പാരഡൈസ്: കോപ്പാ അമേരിക്കയിലെ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ പരാഗ്വയെ തകര്‍ത്ത് ബ്രസീല്‍. 4-1നാണ് കാനറികള്‍ വിജയ കാഹളം മുഴക്കിയത്. ബ്രസീലിന്റെ കരുത്ത് കണ്ട മത്സരത്തില്‍ ആധിപത്യ ജയമാണ് ടീം നേടിയെടുത്തത്. ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയോട് സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് പരാഗ്വയ്‌ക്കെതിരേ വമ്പന്‍ ജയം നേടാന്‍ സാധിച്ചതോടെ രണ്ടാം സ്ഥാനത്തേക്ക് ടീം ഉയര്‍ന്നു. രണ്ട് മത്സരവും ജയിച്ച കൊളംബിയ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്.
4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങിയ ബ്രസീലിനെ 4-3-3 ഫോര്‍മേഷനിലാണ് പരാഗ്വ നേരിട്ടത്. തുടക്കം മുതല്‍ ബ്രസീല്‍ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. എന്നാല്‍ ശക്തമായ പ്രതിരോധത്തോടെ ആദ്യ സമയത്ത് ബ്രസീലിനെ വിറപ്പിക്കാന്‍ പരാഗ്വയ്ക്കായി. 15ാം മിനുട്ടില്‍ പരാഗ്വയ്ക്ക് അക്കൗണ്ട് തുറക്കാന്‍ അവസരം ലഭിച്ചതാണ്. ഡാമിയന്‍ ബാബഡില്ലയുടെ മികച്ച ഷോട്ട് അലിസന്‍ ഗംഭീരമായി സേവ് ചെയ്തു.
16ാം മിനുട്ടില്‍ മിഗ്യുസ് അല്‍മിറോന്‍ കോര്‍ണറില്‍ നിന്ന് മികച്ച ക്രോസ് ബോക്‌സിലേക്ക് നല്‍കിയെങ്കിലും മുതലാക്കാനായില്ല. ബ്രസീല്‍ പ്രതിരോധ നിര ഈ ശ്രമം തടുത്തു. 23ാം മിനുട്ടില്‍ റോഡ്രിഗോ കോര്‍ണറില്‍ നിന്ന് ബോക്‌സിലേക്ക് നല്‍കിയ ക്രോസിനെ മാര്‍ക്കിഞ്ഞോസ് ഹെഡ് ചെയ്ത് ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പോയി. 30ാം മിനുട്ടില്‍ ബ്രസീലിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചു.
ബോക്‌സിനുള്ളില്‍വെച്ച് പരാഗ്വ താരം ആന്‍ഡ്രിയാസ് കുബാസ് ഹാന്റ്‌ബോളായതിനെത്തുടര്‍ന്നാണ് പെനല്‍റ്റി അനുവദിച്ചത്. എന്നാല്‍ കിക്കെടുത്ത ലൂക്കാസ് പക്വേറ്റക്ക് പിഴച്ചു. കിക്ക് പോസ്റ്റിന്റെ വലത് ഭാഗത്തുകൂടി പുറത്തേക്ക് പോയി. എന്നാല്‍ 35ാം മിനുട്ടില്‍ ബ്രസീല്‍ അക്കൗണ്ട് തുറന്നു. പെനല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് നടത്തിയ മനോഹര നീക്കങ്ങള്‍ക്കൊടുവില്‍ വിനീഷ്യസ് ജൂനിയര്‍ വലകുലുക്കുകയായിരുന്നു. ലീഡെടുത്തതോടെ ആക്രമണം കടുപ്പിച്ച ബ്രസീല്‍ തുടരെ പരാഗ്വ ഗോള്‍മുഖം ആക്രമിച്ചു.
43ാം മിനുട്ടില്‍ പരാഗ്വയെ ഞെട്ടിച്ച് ബ്രസീല്‍ ലീഡുയര്‍ത്തി. സാവിയോയാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. ഓഫ് സൈഡ് ആണോ എന്ന സംശയത്തെത്തുടര്‍ന്ന് റഫറി വാര്‍ പരിശോധന നടത്തിയതിനൊടുവിലാണ് ബ്രസീലിന് ഗോള്‍ അനുവദിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത് ബ്രസീല്‍ മൂന്നാം ഗോളും സ്വന്തമാക്കി. പരാഗ്വ പ്രതിരോധ നിരയുടെ പിഴവ് മുതലാക്കി വിനീഷ്യസ് ജൂനിയറാണ് വല കുലുക്കിയത്. ഇതോടെ ആദ്യ പകുതി പിരിയുമ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ലീഡ് ബ്രസീല്‍ സ്വന്തമാക്കി.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലേ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷ പരാഗ്വ നല്‍കി. 48ാം മിനുട്ടില്‍ പ്രതിരോധ താരം അല്‍ഡറേറ്റയാണ് ബോക്‌സിന് പുറത്ത് നിന്ന് മിന്നല്‍ ഷോട്ടിലൂടെ വലകുലുക്കിയത്. എന്നാല്‍ പിന്നീട് പ്രതിരോധം കടുപ്പിച്ച ബ്രസീല്‍ 65ാം മിനുട്ടില്‍ നാലാം ഗോള്‍ നേടി. പെനല്‍റ്റി വലയിലെത്തിച്ച് പക്വറ്റ ആദ്യ പിഴവിന് പ്രായശ്ചിത്തം ചെയ്തു. പിന്നീട് ഗോള്‍ പിറക്കാതെ വന്നതോടെ 4-1ന്റെ ജയം ബ്രസീലിന് സ്വന്തം.