തൃശൂര്‍: ലഹരി മാഫിയാ സംഘം സ്വകാര്യ ആംബുലന്‍സ് ഡ്രൈവറെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ പഴഞ്ഞി കോട്ടോല്‍ സ്വദേശി ചേമ്ബത്തയ്യല്‍ വീട്ടില്‍ ഹാഷിറി (28) നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ രാത്രി 11.30നാണ് ആക്രമണം ഉണ്ടായത്. രാത്രി പെരുമ്ബിലാവ് സെന്ററില്‍ മദ്യലഹരിയില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.
സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പിന്തിരിപ്പിക്കുകയും സംഭവസ്ഥലത്തുനിന്ന് പറഞ്ഞുവിടുകയും ചെയ്തു. പിന്നീട് രാത്രി 11.30ന് രണ്ട് കാറുകളിലായെത്തിയ സംഘം സംഭവസ്ഥലത്തുനിന്നിരുന്ന ഹാഷിറിനെ മദ്യലഹരിയില്‍ ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.