‘തെരഞ്ഞെടുപ്പില്‍ നിന്ന് പിന്നോട്ടില്ല’; പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ താനെന്ന് ജോ ബൈഡൻ.

0
53

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹം തള്ളി ജോ ബൈഡൻ. പിന്മാറാൻ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പിൽ മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കി. നാറ്റോ സമ്മേളനത്തിനിടെയുള്ള വാർത്താസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ താനെന്നും ജോ ബൈഡൻ പ്രതികരിച്ചു. ട്രംപിനെ ഒരിക്കൽ തോൽപ്പിച്ചു, വീണ്ടും പരാജയപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തി പ്രാപിക്കുന്നതിനിടെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കുന്നത്. പിന്മാറാൻ ആലോചിക്കുന്നില്ലെന്നും താൻ മുന്നോട്ട് തന്നെയെന്ന് ബൈഡൻ വ്യക്തമാക്കി. തന്റെ ഭരണ കാലയളവിൽ സാമ്പത്തിക മേഖല വൻ പുരോഗതി കൈവരിച്ചു. തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് വീണ്ടും മത്സരിക്കുന്നതെന്ന് ജോ ബൈഡൻ പ്രതികരിച്ചു. കമല ഹാരിസ് മികച്ച പ്രസിഡന്റ് ആകാൻ കഴിവുള്ള നേതാവാണെന്നും ബൈഡൻ പറഞ്ഞു. അതിനിടെ, നാറ്റോ സമ്മേളനത്തിനിടെ ജോ ബൈഡന് നാക്കുപിഴ സംഭവിച്ചത് വന്‍ ചര്‍ച്ചയായി. യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയെ, പ്രസിഡന്റ് പുടിൻ എന്നാണ് ബൈഡൻ അഭിസംബോധന ചെയ്തത്. എന്നാൽ തെറ്റ് മനസ്സിലാക്കി ബൈഡൻ ഉടൻ തിരുത്തി.

അതേസമയം, ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ന്യൂയോർക്ക് ടൈംസ് രംഗത്തെത്തി. അമേരിക്കയെ നയിക്കാൻ ട്രംപ് അയോഗ്യനെന്ന് ന്യൂ യോർക്ക് ടൈംസിന്‍റെ പത്രാധിപ സമിതി അഭിപ്രായപ്പെട്ടു. ട്രംപിന്റെ സ്വഭാവവും പ്രവൃത്തികളും അമേരിക്കൻ ജനാധിപത്യത്തിനും ഭരണഘടനക്കും ഭീഷണിയാണെന്ന് ടൈംസിന്‍റെ മുഖപ്രസംഗം. രാജ്യതാൽപര്യങ്ങൾക്കെതിരെയാണ് ട്രംപ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം സങ്കുചിത താല്പര്യങ്ങൾ മാത്രമാണ് ട്രംപിന് മുഖ്യമെന്നും ടൈംസ് വിമര്‍ശിച്ചു. Unfit to Lead എന്ന ലേഖനത്തിലാണ് ട്രംപിനെതിരായ പരാമർശങ്ങൾ. ട്രംപിന്റെ രണ്ടാമൂഴം തിരസ്കരിക്കാൻ വോട്ടർമാർക്ക് ന്യൂയോർക്ക് ടൈംസ് ആഹ്വാനവും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here