മരങ്ങളെ കെട്ടിപ്പിടിച്ച് പുതിയ ഗിന്നസ് ലോക റെക്കോര്‍ഡിട്ട് യുവാവ്. മണിക്കൂറില്‍ 1100ലധികം മരങ്ങളെ കെട്ടിപ്പിടിച്ചാണ് ഇദ്ദേഹം പുതിയ ലോക റെക്കോര്‍ഡിട്ടത്. ഘാനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ അബൂബക്കര്‍ താഹിറുവാണ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ അബൂബക്കര്‍ മണിക്കൂറില്‍ 1123 മരങ്ങളെ കെട്ടിപ്പിടിച്ചാണ് ഗിന്നസിലിടം നേടിയത്. അതായത് ഒരു മിനിറ്റില്‍ 19 മരങ്ങളെയാണ് അദ്ദേഹം ആലിംഗനം ചെയ്തത്.
യുഎസിലെ അലബാമയിലെ ടസ്‌കെഗീ നാഷണല്‍ വനത്തിലാണ് റെക്കോര്‍ഡിനായുള്ള പ്രകടനം നടന്നത്. രണ്ട് കൈയ്യും കോര്‍ത്ത് മരത്തെ കെട്ടിപ്പിടിക്കണമെന്നായിരുന്നു അധികൃതര്‍ നല്‍കിയ നിബന്ധന. ഒരിക്കല്‍ കെട്ടിപ്പിടിച്ച മരത്തെ വീണ്ടും ആലിംഗനം ചെയ്യാന്‍ പാടില്ല. ഇതിനിടയില്‍ മരങ്ങള്‍ക്ക് കേടുപാട് വരുത്താനോ പാടില്ലെന്നും അങ്ങനെ വരുത്തിയാല്‍ അയോഗ്യത കല്‍പ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അബുബക്കര്‍ മരങ്ങളെ കെട്ടിപ്പിടിച്ചത്.
അബൂബക്കറിന്റെ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഗിന്നസ് അധികൃതര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വനത്തിലൂടെ ഓടുന്ന അബുബക്കര്‍ മരങ്ങളെ വളരെ വേഗം കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏകദേശം പത്ത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. മരങ്ങള്‍ക്കിടയിലൂടെ വേഗത്തില്‍ നീങ്ങി ഓരോ മരത്തെയും കെട്ടിപ്പിടിക്കുകയെന്നതായിരുന്നു തന്റെ ജോലി. റെക്കോര്‍ഡിനായുള്ള പ്രകടനം നടന്ന ദിവസം താന്‍ ഉപവാസത്തിലായിരുന്നു. വെള്ളം പോലും കുടിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് അബൂബക്കര്‍ പറഞ്ഞു.
‘‘വലിയൊരു അംഗീകാരമായി ഈ ലോക റെക്കോര്‍ഡിനെ ഞാന്‍ കാണുന്നു. നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിനും ആവാസ വ്യവസ്ഥയുടെ മുന്നോട്ട് പോക്കിനും മരങ്ങള്‍ ആവശ്യമാണെന്ന് തെളിയിക്കുന്ന പ്രവൃത്തിയാണിത്,’’ അബൂബക്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് അബൂബക്കര്‍ അലബാമയിലേക്ക് താമസം മാറിയത്. ഓബണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായാണ് അദ്ദേഹം അലബാമയിലേക്ക് എത്തിയത്.
Like this:
Like Loading...