കൊച്ചി: ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉയരുന്ന നാല് മാളുകളുടെ നിർമാണം അവസാനഘട്ടത്തിലേക്ക്. കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലയിലെ തിരൂർ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് മാളുകളുടെ നിർമാണ പ്രവർത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
ഈ നാല് മാളുകളില്‍ ഏറ്റവും വലുതായ കോഴിക്കോട് ലുലു മാള്‍ ആകും ആദ്യം നിർമാണ പ്രവർത്തികള്‍ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുകയെന്നാണ് ലുലു ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഈ മാസം അവസാനം അല്ലെങ്കില്‍ അടുത്ത മാസം കോഴിക്കോടുള്ള ലുലു മാള്‍ പ്രവർത്തനമാരംഭിക്കും. മാളിലേക്ക് ആവശ്യമായ സ്റ്റാഫിന്റെ ഇന്റർവ്യൂ കഴിഞ്ഞ മാസം കോഴിക്കോട് വെച്ച് നടന്നിരുന്നു. ഇത് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ ഓരോ മാളുകളായി പ്രവർത്തനം തുടങ്ങും. കോഴിക്കോട് മാങ്കാവിലാണ് ലുലു മാള്‍ ഉയരുന്നത്. 3.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലുലു മാള്‍ ആയിരിക്കും. 1.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുളള ലുലു ഹൈപ്പർമാർക്കറ്റാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.
കോഴിക്കോട്ടെ ലുലു മാളിൻ്റെ ഉദ്ഘാടനത്തിന് പിന്നാലെ കോട്ടയം ജില്ലയിലെ ലുലു മാളും പ്രവർത്തനം ആരംഭിക്കും. എംസി റോഡില്‍ നാട്ടകം മണിപ്പുഴ ജങ്ഷനിലാണ് ലുലു മാള്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. 28,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് മാള്‍. 25ലധികം ബ്രാൻഡുകള്‍ മാളിന്റെ ഭാഗമാകും. 800 ചതുരശ്ര മീറ്ററുള്ള ഫാമിലി എൻ്റർടെയ്ൻമെൻ്റ് സെൻ്ററാണ് ലുലു മാളിൻ്റെ മുഖ്യ ആകർഷണം.
മലപ്പുറം പെരിന്തല്‍മണ്ണയിലെ ലുലു മാളും പ്രവർത്തനത്തിനൊരുങ്ങുകയാണ്. 3.5 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് മാള്‍ ഒരുങ്ങുന്നത്. പാലക്കാട് റോഡില്‍ മൂന്നര ലക്ഷം സ്ക്വയർ ഫീറ്റില്‍ ആകെ നാല് നിലകളിലായാണ് മാള്‍ നിർമാണം നടക്കുക. 600 പേർക്ക് ഒരുമിച്ചിരിക്കാവുന്ന ഫുഡ് കോർട്ട് മാളിന്റെ ഭാഗമാണ്.
മലപ്പുറം ജില്ലയിലെ തന്നെ തിരൂരിലും മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. തിരൂരില്‍ കുറ്റിപ്പുറം റോഡില്‍ തൃക്കണ്ടിയൂർ ഭാഗത്തായി പൂങ്ങോട്ടുകുളത്താണ് മാള്‍ നിർമാണം നടക്കുന്നത്. ഇതിന്റെ ഉദ്ഘാടനവും വൈകാതെ ഉണ്ടാകും. നിലവില്‍ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലു മാളുകള്‍ പ്രവർത്തിച്ചുവരുന്നത്.