അംബാല: ഡല്‍ഹി – ജമ്മു ദേശീയപാതയില്‍ ട്രക്കും മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം.
ജമ്മുവിലെ വൈഷ്ണോ ദേവിയിലേക്ക് തീർഥാടനയാത്രക്ക് പോവുകയായിരുന്ന 30 അംഗ കുടുംബം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ 20 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഹരിയാനയിലെ അംബാലയ്ക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ട്രക്ക് സഡൻ ബ്രേക്കിടുകയും, ബസ് ഇതിനു പിന്നിലേക്ക് ഇടിച്ചു കയറുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ബസിന്റെ മുൻവശം പൂർണമായും തകർന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നുള്ള സംഘമാണ് ബസിലുണ്ടായിരുന്നത്.