോഹ അലി ഖാൻ തുടങ്ങിയവർ ആശുപത്രിയിലെത്തി സെയ്ഫ് അലി ഖാനെ സന്ദർശിച്ചിരുന്നു. അതിനിടെ സംഭവത്തിൽ അറസ്റ്റിലായ ബംഗ്ലാദേശി സ്വദേശി ഷരീഫുൾ ഇസ്ലാമിനെ തെളിവെടുപ്പിനായി നടന്റെ വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി വൈകിയാണ് മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള സെയ്‌ഫ് അലി ഖാന്റെ പതിനൊന്നാം നിലയിലുള്ള ഫ്ലാറ്റിൽ കൊണ്ടുപോയത്. കെട്ടിടത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി കുറഞ്ഞത് 19 വിരലടയാളങ്ങൾ ശേഖരിച്ചതായാണ് വിവരം.