
യൂറോ കപ്പിൽ കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സ്പെയിൻ ചാമ്പ്യൻമാർ. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പാനിഷ് പടയുടെ വിജയം. ഇതോടെ തുടർച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനലിലും ഇംഗ്ലണ്ടിന് ഫലം നിരാശയായി മാറി.
തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണം സ്പെയിൻ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാനായത്. നിരന്തരമായി ഇംഗ്ലണ്ട് ഗോൾ മുഖത്ത് സ്പെയിൻ ആക്രമണം അഴിച്ചുവിട്ടു കൊണ്ടേയിരുന്നു. ആദ്യ പകുതിയിൽ ഇംഗ്ലണ്ടിനെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ സ്പെയിൻ അനുവദിച്ചില്ല. ഇതോടെ ഇംഗ്ലണ്ട് കൂടുതൽ പ്രതിരോധത്തിലായി. സ്പെയിനിന്റെ നിരന്തരമായ ഗോൾ ശ്രമങ്ങളും ഇംഗ്ലണ്ടിന്റെ ഉറച്ച പ്രതിരോധവുമായി ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്പെയിൻ ലീഡ് നേടി. 47-ആം മിനിറ്റിൽ നിക്കോളാസ് വില്യംസ് സ്പെയിനിനെ മുന്നിലെത്തിച്ചു. ഇതോടെ സമനില ഗോളിനായി ഇംഗ്ലീഷ് താരങ്ങൾ ഉണർന്നു കളിച്ചു. ചില മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലണ്ടിന്റെ സമനില ഗോൾ പിറന്നു. പകരക്കാരനായി എത്തിയ കോൾ പാമെർ 73-ആം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.
അവസാന 15 മിനിറ്റിലും ഇംഗ്ലീഷ് ഗോൾ മുഖത്തേക്ക് സ്പാനിഷ് ആക്രമണം തുടർന്നു. ഗോൾ കീപ്പർ ജോർദാൻ പിക്‌ഫോർഡിന്റെ തകർപ്പൻ സേവുകളാണ് ഇംഗ്ലണ്ടിന്റെ പരാജയ ഭാരം കുറച്ചത് എന്ന് തന്നെ പറയാം. അവസാനം 86-ആം മിനിറ്റിൽ തിങ്ങി നിറഞ്ഞ ഇംഗ്ലണ്ട് ആരാധകരെ നിശബ്ദരാക്കി കൊണ്ട് മൈക്കിൾ ഒയർസബാലിന്റെ വിജയ ഗോൾ എത്തി. ചടുല നീക്കങ്ങളിലൂടെ ഇംഗ്ലീഷ് പൂട്ട് പൊളിച്ച സ്പാനിഷ് മുന്നേറ്റ നിരയുടെ പ്രകടനം കൗതുക കാഴ്ചയായി മാറി.
ഇത് നാലാം തവണയാണ് സ്പെയിൻ യൂറോപ്പിലെ ചാമ്പ്യൻമാരാകുന്നത്. എന്നാൽ വർഷങ്ങളുടെ ഫുട്ബോൾ പാരമ്പര്യമുള്ള ഇംഗ്ലണ്ടിന് ഇതുവരെ യൂറോ കിരീടം സ്വന്തമാക്കാനായിട്ടില്ല. 2020-ലെ യൂറോ കപ്പിലും ഫൈനലിൽ എത്താൻ കഴിഞ്ഞ ഇംഗ്ലണ്ട് ഇറ്റലിയോട് അടിയറവ് പറയുകയായിരുന്നു.