വിവാഹത്തോട് അനുബന്ധിച്ച് പലതരത്തിലുള്ള ആഡംബരച്ചടങ്ങുകള്‍ നടത്തുന്നത് പതിവാണ്. എന്നാല്‍ വേറിട്ടൊരു വിവാഹാഘോഷമാണ് ഈയടുത്ത് ഉത്തര്‍പ്രദേശില്‍ നടന്നത്. യുപിയിലെ സിദ്ധാര്‍ത്ഥ് നഗറില്‍ നടന്ന ഈ വിവാഹാഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവാഹച്ചടങ്ങിനിടെ വരന്റെ വീട്ടുകാര്‍ 20 ലക്ഷം രൂപ വാരിവിതറുന്ന വീഡിയോയാണ് വൈറലാകുന്നത്. അടുത്തുള്ള വീടുകളുടെ മുകളിലും ജെസിബിയിലും കയറി നിന്നാണ് ഇവര്‍ പണം വാരിവിതറിയത്.
അഫ്‌സല്‍-അര്‍മാന്‍ ദമ്പതികളുടെ വിവാഹച്ചടങ്ങിനിടെയാണ് ഇത്രത്തോളം പണം വാരിവിതറിയത്. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്ത് രംഗത്തെത്തിയത്. ആവശ്യക്കാര്‍ക്കാണ് പണം വിതരണം ചെയ്യേണ്ടതെന്നും പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താനാണ് പണം ഉപയോഗിക്കേണ്ടതെന്നും ചിലര്‍ പറഞ്ഞു. കുറച്ചുനാള്‍ മുമ്പ് ഇന്‍സ്റ്റഗ്രാം ഉപയോക്താവ് നിരഞ്ജന്‍ മഹാപത്ര വ്യത്യസ്തമായ വിവാഹ ചടങ്ങുകളുടെ വീഡിയോകള്‍ തന്റെ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. അതില്‍ പലതും വൈറലാവുകയും ചെയ്തു.
വിവാഹ മണ്ഡപത്തില്‍ വടംവലി കളിക്കുന്ന ഒരു ആചാരത്തിന്റെ വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു. അത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ആ വീഡിയോയില്‍ ഒന്ന് ഒരു വിവാഹത്തിലെ അതിഥികള്‍ തീവ്ര വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇതിനെ വടംവലി എന്ന് വിളിക്കാന്‍ കഴിയില്ല. അഗ്നി കുണ്ഡത്തിന് മുന്നില്‍ മുഖത്തോട് മുഖം നോക്കി ചേര്‍ന്നിരിക്കുന്ന വധുവിന്റെയും വരന്റെയും തലയ്ക്ക് മുകളിലൂടെ ഒരു ചുവന്ന വസ്ത്രം, ഇരു കുടുംബങ്ങളിലെയും ആളുകള്‍ രണ്ട് വശങ്ങളിലായി നിന്ന് വലിക്കുന്നതാണ് ആചാരം.
വീഡിയോയിലെ ദൃശ്യങ്ങളില്‍ രണ്ടു വശത്ത് നിന്നും വടംവലി പോലെ വസ്ത്രത്തില്‍ പിടിവലി മുറുക്കുമ്പോള്‍, ഒരു വശത്ത് നിന്ന് ശക്തിയായി വലിക്കുമ്പോള്‍ മറുവശത്തെ ഒരു സ്ത്രീ അഗ്നികുണ്ഡത്തിന് മുകളിലൂടെ അപകടകരമായ രീതിയില്‍ വീഴുന്നത് കാണാം. ഭാഗ്യവശാല്‍, വീഡിയോയില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി കാണുന്നില്ല. ധാരാളം വ്യത്യസ്തമായ വിവാഹ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും വീഡിയോകള്‍ സാമൂഹിക മാധ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഗോല്‍ഗപ്പകള്‍ വിവാഹദിനത്തില്‍ ആഭരണങ്ങളായി ധരിച്ച വധു മുതല്‍ മണ്ഡപത്തില്‍ മകനെ മര്‍ദ്ദിക്കുന്ന നിരാശയായ അമ്മ വരെയുള്ള രസകരമായ വീഡിയോകള്‍ വൈറലാണ്.