പ്രതികള്‍ക്കായി പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ച സംഭവം; നിയമവകുപ്പിന് പരാതി നല്‍കി കോണ്‍ഗ്രസ്.

0
34

തിരുവനന്തപുരം: വയനാട്ടില്‍ പിഞ്ച് കുഞ്ഞ് പൊള്ളലേറ്റ് മരിച്ച കേസിലെ പ്രതികള്‍ക്കായി പബ്ലിക്ക് പ്രോസിക്യൂട്ടർ വാദിച്ച സംഭവത്തില്‍ നിയമവകുപ്പിന് പരാതി നല്‍കി കോണ്‍ഗ്രസ്. പബ്ലിക്ക് പ്രോസിക്യൂട്ടർ ആയിരിക്കെ സർക്കാരിനെതിരെ ഹാജരായതില്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമ വകുപ്പ് മന്ത്രി പി രാജീവിനാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ബിജെപിയും പരാതി നല്‍കിയിട്ടുണ്ട്.

ഗുരുതരമായി പൊള്ളലേറ്റ പിഞ്ച് കുഞ്ഞ് മതിയായ ചികിത്സ കിട്ടാതെ മരിച്ച കേസിലെ പ്രതികള്‍ക്കായാണ് പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടറായ ജോഷി മുണ്ടയ്ക്കല്‍ വാദിച്ച് ജാമ്യം വാങ്ങി നല്‍കിയത്. പ്രതികളുടെ വക്കാലത്ത് എടുത്തത് അഡ്വക്കേറ്റ് ഷിബിൻ മാത്യുവാണെങ്കിലും വാദിച്ചത് ജോഷി മുണ്ടയക്കലാണ്. സർക്കാരിനെതിരെ ഹാജരായത് ന്യായ വിരുദ്ധവും പ്രൊഫഷണല്‍ ധാർമികതയ്ക്ക് വിരുദ്ദവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഭവത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയത്. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്‍റും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ ഷംസാദ് മരയ്ക്കാർ നിയമ വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

പബ്ലിക്ക് പ്രോസിക്യൂട്ടർ എന്ന നിലയില്‍ ജോഷി മുണ്ടക്കൽ പനമരം പൊലീസിൽ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവെന്ന ആരോപണവും ഇതോടൊപ്പം ഉയർന്നിരുന്നു. ജോഷി മുണ്ടയ്ക്കലിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന് പരാതി നല്‍കിയത്. സർക്കാർ നൽകിയ സ്ഥാനം പബ്ലിക്ക് പ്രോസിക്യൂട്ടർ ദുരുപയോഗം ചെയ്തുവെന്നം ബിജെപി കുറ്റപ്പെടുത്തി. വിഷയത്തില്‍ മുസ്ലീം ലീഗും മാനന്താവാടിയില്‍ പ്രതിഷേധം നടത്തിയിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തിട്ടും നാട്ട് വൈദ്യന്‍റെ ചികിത്സ നല്‍കിയതിലാണ് പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് അൽത്താഫ്, നാട്ടുവൈദ്യനായ ഐക്കര കുടി ജോർജ് എന്നിവരാണ് കേസിലെ പ്രതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here