ശബരിമല : യാതൊരുവിധ പ്രതികൂല കാലാവസ്ഥയും വകവെയ്ക്കാതെ അയ്യപ്പ ഭക്തർക്ക് സുരക്ഷയൊരുക്കി ദ്രുതകർമ്മസേന (RAF). കേന്ദ്ര റിസർവ് പോലീസ് സേനയുടെ ഭാഗമായ RAF ൻറെ ഡിപ്ലോയ്മെന്റ് കമാണ്ടന്റ് ജി. വിജയൻറെ നേതൃത്വത്തിൽ 105 – ആം ബറ്റാലിയനിലെ 125 അംഗങ്ങളാണ് ശബരിമലയ്ക്ക് സുരക്ഷയൊരുക്കുന്നത്.
സന്നിധാനത്തെ എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ച് സന്നിധാനം, സോപാനം, ചുറ്റുവട്ടം, നടപ്പന്തൽ തുടങ്ങിയ സ്ഥലങ്ങളിൽ, ആയുധധാരികളായ RAF അംഗങ്ങൾ കാവലിനുണ്ട്. സുരക്ഷാ ജോലിയിൽ ഒരേ സമയം 40 പേരാണ് ജോലിയിലുള്ളത്. 8 മണിക്കൂറത്തെ 3 ഷിഫ്റ്റുകളായാണ് പ്രവർത്തനം. സന്നിധാനത്തിനും, പതിനെട്ടാം പടിക്കും സമീപം, രണ്ടു നിരീക്ഷണ ടവറുകളും, പതിനെട്ടാം പടിക്കു സമീപം സുരക്ഷാ വേലിയും (ഡിഫെൻസ് മോർച്ച) സ്ഥാപിച്ചിട്ടുണ്ട്. തിക്കും, തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും, അടിയന്തിര സാഹചര്യങ്ങളെ നേരിടാനും, RAF ന്റെ പരിശീലനം നേടിയ വിശിഷ്ട സംഘവും സന്നിധാനത്തുണ്ട്.
2008 മുതൽ സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത് ജി. വിജയൻറെ നേതൃത്വത്തിലാണ്. മണ്ഡല മകര വിളക്ക് കാലം മുഴുവൻ സന്നിധാനം RAF ന്റെ സുരക്ഷയിലാണ്.