ഇനി ശരണം വിളികളുടെ നാളുകള്‍… ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരി നാലുമണിക്ക് നടതുറന്ന് ദീപം തെളിയിക്കും. ആഴി ജ്വലിപ്പിച്ച ശേഷം നിലവിലെ മേൽശാന്തി നിയുക്ത ശബരിമല മേൽശാന്തി എസ് അരുൺ നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരെ കൈപിടിച്ച് പതിനെട്ടാം പടയിലേക്ക് ആനയിക്കും.
ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും. ശേഷം, പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകരും. തുടര്‍ന്ന് ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി പതിനെട്ട് പടികള്‍ കയറി അയ്യനെ കണ്ടു തൊഴാനായി ഭക്തര്‍ എത്തി തുടങ്ങും. തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.
പമ്പയിൽ നിന്ന് രാവിലെ പതിനൊന്ന് മണിമുതൽ ഭക്തരെ മല ചവിട്ടാൻ അനുവദിക്കും. നാളെ മുതലാണ് മണ്ഡല തീർഥാടനം ആരംഭിക്കുന്നത്. വൃശ്ചികം ഒന്നായ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് മേൽശാന്തിമാർ ഇരുനടകളും തുറക്കുന്നതോടെ മണ്ഡലതീർഥാടനത്തിന് തുടക്കമാകും. ശബരിമല മണ്ഡലകാലത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സർക്കാർ അറിയിച്ചിരുന്നു. ജില്ലാ ഭരണകൂടവും പോലീസും ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. വൈദ്യസഹായം ഉൾപ്പെടെയുള്ളവ സജ്ജമാക്കി.