ബെംഗളൂരു: ജൂൺ 7ന് നമ്മ മെട്രോയുടെ ഡ്രൈവറില്ലാ മെട്രോ സർവ്വീസിന്റെ സിഗ്നല്‍ ടെസ്റ്റ് തുടങ്ങും. ഇതിനകം തന്നെ ഡ്രൈവറില്ലാതെ ഓടുന്ന ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. നമ്മ മെട്രോയുടെ യെല്ലോ ലൈനിലാണ് ഡ്രൈവർലെസ് മെട്രോകൾ ഓടുക. ഡിസംബർ മാസത്തിൽ തന്നെ ഈ ലൈനിൽ മെട്രോ സർവീസ് തുടങ്ങും.
തുടക്കത്തിൽ യെല്ലോ ലൈനിൽ ഓരോ 20 മിനിറ്റ് ഇടവിട്ടാണ് മെട്രോ ഓടുക. സാധാരണ മെട്രോയുടെ സിഗ്നൽ സർവീസിൽ നിന്ന് വ്യത്യസ്തമാണ് ഡ്രൈവർലെസ് മെട്രോകളുടേത്. ഇക്കാരണത്താൽ തന്നെ ഈ സിഗ്നൽ സംവിധാനമുള്ള മെട്രോ ലൈനിൽ മറ്റ് മെട്രോ ട്രെയിനുകൾക്ക് ഓടാൻ കഴിയില്ല.
അതെസമയം നമ്മ മെട്രോയുടെ മൂന്നാംഘട്ട നിർമ്മാണ പ്രവൃത്തികൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. ഇതിനായി ഭൂ സർവ്വേകൾ തുടങ്ങിക്കഴിഞ്ഞു. മൂന്നാം ഘട്ടത്തിൽ ഡബിൾ ഡക്കർ മെട്രോ അടക്കമുള്ള സാധ്യതകൾ കൊണ്ടുവരാനിടയുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഇത്തരം ട്രെയിനുകൾ ഓടിക്കാനാണ് ആലോചിക്കുന്നത്. 2024 അവസാനത്തോടെ രണ്ടാംഘട്ടം പൂർത്തിയാകുമെന്നാണ് വിവരം. ഇതിനു പിന്നാലെ 2025 ആദ്യത്തിൽ തന്നെ മൂന്നാംഘട്ടം ഊർജ്ജിതമാക്കും.
രണ്ടു വർഷത്തിനുള്ളിൽ നമ്മ മെട്രോയുടെ രണ്ടാഘട്ടത്തിന് ഒരു അനുബന്ധം കൂടി പൂർത്തിയാകും. ഫെസ് 2ബി എന്നറിയപ്പെടുന്ന ഈ സ്ട്രെച്ച് വിമാനത്താവളത്തിലേക്കുള്ളതാണ്. ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 2026 ജൂണോടെ മെട്രോ എത്തിക്കാനാണ് പദ്ധതി. നഗരത്തിൽ നിന്ന് ഏറെ അകലെയുള്ള വിമാനത്താവളത്തിലേക്ക് മെട്രോ എത്തുന്നതോടെ ബെംഗളൂരു ജീവിതത്തിന് കുറെക്കൂടി ആകർഷകത്വം വരും.