ആലപ്പുഴ മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതി കലയുടെ മൃതദേഹം കണ്ടെത്തിയതോടെ ദുരൂഹതകളേറുന്നു. കൊലപാതകമാണെന്ന് ഉറപ്പിച്ച കേസിൽ ഒന്നാം പ്രിതിയായി കലയുടെ ഭർത്താവ് അനിലിനെ പ്രതിചേർത്തിരിക്കുകയാണ്. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം നശിപ്പിച്ചു.
2009 ലാണ് സംഭവം നടന്നത്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടക്കുന്നത്. ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ കേസിൽ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല.
അനിൽ കുമാർ നിലവിൽ വിദേശത്താണ്. ഇയാളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. നിലേവിൽ അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതികളെ തെളിവെടുപ്പിനായി എത്തിക്കാനും ശേഷം ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കാനുമാണ് പോലീസ് തീരുമാനം. എന്നാൽ കലയെ കാണാതായ ഘട്ടത്തിൽ ബന്ധുക്കൾ പരാതി നൽകുകയോ കലയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ല എന്നുള്ളതും പോലീസ് അന്വേഷിക്കും. കലയെ കാണാതായതിന് പിന്നാലെ അനിൽ അന്ന് പോലീസ് പരാതി നൽകിയിരുന്നു. എന്നാൽ അന്ന് കേസെടുക്കാനോ സംഭവം അന്വേഷിക്കാനോ പോലീസ് തയ്യാറായില്ല. ഇതും അന്വേഷണ സംഘം അന്വേഷിക്കും.