ആലപ്പുഴ: എട്ടുമാസത്തോളം പരാതി നൽകി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ സിപിഎം കൊടിമരം പിഴുതെടുത്ത് സിപിഎം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും. പിന്നാലെ സിപിഎം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136 പേർ സിപിഎം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ചേർത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളും അടക്കമുള്ളവരാണ് ബിജെപിയിൽ ചേർന്നത്. പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിമുടക്കി സിപിഎം സ്ഥാപിച്ച കൊടിമരം പൊളിച്ചുമാറ്റണമെന്ന വീട്ടുകാരുടെ അഭ്യർത്ഥന പാർട്ടി നേതൃത്വം ചെവിക്കൊള്ളാതെ വന്നതോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെത്തി കൊടിമരം നീക്കം ചെയ്തത്.
കൊടിമരം പൊളിക്കുന്നത് തടയാൻ സിപിഎം വാർഡ് കൗൺസിലർ എത്തിയതോടെ സംഘർഷാവസ്ഥയുമുണ്ടായി. എട്ടുമാസത്തോളം പരാതി നൽകി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഞായറാഴ്ചയാണ് കൊടിമരം നീക്കിയത്. സ്ത്രീകളടക്കമുള്ളവരാണ് സിപിഎമ്മിന്റെ കൊടിമരം പൊളിച്ചു നീക്കിയത്. താൽക്കാലികമായി സ്ഥാപിച്ച കൊടിമരം ചിലരുടെ പിടിവാശിയെ തുടർന്ന് സ്ഥിരമാക്കി. കൊടിമരം വഴിയ്ക്കു കുറുകെ സ്ഥാപിച്ചതിനാൽ സാധനങ്ങൾ എത്തിക്കാനാകാതെ വീടുനിർമാണവും മുടങ്ങി.
ഗൃഹനാഥനായ വെളിങ്ങാട്ട് ചിറ പുരുഷോത്തമൻ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിട്ടും പരിഹാരമുണ്ടായില്ല. സിപിഎം ജില്ലാ സെക്രട്ടറി മുതൽ പാർട്ടിയുടെ എല്ലാ ഘടകത്തിലും പൊലിസിലും പരാതി നൽകിയെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞു. ഇതോടെയാണ് സ്ത്രീകൾ ഇറങ്ങി കൊടിമരം വഴിയുടെ നടുവിൽ നിന്ന് നീക്കിയത്. കൊടിമരം നീക്കുന്നതിന് തടസം നിൽക്കുന്നു എന്ന ആരോപണം നേരിടുന്ന സിപിഎം കൗൺസിലർ അനൂപ് ചാക്കോ തടയാൻ ശ്രമിച്ചിട്ടും സ്ത്രീകൾ പിൻമാറിയില്ല.