തെലങ്കാനയിൽ ജാതി സെൻസസ് തുടങ്ങി.

0
41

തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന ഉറപ്പായിരുന്നു ജാതി സെൻസസ്. ജയിച്ചുകയറിയതിന് ശേഷം രേവന്ത് റെഡ്ഡി സർക്കാർ ഉടൻ തന്നെ സെൻസസിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. വലിയ തയ്യാറെടുപ്പിന് ശേഷമാണ് ഇന്ന് സെൻസസ് ആരംഭിച്ചത്. പിന്നോക്ക വികസമന്ത്രി പൂനം പ്രഭാകർ സർവേ നടപടികൾ ഉദ്ഘാടനം ചെയ്തു.

ഓരോ വീട്ടിലും കയറി വിവരങ്ങൾ ശേഖരിച്ചാകും സെൻസസ് ഡാറ്റ ഉണ്ടാക്കുക. എൺപതിനായിരത്തിൽ അധികം ഉദ്യോഗസ്ഥരെയാണ് സെൻസസ് എടുക്കാനായി നിയോഗിച്ചിരിക്കുന്നത്. മൂന്ന് ആഴ്ച കൊണ്ട് സെൻസസ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. 75 ചോദ്യങ്ങളാണ് വിവരശേഖരണത്തിനായി ഉപയോഗിക്കുക. ജാതി സെൻസസിന് മുൻപായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ സംസ്ഥാനത്ത് എത്തിയിരുന്നു. ഇന്ത്യയിലാകെ ജാതി സെൻസസ് നടത്തണമെന്നും പ്രധാനമന്ത്രി ഇതിനോട് അനുകൂലമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാതി സെൻസസിന് തെലങ്കാന ഒരു മോഡലായി മാറുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജാതി സെൻസസ് നടത്തി പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുനക്രമീകരിച്ച് ആനുകൂല്യങ്ങൾ പുതുക്കുകയാണ് സർക്കാർ ലക്ഷ്യം. ബിഹാറിലും കർണാടകയിലും നേരത്തേ ജാതി സെൻസസ് നടത്തിയിരുന്നു. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാർ ജാതി സെൻസ് നടത്താൻ തുടങ്ങിയിരുന്നു, എന്നാൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായതോടെ സെൻസസ് നിർത്തിവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here